നവീന്‍ ബാബുവിന്റെ മരണത്തിന് കാരണം പി.പി ദിവ്യയാണെന്ന ആരോപണം തെളിഞ്ഞു

Spread the love

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (09/03/2025).

നവീന്‍ ബാബുവിന്റെ മരണത്തിന് കാരണം പി.പി ദിവ്യയാണെന്ന ആരോപണം തെളിഞ്ഞു; പ്രതികളെ സംരക്ഷിക്കുന്ന സി.പി.എമ്മും പ്രതിക്കൂട്ടില്‍; ആരുടെ ബിനാമി പണം ഉപയോഗിച്ചാണ് പമ്പ് നിര്‍മ്മിച്ചതെന്ന് കണ്ടെത്തണം; സി.പി.എമ്മിന്റേത് നയരേഖയല്ല, അവസരവാദ രേഖ; സി.പി.എമ്മിന്റെ വലതു നിലപാടില്‍ ബി.ജെ.പി പോലും നാണംകെട്ടു നില്‍ക്കുന്നു; ഡല്‍ഹിയിലെ അണ്ണന്റെ പിന്നാലെയാണ് കേരളത്തിലെ തമ്പിയും പോകുന്നത്; ഭരണതുടർച്ച CPM ൻ്റെ ആഗ്രഹം, സ്വപ്നം കാണുന്നതിൽ തെറ്റില്ല.

കൊച്ചി : നവീന്‍ ബാബുവിന്റെ കുടുംബവും കേരളത്തിലെ പ്രതിപക്ഷവും ആരോപിക്കുന്നതു പോലെ മരണത്തിന് ഉത്തരവാദി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗൂഢാലോചന നടത്തിയാണ് എ.ഡി.എമ്മിന് ആത്മഹത്യ ചെയ്യാനുള്ള സമ്മര്‍ദ്ദം ഉണ്ടാക്കിയക്കൊടുത്തത്. കളക്ടറുമായി കൂടിയാലോചിച്ച് വിളിക്കപ്പെടാത്ത ഒരു സദസില്‍ പോയി എ.ഡി.എമ്മിനെ അപമാനിച്ച് അത് വീഡിയോയില്‍ പകര്‍ത്തി അതു വാങ്ങി വ്യാപകമായി പ്രചരിപ്പിച്ച് സത്യസന്ധനായ മനുഷ്യനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ചു. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാത്രമാണ് സി.പി.എം മാറ്റിയത്. നവീന്‍ ബാബുവിന്റെ വീട്ടിലെത്തി നിങ്ങളോടൊപ്പമാണെന്ന് പറഞ്ഞ എം.വി ഗോവിന്ദന്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയെ അയച്ചാണ് ജയിലില്‍ നിന്നും ഇറങ്ങിയ പി.പി ദിവ്യയെ സ്വീകരിച്ചത്. എന്ത് സന്ദേശമാണ് സര്‍ക്കാരും സി.പി.എമ്മും ജനങ്ങള്‍ക്ക് നല്‍കുന്നത്. പരിയാരം മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ജീവനക്കാരനായ പ്രശാന്തന്റേതല്ല പെട്രോള്‍ പമ്പ്. പമ്പ് ആരുടേതാണെന്നു കൂടി പൊലീസ് അന്വേഷണത്തില്‍ പുറത്തുവരണം. ആര്‍ക്കു വേണ്ടിയാണ് പി.പി ദിവ്യ ഇത്ര വാശിയോടെ ഇടപെട്ടത്. റോക്കറ്റ് വേഗതയില്‍ പമ്പിന് അനുമതി കിട്ടണമെന്ന വാശി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഉണ്ടാകാന്‍ കാരണമെന്താണ്. ദിവ്യ ജയിലില്‍ ആയപ്പോള്‍ സി.പി.എം നേതാക്കള്‍ എന്തിനാണ് അവരെ ഭയപ്പെട്ടത്? അവരെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് പ്രധാനപ്പെട്ട നേതാക്കളെ വിട്ട് അവരെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചത്. ദിവ്യയ്ക്ക് അറിയാവുന്ന രഹസ്യം പുറത്തു പറഞ്ഞാലും പാര്‍ട്ടി അപകടത്തിലാകും. ആരുടെ ബിനാമി പണം ഉപയോഗിച്ചാണ് പമ്പ് നിര്‍മ്മിച്ചത്? അവര്‍ കൂടി ഈ മരണത്തിന് ഉത്തരവാദികളാണ്. അത് മൂടി വയ്ക്കാനാണ് ശ്രമിക്കുന്നത്. പമ്പ് ആരുടേതാണെന്ന് സി.പി.എമ്മും സര്‍ക്കാരും വ്യക്തമാകണം. പ്രതികളെ സംരക്ഷിക്കുന്ന സി.പി.എമ്മും പ്രതിക്കൂട്ടിലാണ്. ഈ റിപ്പോര്‍ട്ട് പൊലീസ് അന്വേഷണത്തിന്റ ഭാഗമാകണം. കേസ് അട്ടിമറിക്കപ്പെടുകയാണെങ്കില്‍ അതൊന്നു കണണമല്ലോ. ഭരണത്തിന്റെ തണലില്‍ പാര്‍ട്ടി നേതാക്കള്‍ അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളായി മാറുകയാണ്. ഒന്നിലേറെ കുറ്റവാളികള്‍ ഈ ഗൂഡാലോചനയ്ക്ക് പിന്നിലുണ്ട്. നീതിപൂര്‍വകമായ അന്വേഷണം നടക്കുന്നില്ലെന്ന കുടുംബത്തിന്റെ ഉത്കണ്ഠ പ്രധാനമാണ്.

സി.പി.എമ്മിലേത് നയരേഖയല്ല, അവസരവാദ രേഖയാണ്. ഇവര്‍ പറഞ്ഞതൊക്കെ തിരുത്തിക്കൊണ്ടിരിക്കുകയാണ്. നാട് മുഴുവന്‍ സമരം ചെയ്ത് കുട്ടിച്ചോറാക്കിയ ആളുകളാണിവര്‍. എന്നിട്ടാണ് ഇപ്പോള്‍ സൗകര്യം പോലെ തിരുത്തുന്നത്. ഒരു നാടിനെ സാമ്പത്തികമായ തകര്‍ത്ത് തരിപ്പണമാക്കി, ഖജനാവില്‍ പൂച്ചപെറ്റുകിടക്കുകയാണ്. എല്ലാ സ്ഥാപനങ്ങളും സ്തംഭിച്ചു. ഇവരുടെ ദുര്‍ഭരണം കൊണ്ടും ഫിനാന്‍ഷ്യല്‍ മിസ്മാനേജ്‌മെന്റ് കൊണ്ടും കേരളത്തെ തകര്‍ത്തതിന് ശേഷം നയം മാറ്റത്തിലൂടെ സെസും ഫീസും ഏര്‍പ്പെടുത്തി വീണ്ടും ജനങ്ങളെ കൊല്ലാന്‍ വരികയാണ്. ഇവരുടെ ദുര്‍ഭരണത്തിന് ബലിയാടാകുന്നത് ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സാധാരണ മനുഷ്യരാണ്. ഇവര്‍ പെന്‍ഷനും ക്ഷേമനിധിയും നല്‍കാത്ത ആളുകളില്‍ നിന്നു തന്നെയാണ് വീണ്ടും സെസും ഫീസും വാങ്ങാന്‍ പോകുകയാണ്. ഭരണത്തുടര്‍ച്ചയെന്നത് അവരുടെ ആഗ്രഹമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി സ്വപ്‌നം കാണുന്നതില്‍ തെറ്റില്ല. തോറ്റു പോകട്ടെന്ന് ഒരു സംസ്ഥാന സമ്മേളനത്തിന് തീരുമാനിക്കാനാകില്ല.

എല്ലാ കാര്യത്തിലുമുള്ള നയത്തില്‍ മാറ്റം വരുത്തുന്നത് നല്ലതല്ല. അങ്ങനെ വന്നാല്‍ അത് വില്‍പനയാകും. ഡല്‍ഹിയില്‍ നടത്തുന്ന വില്‍പന തന്നെയാണ് ഇവിടെയും നടത്തുന്നത്. ഇവര്‍ ഇടതുപക്ഷമല്ല തീവ്രവലതുപക്ഷമാണ്. ഇവര്‍ ഇടതുപക്ഷമോ കമ്മ്യൂണിസ്‌റ്റോ അല്ല. സംഘ്പരിവാര്‍ സര്‍ക്കാര്‍ ചെയ്യുന്നതു പോലെ ഇവര്‍ പ്ലാനില്‍ നിന്നും പിന്‍മാറി വന്‍കിട പദ്ധതികള്‍ക്കു പിന്നാലെ പോകുകയാണ്. കോണ്‍ഗ്രസിന് പ്ലാനിങ് ഉണ്ടായിരുന്നു. ഞങ്ങളുടെ എല്ലാ തീരുമാനങ്ങളും ഇടതുപക്ഷ സ്വഭാവമുള്ളതായിരുന്നു. കോണ്‍ഗ്രസാണ് തൊഴിലുറപ്പ് പദ്ധതിയും എന്‍.ആര്‍.എച്ച്.എമ്മും വിദ്യാഭ്യാസ അവകാശ നിയമവും കൊണ്ടുവന്നത്.

പ്രതിപക്ഷം വികസന വിരോധികളെന്നു സി.പി.എം പറയുന്നതു തന്നെ വലതുപക്ഷ ലൈനാണ്. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ദേശവിരുദ്ധരാക്കുന്നത് ബി.ജെ.പി ലൈനാണ്. കേരളത്തിലാണെങ്കില്‍ അത് സംസ്ഥാന വിരുദ്ധരാകും. രണ്ടും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ചേട്ടന്റെ പിന്നാലെ പോകുകയാണ് അനിയന്‍. അണ്ണനും തമ്പിയുമാണ്. അണ്ണന്റെ പിന്നാലെ കേരളത്തിലെ തമ്പി പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ബാങ്ക് ദേശസാല്‍ക്കരണം ഉള്‍പ്പെടെ നടത്തിയ കോണ്‍ഗ്രസ് നെഹ്‌റുവിന്റെ കാലമുതല്‍ക്കെ ഇടതുപക്ഷമാണ്. റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ ആക്ട് കൊണ്ടു വന്ന് വികസനത്തിന്റെ പേരില്‍ പാവങ്ങളെ തെരുവിലേക്ക് ഇറക്കി വിടുന്നതില്‍ നിന്നും സംരക്ഷണം നല്‍കിയത്. ഇടതുപക്ഷ തീരുമാനങ്ങളൊക്കെ എടുത്തത് കോണ്‍ഗ്രസാണ്. യാഥാര്‍ത്ഥ ഇടതുപക്ഷം കോണ്‍ഗ്രസാണ്. സി.പി.എം തീവ്രവലതുപക്ഷമാണ്. ബി.ജെ.പി പോലും ഇക്കാര്യത്തില്‍ സി.പി.എമ്മിന് മുന്നില്‍ നാണംകെട്ടു നില്‍ക്കുകയാണ്. അതാണ് അവസരവാദ രേഖയെന്ന് പറയുന്നത്. സീതാറാം യെച്ചൂരിയുടെ രേഖ വായിച്ചിട്ടുണ്ടോയെന്നാണ് എന്നോട് പ്രകാശ് കാരാട്ട് എന്നോട് ചോദിച്ചത്. ഞാന്‍ സീതാറാം യെച്ചൂരിയുടെ ഫാസിസത്തിന് എതിരായ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് ആണെന്നതായിരുന്നു യെച്ചൂരിയുടെ നിലപാട്. യെച്ചൂരിയുടെ ഈ നിലപാട് വ്യക്തിപരമല്ല. പാര്‍ട്ടിയുടെ കൂടി നിലപാടായിരുന്നു. അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോള്‍ ആ ചുമതല വഹിക്കുന്ന പ്രകാശ് കാരാട്ട് എങ്ങനെയാണ് മോദി സര്‍ക്കാര്‍ ഫാസിസ്റ്റുമല്ല, നവ ഫാസിസ്റ്റും അല്ലെന്ന നിലപാട് സ്വീകരിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്നത് ഫാസിസ്റ്റ് ഭരണമെന്നാണ് ബി.ജെ.പി വിരുദ്ധ ചേരിയിലെ എല്ലാ കക്ഷികളും പറയുന്നത്. എന്നിട്ടാണ് സി.പി.എം ഈ നിലപാട് സ്വീകരിക്കുന്നത്. സി.പി.എം മോദി സര്‍ക്കാരിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പി.ബി അംഗങ്ങളുടെ ഭീഷണിപ്പെടുത്തലിലാണ് പ്രകാശ് കാരാട്ട് വഴങ്ങിയിരിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *