സംസ്കൃത സർവ്വകലാശാലയിൽ അഖിലേന്ത്യ അന്തർ സർവ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യൻഷിപ്പ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂർത്തിയായി.
മയക്കുമരുന്നിന്റെയും ലഹരിപദാർത്ഥങ്ങളുടെയും അടിമകളായി മാറിക്കൊണ്ടിരിക്കുന്ന യുവതലമുറയെ ജീവിതശൈലിയിലൂന്നിയ ആരോഗ്യസംസ്കാരത്തിലേക്ക് നയിക്കുവാൻ കായികമേഖലയ്ക്ക് കഴിയണമെന്ന് റോജി എം. ജോൺ എം.എൽ.എ. പറഞ്ഞു. അസോസി യേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ ആഭിമുഖ്യത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അഖിലേന്ത്യ അന്തർ സർവ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യൻഷിപ്പിന്റെ (പുരുഷ വിഭാഗം) ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയിൽ സ്പോർട്സിന് കൂടുതൽ പ്രചാരം നല്കണം. സമകാലിക സാഹചര്യങ്ങളിൽ യുവതലമുറ നേരിടുന്ന വിഭിന്നങ്ങളായ വെല്ലുവിളി കൾക്ക് നിർദ്ദേശിക്കാവുന്ന ആരോഗ്യകരമായ ബദലാണ് സ്പോർട്സ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്പോർട്സിന് കൂടുതൽ പ്രാധാന്യം നല്കണം. രാജ്യത്ത് നവീനവും സുശക്തവുമായ കായികസംസ്കാരം പടുത്തുയർത്തുന്നതിൽ ബോഡി ബിൽഡിംഗിനുള്ള പങ്ക് പ്രധാനപ്പെട്ടതാണ്. ജീവിതശൈലീരോഗങ്ങളെ ഫലപ്രദമായി നേരിടുവാൻ സ്പോർട്സി ലൂടെയും ബോഡി ബിൽഡിംഗിലൂടെയും കഴിയുന്നു, റോജി എം. ജോൺ എം.എൽ.എ. പറഞ്ഞു.
വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അദ്ധ്യക്ഷയായിരുന്നു. സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസ്സി മാത്യു, രജിസ്ട്രാർ ഡോ. മോത്തി ജോർജ്, കാലിക്കറ്റ് സർവ്വകലാശാല കായിക പഠന വിഭാഗം മേധാവി ഡോ. സക്കീർ ഹുസൈൻ വി. പി., ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കായിക പഠന വിഭാഗം മേധാവി പ്രൊഫ. ദിനു എം. ആർ., അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് നിരീക്ഷകൻ ഡോ. ജോ ജോസഫ്, ഇന്ത്യൻ ബോഡി ബിൽഡേഴ്സ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ചേതൻ പട്ടാരെ, അർജ്ജുന അവാർഡ് ജേതാവ് ടി. വി. പോളി, കേരള ബോഡി ബിൽഡിംഗ് അസോസിയേഷൻ പ്രസിഡന്റ് കെ. ആനന്ദൻ, സെക്രട്ടറി എം. കെ. കൃഷ്ണകുമാർ, പ്രൊഫ. വിൽഫ്രഡ് വാസ് എന്നിവർ പ്രസംഗിച്ചു.
അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അഖിലേന്ത്യ അന്തർ സർവ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യൻഷിപ്പിനോട് (പുരുഷ വിഭാഗം) അനുബന്ധിച്ചുള്ള പ്രാഥമിക റൗണ്ട് മത്സരങ്ങൾ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ പൂർത്തിയായി. സർവ്വകലാശാലയുടെ കായിക പഠന വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ 91 സർവ്വകലാശാലകളിൽ നിന്നായി 350 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. 22 അംഗ ജഡ്ജിംഗ് പാനലാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. അർജ്ജുന അവാർഡ് ജേതാവ് ടി. വി. പോളിയാണ് ജഡ്ജിംഗ് പാനൽ ചെയർമാൻ.
ഇന്ന് (മാർച്ച് ഒമ്പത്) വൈകിട്ട് അഞ്ചിന് ഫൈനൽ റൗണ്ട് മത്സരങ്ങൾ ആരംഭിക്കും. രാത്രി എട്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി സമ്മാനദാനം നിർവ്വഹിക്കും. ചാമ്പ്യൻഷിപ്പിൽ എട്ട് ശരീരഭാര വിഭാഗങ്ങളിലായി ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും. കൂടാതെ വിവിധ വിഭാഗങ്ങളിൽ നിന്നും ‘ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്’ ആയി തെരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികളെ പ്രത്യേകമായി ആദരിക്കും. ഓവറോൾ പ്രകടനം കാഴ്ചവെയ്ക്കുന്ന സർവ്വകലാശാലകൾക്ക് ട്രോഫികൾ സമ്മാനിക്കും.
ഫോട്ടോ അടിക്കുറിപ്പുകൾ:
ഫോട്ടോ ഒന്ന്: അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ ആഭിമുഖ്യത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അഖിലേന്ത്യ അന്തർ സർവ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യൻഷിപ്പിന്റെ (പുരുഷ വിഭാഗം) ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ. നിർവ്വഹിക്കുന്നു.
ഫോട്ടോ രണ്ട്: അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ ആഭിമുഖ്യത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അഖിലേന്ത്യ അന്തർ സർവ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യൻഷിപ്പിന്റെ (പുരുഷ വിഭാഗം) പ്രാഥമിക റൗണ്ട് മത്സരത്തിൽ നിന്ന്.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോണ്‍ നം. 9447123075