ലഹരിയ്ക്കും ഭീകരതയ്ക്കുമെതിരെ കുടുംബങ്ങള്‍ ഉണരണം: പൊടിമറ്റം സെന്റ് മേരീസ് പാരീഷ് കൗണ്‍സില്‍

Spread the love

പൊടിമറ്റം: സമൂഹത്തിനൊന്നാകെ വന്‍ ഭീഷണിയായി മാറിയിരിക്കുന്ന ലഹരിക്കും അക്രമത്തിനും ഭീകരതയ്ക്കുമെതിരെ പൊതുമനഃസാക്ഷിയും കുടുംബങ്ങളും ഉണരുന്നില്ലെങ്കില്‍ സമൂഹമൊന്നാകെ വന്‍നാശത്തിലേയ്ക്ക് വീഴുമെന്ന് പൊടിമറ്റം സെന്റ് മേരീസ് പള്ളി പാരീഷ് കൗണ്‍സില്‍.

കുടുംബങ്ങളും കുടുംബ കൂട്ടായ്മകളും കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണം. സമുദായ സാമൂഹ്യ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഒറ്റക്കെട്ടായി ഇതിനായി കൈകോര്‍ക്കണം. ലഹരി സൃഷ്ടിക്കുന്ന അക്രമവാസനകള്‍ ജന്മം നൽകിയ മാതാപിതാക്കളുടെ പോലും ജീവനെടുക്കുന്ന കൊടുംക്രൂരത നിരന്തരം ആവര്‍ത്തിക്കുന്നത് ഭയപ്പാടും ആശങ്കകളും സൃഷ്ടിക്കുന്നു. നിസംഗതരായി മാറിനില്‍ക്കാതെ ലഹരി ഭീകരതയെന്ന സാമൂഹ്യവിപത്തിന് അവസാനം കണ്ടെത്താനായില്ലെങ്കില്‍ കേരള സമൂഹം തന്നെ ഭീകരവാദത്തിന്റെയും ലഹരിയുടെയും ഇരകളായി ഇല്ലാതാകുമെന്ന് തിരിച്ചറിഞ്ഞ് അടിയന്തര ലഹരിവിരുദ്ധ ബോധവല്‍ക്കരണം അനിവാര്യമാണെന്നും പാരീഷ് കൗണ്‍സില്‍ സൂചിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുകയും ഇവയുടെ പരിസരങ്ങൾ നിരന്തരം നിരീക്ഷണ വിധേയമാക്കുകയും വേണം. വിവിധ സമുദായിക സന്നദ്ധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരിക്കും ഭീകരയ്ക്കുമെതിരെ ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.

പൊടിമറ്റം സെന്റ് മേരീസ് പാരീഷ് ഹാളില്‍ ചേര്‍ന്ന പാരീഷ് കൗണ്‍സില്‍ രൂപതാ ചാന്‍സിലര്‍ റവ.ഡോ.മാത്യു ശൗര്യാംകുഴി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. സില്‍വാനോസ് വടക്കേമംഗലം, കൈക്കാരന്മാരായ റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, രാജു വെട്ടിക്കൽ, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം
വികാരി

Author

Leave a Reply

Your email address will not be published. Required fields are marked *