അന്താരാഷ്ട്ര തൊഴിൽമേഖലകളിലെ ആവശ്യകതയും നൈപുണ്യവികസനവും എന്ന വിഷയത്തിൽ ഗ്ലോബൽ മൊബിലിറ്റി ആൻഡ് സ്‌കിൽസ് 2025 – അന്തർദേശീയ കോൺക്ലേവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതനുസരിച്ച് നാടിന്റെ സമ്പദ്ഘടന വിപുലീകരിക്കാനുള്ള പദ്ധതി നവകേരള സൃഷ്ടിയുടെ ഭാഗമായി നാം ഏറ്റെടുക്കുകയാണെന്ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ മന്ത്രി വ്യക്തമാക്കി.അഭ്യസ്തവിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന അന്തരം കുറയ്ക്കേണ്ടതുണ്ട്. ഇതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് വളരെ സജീവമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. നൈപുണിയുടെ ലഭ്യത നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ഉറപ്പു നൽകാൻ കഴിയുന്ന തരത്തിൽ വിവിധ പ്ലാറ്റ്‌ഫോമുകൾ രൂപീകരിച്ചു. ഇതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമായ അസാപ് കേരള മുഖ്യപങ്ക് വഹിക്കുന്നു. അസാപ് കേരള നൽകുന്ന 150
ഓളം നൈപുണ്യ കോഴ്‌സുകൾ വിവിധ മേഖലകളിൽ പ്രാവീണ്യം നേടാനും ദേശീയവും അന്തർദേശീയവുമായ തൊഴിലവസരങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ സജ്ജരാക്കാനും സഹായിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സെക്യൂരിറ്റി ടെക്‌നോളജി തുടങ്ങി ഇന്നത്തെ സമൂഹത്തിൽ അനിവാര്യമായ ഏറ്റവും പുത്തൻ കോഴ്‌സുകളാണ് നടത്തുന്നത്. ഈ കാലഘട്ടത്തിലേയ്ക്ക് ആവശ്യമുള്ള ഗ്രാഫിക് ഡിസൈനിങ് പോലെയുള്ള വിവിധങ്ങളായ കോഴ്‌സുകളിലെ പരിശീലനം വിദ്യാർഥികൾക്ക് മാത്രമല്ല സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങൾക്കും കുടുംബശ്രീ പ്രവർത്തകർക്കടക്കം നൽകിക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്.വൈജ്ഞാനിക സമൂഹം അതിവേഗത്തിൽ മുന്നോട്ടു കുതിക്കുന്ന സന്ദർഭത്തിൽ വികസിതരാജ്യങ്ങളിലെ വൈജ്ഞാനിക സമൂഹങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു ജനപക്ഷ ബദലാണ് കേരളം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. പൊതുജന കേന്ദ്രീകൃതമായ നിരവധി അഭിമാനകരമായ മാതൃകകൾ കേരളം ഇതിനുമുമ്പും ലോകത്തന് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്.
അടുത്ത ഒരു വർഷത്തിൽ 5 ലക്ഷം പേർക്ക് നൈപുണ്യ വികസനവും 2 ലക്ഷം പേർക്ക് തൊഴിലും ലക്ഷ്യമിടുന്ന കേരള സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുമായി ചേർന്ന് പ്രവർത്തിച്ചു വരുന്ന അസാപ് കേരള, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് തിരുവനന്തപുരത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിദേശത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന 100 ഓളം ദേശീയ അന്തർദേശീയ ഏജൻസികളേയും തൊഴിൽ ദാതാക്കളായ കമ്പനികളേയും അതോടൊപ്പം യൂണിവേഴ്സിറ്റികളിലെ പ്ലെയ്‌സ്‌മെന്റ് ഓഫീസർമാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ കോൺക്ലേവാണ് സംഘടിപ്പിച്ചത്.ഹെൽത്ത് കെയർ, ലൊജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി, എൻജിനീയറിങ് തുടങ്ങി 15 ഓളം മേഖലയിൽ നിന്നുള്ള പ്രമുഖർ ചർച്ചയിൽ പങ്കെടുത്തു. തൊഴിലിടങ്ങളിലെ നൈപുണ്യ ആവശ്യകത തിരിച്ചറിയൽ, റിക്രൂട്ടുമെന്റുകളുടെ നിയമന സാധ്യതകൾ തുടങ്ങിയവ ചർച്ചയിൽ വിഷയങ്ങളായി.