ഇസാഫ് ഫൗണ്ടേഷന്റെ സ്ഥാപകദിനാഘോഷവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ 8-ാമത് വാർഷികവും തൃശൂരിൽ സംഘടിപ്പിച്ചു
കൊച്ചി: സാമ്പത്തികവും സാമൂഹികവുമായ സേവന പ്രവർത്തനങ്ങളിലൂടെ സാധാരണ ജനങ്ങൾക്ക് ആശ്വാസമായി മാറിയ സാമൂഹിക സന്നദ്ധ സംഘടനയായ ഇസാഫ് ഫൗണ്ടേഷന്റെ 33-ാം സ്ഥാപകദിനാഘോഷവും, രാജ്യത്തെ പ്രമുഖ സോഷ്യൽ ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ 8-ാമത് വാർഷികവും തൃശൂരിൽ ആർബിഐ സെൻട്രൽ ബോർഡ് ഡയറക്ടർ സതീഷ് കെ മറാത്തെ ഉദ്‌ഘാടനം ചെയ്തു. ഒരു ബാങ്കെന്ന നിലയിലും സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനമെന്ന നിലയിലും ഇസാഫ് ബാങ്കിന്റെ പ്രവത്തനങ്ങൾ രാജ്യത്തിന്റെ സുസ്ഥിര വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 33 വര്‍ഷത്തിനിടയില്‍, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക്, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിന് താങ്ങും തണലുമായി മാറാന്‍ ഇസാഫിന് സാധിച്ചതായി മന്ത്രി കെ രാജന്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ധാര്‍മ്മിക ബാങ്കിങ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു പ്രസ്ഥാനമായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വളർന്നു. സുസ്ഥിര സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ച്, സാമ്പത്തിക ആവാസവ്യവസ്ഥ ഒരുക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ഇസാഫിന്റെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നത്. തുടർന്നും, എണ്ണമറ്റ ജീവിതങ്ങളില്‍ നന്മയുടെ ദീപമായി പ്രകാശിക്കാൻ ഇസാഫിനു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസ് സ്ഥാപകനും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് സ്ഥാപകദിന സന്ദേശം നല്‍കി. ‘സമൂഹത്തിലെ സാമ്പത്തിക അസന്തുലിതാവസ്ഥ കുറച്ച്, എല്ലാവര്‍ക്കും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനുള്ള പ്രവര്‍ത്തനങ്ങളാണ് 24 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഇസാഫിന്റെ 770 ശാഖകളിലൂടെ നടത്തുന്നത്. ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ഉപഭോക്താക്കളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനാണ് പ്രഥമ പരിഗണന.’ അദ്ദേഹം പറഞ്ഞു. യുനെസ്കോ ലേണിങ് സിറ്റി അപ്പെക്സ് കമ്മിറ്റി കോർഡിനേറ്ററും ചേറുർ ഡിവിഷൻ കൗൺസിലറുമായ അഡ്വ. വില്ലി ജിജോ വനിതാദിന സന്ദേശം നൽകി. ഇസാഫ് ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ മെറീന പോൾ, ഡയറക്ടർ ഡോ. ജേക്കബ് സാമുവേൽ, പ്രസിഡന്റ് ഡോ. ഇടിച്ചെറിയ നൈനാന്‍, അസ്സോസിയേറ്റ് ഡയറക്ടർ ജോൺ പി ഇഞ്ചക്കലോടി, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ചെയർമാൻ പി ആർ രവി മോഹൻ, എക്സിക്യുട്ടീവ് ഡയറക്ടർ ജോർജ് കെ ജോൺ, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാർ എന്നിവർ പ്രസംഗിച്ചു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മികച്ച സഹകരണ സംഘങ്ങൾക്കും മികച്ച സ്ത്രീ സംരംഭകർക്കും ഇസാഫിൽ ദീർഘകാല സേവനം പൂർത്തീകരിച്ച ജീവനക്കാർക്കുമുള്ള പുരസ്കാരവും സ്ഥാപകദിനത്തിൽ വിതരണം ചെയ്തു.
Picture Caption; ഇസാഫ് ഫൗണ്ടേഷന്റെ 33-ാം സ്ഥാപകദിനാഘോഷവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ 8-ാമത് വാർഷികവും തൃശൂരിൽ ആർബിഐ സെൻട്രൽ ബോർഡ് ഡയറക്ടർ സതീഷ് കെ മറാത്തെ ഉദ്‌ഘാടനം ചെയ്യുന്നു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ചെയർമാൻ പി ആർ രവി മോഹൻ, എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ്, ഇസാഫ് ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ മെറീന പോൾ എന്നിവർ സമീപം.
Ajith V Raveendran