കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള ലഹരി മാഫിയ സംഘത്തിന്റെ പിടിയിലാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. സർക്കാരും പോലീസും എക്സൈസും നടത്തുന്ന പ്രചാരണങ്ങൾ യാതൊരു ആത്മാർത്ഥതയും ഇല്ലാത്തതാണെന്ന് തെളിയിക്കുകയാണ് ഇപ്പോഴത്തെ സംഭവങ്ങൾ. കളമശ്ശേരി പോളിടെക്നിക്കിൽ കഞ്ചാവ് കണ്ടെത്തിയതും വിവിധ കലാലയങ്ങളിൽ എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും ലഹരി കേസുകളിലായി അറസ്റ്റിലാകുന്നതും ഗൗരവകരമായ വിഷയങ്ങളാണ്.
സംസ്ഥാനത്തെ കലാലയങ്ങൾ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ലഹരി സംഭരണ, വിതരണ, ഉപഭോഗ കേന്ദ്രങ്ങളായി മാറുന്നതിനെതിരെ സർക്കാർ കണ്ണടയ്ക്കുകയാണ്. കേരളത്തിൽ ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എക്സൈസിനും പോലീസിനും നിർദ്ദേശം നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്.
വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മറവിൽ ലഹരിക്കടത്ത് നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളണമെന്നും, കലാലയങ്ങളെ പഠനത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അഭിപ്രായപ്പെട്ടു.