എസ്.എഫ്.ഐ നേതാക്കള്‍ കഞ്ചാവുമായി പിടിയിലായാല്‍ പ്രതിപക്ഷം അതേക്കുറിച്ച് പറയണ്ടേ? – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (15/03/2025).

എസ്.എഫ്.ഐ നേതാക്കള്‍ കഞ്ചാവുമായി പിടിയിലായാല്‍ പ്രതിപക്ഷം അതേക്കുറിച്ച് പറയണ്ടേ? പിടിയിലായവര്‍ കുറ്റവാളികളാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടും മന്ത്രിമാര്‍ക്ക് എന്താണ് ഇത്ര വിഷമം? കൈരളി ടി.വി പറഞ്ഞാല്‍ കെ.എസ്.യുക്കാര്‍ പ്രതിയാകില്ല; സി.പി.എം രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നതിനാല്‍ ലഹരി വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയവത്ക്കരിക്കുക തന്നെ ചെയ്യും; അമ്പലത്തിലെ ഗാനമേളയില്‍ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്ന ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്; അധികാരത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചതാണ് പ്രശ്‌നം*

കളമശേരി പോളിടെക്‌നിക്കില്‍ രണ്ടു കിലോ കഞ്ചാവുമായി എസ്.എഫ്.ഐ നേതാവിനെയാണ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായത് എസ്.എഫ്.ഐ നേതാവാണെന്ന് മന്ത്രിമാരായ രാജീവും മുഹമ്മദ് റിയാസും അംഗീകരിച്ചാല്‍ മതി. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടിയുണ്ടായത്. ഈ വിഷയവുമായി ബന്ധപ്പെട്ട ഞങ്ങളുടെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്രയോ തവണ അവിടെ പോയി സംസാരിച്ചിട്ടുണ്ട്. എസ്.എഫ്.ഐ നേതൃത്വത്തിലാണ് കഞ്ചാവ് കച്ചവടം നത്തിയത്. എസ്.എഫ്.ഐ നേതാക്കള്‍ പിടിയിലായാല്‍ അതേക്കുറിച്ച് പറയണ്ടേ? ഇതു തന്നെയാണ് പൂക്കോടും കോട്ടയത്തും നടന്നത്. സംസ്ഥാനത്തിന്റെ വിവിധ കോളജുകളിലെ റാഗിങിന് കാരണം തന്നെ എസ്.എഫ്.ഐ നേതാക്കള്‍ക്ക് ഡ്രസ് വാങ്ങാന്‍ പണം നല്‍കാത്തതാണ്. പല സ്ഥലങ്ങളിലും എസ്.എഫ്.ഐ നേതാക്കളാണ് ലഹരി കച്ചവടം നടത്തുന്നത്. അപ്പോള്‍ അവരെ കുറ്റപ്പെടുത്തുക തന്നെ ചെയ്യും.

ലഹരി സംബന്ധിച്ച വിഷയം നിയമസഭയില്‍ ഉള്‍പ്പെടെ പ്രതിപക്ഷം നിരന്തരമായി ഉന്നയിക്കുകയും വിഷയം പൊതുസമൂഹവും മാധ്യമങ്ങളും ഏറ്റെടുത്തപ്പോഴാണ് പൊലീസ് പരിശോധനകള്‍ക്ക് തയാറായത്. കേരളത്തില്‍ മുഴുവന്‍ ലഹരി മരുന്നാണെന്ന് സര്‍ക്കാരും രണ്ടു മന്ത്രിമാരും അറിയുന്നത് ഇപ്പോഴാണോ? ഞങ്ങള്‍ നിയമസഭയില്‍ കൊണ്ടു വന്നപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോഴുമാണോ അവര്‍ അറിയുന്നത്? 2022 ല്‍ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ച പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കിയതാണ്. എന്നിട്ട് രണ്ടു വര്‍ഷവും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അഞ്ചും ആറും ഗ്രാമുമായി വരുന്നവനെയും പിടിച്ച് നടക്കുകയായിരുന്നു. ഇപ്പോള്‍ എല്ലാ ദിവസവും ആളുകളെ പിടിക്കുന്നുണ്ടല്ലോ. എവിടെ നിന്നാണ് ലഹരി വസ്തുക്കള്‍ വരുന്നതെന്നാണ് കണ്ടെത്തേണ്ടത്. ലഹരി മാഫിയകളുടെ നെറ്റ് വര്‍ക്കിന്റെ ഭാഗമായാണ് എസ്.എഫ്.ഐ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് അവരെ കുറ്റപ്പെടുത്തുന്നത്. അതില്‍ മന്ത്രിമാര്‍ക്ക് എന്താണ് ഇത്ര വിഷമം? അവര്‍ കുറ്റവാളികളാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞല്ലോ.

കൈരളി ടി.വി പറഞ്ഞാല്‍ കെ.എസ്.യുക്കാരന്‍ പ്രതിയാകില്ല. പൊലീസാണ് അന്വേഷിക്കുന്നത്. സമ്മര്‍ദ്ദം കൊണ്ട് നിരപരാധികളെ കേസില്‍ കുടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇനി കെ.എസ്.യുക്കാരെ കൂടി കേസില്‍ പെടുത്തണം. എന്നാല്‍ നിരപരാധികളെ പെടുത്താന്‍ തയാറല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്.

ലഹരി മാഫിയകള്‍ക്ക് രാഷ്ട്രീയ രക്ഷകര്‍തൃത്വം ഉണ്ടെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആരോപിച്ചതാണ്. അതുകൊണ്ടു തന്നെ പ്രതിപക്ഷം അതിനെ രാഷ്ട്രീയവത്ക്കരിക്കും. പ്രതിപക്ഷത്തിന് രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കാനാകില്ല. അത് നല്‍കുന്നത് അധികാരത്തില്‍ ഇരിക്കുന്നവരാണ്. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പിടിച്ച ലഹരി കേസുകള്‍ക്ക് പിന്നില്‍ ആരായിരുന്നു? ഒരു ലോഡ് ലഹരി വസ്തുവാണ് ആലപ്പുഴയില്‍ പിടികൂടിയത്. ആരായിരുന്നു അതിന് പിന്നില്‍? ഇത്തരം സംഘങ്ങള്‍ക്ക് രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നുണ്ട്. യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും അതില്‍ പങ്കുണ്ട്. നേതൃത്വം ഇടപെട്ട് അവരെ മാറ്റണം. എസ്.എഫ്.ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറി പിടിയിലാകുമ്പോള്‍ ഞങ്ങള്‍ മിണ്ടാതിരിക്കണോ? പൂക്കോടും കോട്ടയത്തും ഉണ്ടായ സംഭവങ്ങള്‍ ഇതിന്റെ തുടര്‍ച്ചയാണ്. ലഹരി മരുന്ന് ഉപയോഗിച്ച് 150 പേരുടെ മുന്നിലാണ് ഒരാളെ വിവസ്ത്രനാക്കി റാഗിങ് ചെയ്തത്. സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്താണോ കെട്ടിത്തൂക്കിയതാണോയെന്ന് ഇപ്പോഴും അറിയില്ല. കോട്ടയത്ത് കോംമ്പസ് കൊണ്ട് ശരീരം മുഴുവന്‍ കുത്തിക്കീറി മുറിവില്‍ ഫെവിക്കോള്‍ ഒഴിച്ചു. അത്രയും ക്രൂരമായ റാഗിങ് ചെയ്യണമെങ്കില്‍ ഡ്രഗ് അഡിക്ഷനുണ്ട്. അതിന് നേതൃത്വം നല്‍കിയത് എസ്.എഫ്.ഐ നേതാക്കളാണ്. ആ ആരോപണം പറയുക തന്നെ ചെയ്യും. അല്ലെങ്കില്‍ അതില്‍ നിന്നും എസ്.എഫ്.ഐ നേതാക്കളെ പിന്‍മാറ്റണം.

നിരപരാധികളായവരുടെ പേരില്‍ കേസ് കെട്ടി വയ്ക്കുന്നത് നിങ്ങളാണോ? എന്നാല്‍ പിന്നെ തലശേരിയില്‍ ചെയ്ത പരിപാട് ചെയ്യ്. അവിടെ സി.പി.എമ്മിനോട് കളിച്ചാല്‍ പൊലീസുകാര്‍ സ്റ്റേഷനില്‍ ഉണ്ടാകില്ലെന്നാണ് ഭീഷണിപ്പെടുത്തിയത്. പൊലീസുകാരെ സി.പി.എം ക്രിമിനലുകള്‍ നിലത്തിച്ച് ചവിട്ടിക്കൂട്ടി. അമ്പലത്തില്‍ ഉത്സവത്തിന് ഈക്വിലാബ് സിന്ദാബാദ് വിളിച്ചത് തടഞ്ഞതിനാണ് പൊലീസിനെ ആക്രമിച്ചത്. സി.പി.എം ഭീഷണിപ്പെടുത്തിയതു പോലെ തന്നെ പൊലീസുകാരെ സ്ഥലം മാറ്റി. കടയ്ക്കല്‍ ക്ഷേത്രത്തില്‍ പുഷ്പനെ അറിയാമോ എന്ന ഗാനമേള നടത്തി. എന്നിട്ട് പിന്നിലുള്ള വീഡിയോ വാളില്‍ അരിവാള്‍ ചുറ്റിക നക്ഷത്രവും ഡി.വൈ.എഫ്.ഐയും സി.പി.എമ്മുമൊക്കെ തെളിയുന്നു. നാണംകെട്ട പാര്‍ട്ടിയാണിത്. അവിടെ ഒരു സംഘര്‍ഷമുണ്ടാക്കി ബി.ജെ.പി ഇടം ഉണ്ടാക്കിക്കൊടുക്കുക എന്നതാണോ ഇവരുടെ ലക്ഷ്യം. ഇവനൊന്നും പാട്ട് പാടാന്‍ വേറെ സ്ഥലമില്ലേ? അമ്പലത്തിലെ ഗാനമേളയില്‍ ഭക്തജനങ്ങളോടാണോ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത്? ഇവരോടൊക്കെ വേറെ പണി നോക്കാന്‍ പറയണം. ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്. അധികാരത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചതാണ് പ്രശ്‌നം.

Author

Leave a Reply

Your email address will not be published. Required fields are marked *