മഹാത്മാഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മില്‍ 1925 മാര്‍ച്ച് 12ന് ശിവഗിരിയില്‍ നടന്ന കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധി ഭാരതിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളോട് അനുബന്ധിച്ച് കേരളത്തിന്റെ സമൂഹ്യമാറ്റത്തില്‍ വമ്പിച്ച സ്വാധീനം ചെലുത്തിയ മഹത്തരമായ കൂടിക്കാഴ്ചയുടെ സന്ദേശം നല്‍കുന്ന പ്രഭാഷണങ്ങള്‍ സംസ്ഥാനത്തെ നൂറുവേദികളില്‍ നടത്തുമെന്ന് മുന്‍ കെപിസിസി പ്രസിഡന്റും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസന്‍ അറിയിച്ചു.
ഗാന്ധി ഭാരത് ഇക്കഴിഞ്ഞ മാര്‍ച്ച് 12ന് സംഘടിപ്പിച്ച ഗാന്ധി -ഗുരു സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിനിടെ അധ്യക്ഷത വഹിച്ചിരുന്ന ഗാന്ധി ഭാരതിന്റെ ചെയര്‍മാന്‍ ബി.എസ്.ബാലചന്ദ്രന്‍ ഇക്കാര്യം എംഎം ഹസനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതേറ്റെടുത്താണ് സംസ്ഥാനത്തെ നൂറുവേദികളില്‍ ഗാന്ധി -ഗുരു സമാഗമത്തിന്റെ കാലിക പ്രസ്‌കതിയെ കുറിച്ച് പുതുതലമുറയെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി നൂറുവേദികളില്‍ പ്രഭാഷണം നടത്താമെന്ന് എംഎം ഹസന്‍ സമ്മതം അറിയിച്ചത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിന് മുന്നിലൂടെ വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടി വൈക്കത്ത് നടന്ന സമരത്തില്‍ പങ്കെടുക്കാനാണ് 1925ല്‍ മഹാത്മാഗാന്ധി കേരളത്തിലെത്തിയത്. ഇതിനിടെയാണ് ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവുമായി ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ച നടത്തിയത്. ആ കൂടിക്കാഴ്ച ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജിയുടെ സാമൂഹിക പരിഷ്‌ക്കരണ ശ്രമങ്ങളെ എത്രത്തോളം സ്വാധീനിച്ചെന്ന ചരിത്രവസ്തുത പുതുതലമുറയെ ബോധ്യപ്പെടുത്താനും ഗുരു-ഗാന്ധിജി കൂടിക്കാഴ്ചയുടെ സന്ദേശം ഉള്‍ക്കൊണ്ട് കൊണ്ട് ജാതിവിവേചനത്തിനും മതസഹിഷ്ണുതയ്ക്കും സാമൂഹിക അനാചാരത്തിനും ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ ശക്തമായ പൊതുസാമൂഹത്തിന്റെ ഐക്യത്തിന്റെ പ്രസക്തിയെ കുറിച്ച് ബോധവത്ക്കരണം നടത്താനുമാണ് ഇത്തരം ഒരു ദൗത്യം ഏറ്റെടുക്കുന്നതെന്നും എംഎം ഹസന്‍ പറഞ്ഞു.