ലഹരിക്കെതിരെ സ്‌കൂളുകളിൽ ജാഗ്രതാ ദിനം ആചരിക്കും

Spread the love

കുട്ടികളിലെ ആക്രമവാസനകൾ, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാതല ജാഗ്രതാ സമിതി യോഗം സംഘടിപ്പിച്ചു.വിദ്യാർഥികളിൽ വളർന്നു വരുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും അക്രമവാസനകളും തടയുന്നതിന് എസ് എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ ജാഗ്രത ദിനം ആചരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരി യോഗത്തെ തുടർന്നുള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചു .എസ്എസ്എൽസി പരീക്ഷ പൂർത്തിയാകുന്ന മാർച്ച് 26ന് എല്ലാ സ്‌കൂളുകളിലും ജാഗ്രത സമിതി രൂപീകരിച്ച് ജനകീയ ക്യാമ്പയിൻ തുടങ്ങും. അധ്യാപകർ, രക്ഷിതാക്കൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ യുവജന-വിദ്യാർത്ഥി സംഘടനക പ്രതിനിധികൾ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ പൂർത്തിയാകുന്ന യഥാക്രമം മാർച്ച് 19, 26, 29 തിയതികൾ ജാഗ്രതാ ദിനമായി ആചരിക്കും. ഇതിന്റെ തുടർച്ചയായി പൊതു വിദ്യാഭ്യാസം, പോലീസ്, എക്സൈസ്, സാമൂഹ്യ നീതി, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകൾ നടത്തുന്ന വിവിധ പദ്ധതികൾ ഏകോപിപ്പിക്കും. സ്‌കൂൾ തലത്തിലുള്ള സ്റ്റുഡന്റ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ് പി ജി) ശക്തിപ്പെടുത്തും. എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി ഗ്രൂപ്പ് സജീവമാക്കും. കൃത്യമായ ഇടവേളകളിൽ എസ് പി ജി യോഗം ചേർന്ന് ഇത് സംബന്ധിച്ച റിപ്പോർട്ട് എല്ലാ മാസവും ജില്ലാതലത്തിലുള്ള നാർകോ കോർഡിനേഷൻ സെന്റർ മീറ്റിങ്ങിൽ അവലോകനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നിലവിലുള്ള പഞ്ചായത്ത് എജുക്കേഷൻ കമ്മിറ്റിയെ ശക്തിപ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം സി.പി. ഷിജു, ജില്ലാ സബ് ജഡ്ജിയും ഡിഎൽഎസ്എ സെക്രട്ടറിയുമായ പി മഞ്ജു, കണ്ണൂർ സിറ്റി അഡീഷണൽ എസ് പി കെ.വി വേണുഗോപാൽ, വിദ്യാഭ്യാസ ഉപഡയറക്ടർ ഇൻ ചാർജ് എ.എസ് ബിജേഷ്, ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ പി ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *