ഡീലിമിറ്റേഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ വിരുദ്ധം : കമ്മീഷന്‍ കോടതിയെ കബളിപ്പിക്കുന്നു. എം.മുരളി എക്‌സ് എം.എല്‍.എ

Spread the love

ഡീലിമിറ്റേഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ വിരുദ്ധമായാണ് നടക്കുന്നത് എന്ന രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സംസ്ഥാന ചെയര്‍മാന്‍ എം.മുരളി ആരോപിച്ചു.
സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷനും ആ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകളില്‍ കടന്നുകൂടിയിരിക്കുന്ന ഒരു വിഭാഗം രാഷ്ട്രീയക്കാര്‍ മാത്രമായ ഉദ്യോഗസ്ഥന്‍മാരും ഇതിന്റെ എല്ലാ ജനാധിപത്യപരമായ പാരമ്പര്യങ്ങളെയും തകര്‍ത്തെറിഞ്ഞുകൊണ്ട് സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങള്‍ മാത്രം ഉയര്‍ത്തി പിടിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു കാലഘട്ടത്തിലും ഉണ്ടാകാത്ത നിലയില്‍ പതിനേഴായിരത്തോളം പരാതികളാണ് വാര്‍ഡ് ഡീലിമിറ്റേഷനുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. അതിന് ന്യായമായ പരിഹാരമുണ്ടാക്കി തികച്ചും നീതിപൂര്‍വ്വമായ ഒരു വാര്‍ഡ് വിഭജനം പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അത് അസ്ഥാനത്തായിരിക്കുകയാണ്.
സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷനില്‍ 5 അംഗങ്ങള്‍ ഉള്ളതില്‍ 3 പേര്‍ ഈ പ്രക്രിയയില്‍ ഒന്നും തിരിഞ്ഞു നോക്കിയിട്ടുപോലുമില്ല. അവര്‍ ഫയലില്‍ ഒപ്പിടുകമാത്രമാണ് ചെയ്യുന്നത്. രണ്ട് പേര്‍ രണ്ടു ജില്ലകളില്‍ പരാതികള്‍ കേള്‍ക്കാന്‍ വന്നു എന്നത് ഒഴിച്ചാല്‍ 14 ജില്ലകളിലും പോയ ഒരേ ഒരാള്‍ കമ്മീഷന്റെ ചെയര്‍മാന്‍ മാത്രമാണ്. ഒരു വ്യക്തിക്ക് ഒരു ജില്ലയില്‍ ശരാശരി ഒരു ദിവസം ആയിരം പരാതികള്‍ കേട്ടു എന്നാണ് ഇപ്പോള്‍ കമ്മീഷന്‍ അവകാശപ്പെടുന്നത്. അത്തരം ഒരു സംഭവം കേരളത്തിലുണ്ടായിട്ടുണ്ട് എങ്കില്‍ അത് ലോകചരിത്രത്തില്‍ മാത്രമല്ല മാനവരാശിയുടെ ചരിത്രത്തില്‍ തന്നെ ഇദംപ്രഥമമായ ഒരു അത്ഭുതമാണ്.
ഒരു ദിവസം ആയിരം പരാതികള്‍ വീതം പരിഹണിച്ചുവെന്ന് അവകാശപ്പെടുന്ന സിറ്റിംഗുകള്‍ തികഞ്ഞ പരാജയമായിരുന്നു. അതിനെക്കുറിച്ച് കോടതിയില്‍ പലരുംചോദ്യം ചെയ്തപ്പോള്‍ ഏറ്റവും ഒടുവില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ മറ്റൊരു അടവ് ഇറക്കിയിരിക്കുകയാണ്, ഈ ആയിരത്തിയറുപത് സ്ഥാപനങ്ങളിലാണ് ഇതിനോടകം ഡീലിമിറ്റേഷന്‍ പ്രക്രിയ പുരോഗമിക്കുന്നത്. വിരലില്‍ എണ്ണാവുന്ന ആ സ്ഥാപനങ്ങളെ മാത്രം പറഞ്ഞുകൊണ്ട് അവിടെ മാത്രമാണ് അപാകതകളുള്ളതെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് അവിടെയുള്ള അപാകതകള്‍ എത്രയും വേഗം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കളക്ടറും അദ്ദേഹം ചുമതലപ്പെടുത്തുന്നവരും തിരുത്തിത്തരണ മെന്ന് പറഞ്ഞുകൊണ്ട് മൂന്നോ നാലോ ദിവസം മാത്രം സാവകാശം കൊടുത്തുകൊണ്ട് ഒരു ഉത്തരവ് ഇറക്കിയിരിക്കുന്നത്.
പല ജില്ലാ കളക്ടര്‍മാരും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാര്‍ എന്നുള്ള നിലയില്‍ സങ്കുചിതമായ രാഷ്ട്രീയം മാത്രം കളിച്ചുകൊണ്ടിരിക്കുന്നവരാണ്. പ്രത്യേകിച്ച് കാസര്‍ഗോഡ്, കോഴിക്കോട് കളക്ടര്‍മാര്‍. അപ്പോള്‍ ജില്ലകളിലെ സിറ്റിംഗ് അര്‍ത്ഥരഹിതമായി എന്നുമാത്രമല്ല അതിനുശേഷമെങ്കിലും ഡീലിമിറ്റേഷന്‍ കാര്യത്തില്‍ നീതിപൂര്‍വ്വമായിട്ടുള്ള നടപടി ഉണ്ടാകും എന്നുള്ള പ്രതീക്ഷ അസ്ഥാനത്ത് ആയിരിക്കുന്നു.
ഈ ഒരു ജനാധിപത്യ വിരുദ്ധ രാഷ്ട്രീയം മാത്രം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള പ്രക്രിയയില്‍ നിന്നും ഡീലിമിറ്റേഷന്‍ കമ്മീഷനും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡെപ്യൂട്ടേഷന്‍ ഉദ്യോഗസ്ഥന്‍മാരും അവസാന നിമിഷമെങ്കിലും പിന്‍മാറണം എന്ന് എം.മുരളി അഭ്യര്‍ത്ഥിച്ചു. ഇല്ലായെങ്കില്‍ ശക്തമായ എതിര്‍പ്പ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തും, എന്നുമാത്രമല്ല നീതി തേടി പോകേണ്ട എല്ലാ വാതിലുകളുടെ മുന്നിലേക്കും ഞങ്ങള്‍ പോകും എന്നുകൂടി ഈ സന്ദര്‍ഭത്തില്‍ അറിയിക്കുന്നു. തെറ്റ് തിരുത്താന്‍ ഇനിയെങ്കിലും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ തയ്യാറാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *