ലഹരിക്കെതിരെ കൂട്ടായ പ്രതിരോധം ഉയർത്തണം : മന്ത്രിലഹരിക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷണൽ സർവീസ് സ്‌കീമുമായി ചേർന്ന് സംഘടിപ്പിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിനിന് തുടക്കം. ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം സെൻട്രൽ സ്റ്റേഡിയത്തിൽ ഉന്നത വിഭ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.കൗമാരക്കാരിലും യുവജനങ്ങളിലുമുൾപ്പെടെയുള്ള സർഗാത്മക, കർമ ശേഷികളെ നശിപ്പിച്ച് സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ കൂട്ടായ പ്രതിരോധം ഉയർത്തണമെന്ന് മന്ത്രി പറഞ്ഞു. മാരക വിപത്തിനെതിരെ പൊതുസമൂഹത്തിലും ക്യാംപസുകളിലും ഹോസ്റ്റലുകളിലും നിരന്തര ഇടപെടലുകൾ നടത്തുമെന്നും സംസ്ഥാനത്തെ ലഹരിവിമുക്തമാക്കുക നമ്മുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.ലഹരിക്കെതിരെ ശക്തമായ നിലപാടുകളാണ് സംസ്ഥാനം സ്വീകരിച്ചുവരുന്നത്. എന്നാൽ ആഗോളതലത്തിൽ ലഹരിവല പിടിമുറുക്കിയതിനാലാണ് അതിന്റെ അനുരണനങ്ങൾ ഇവിടെയുമുണ്ടാകുന്നത്. ഈ വിപത്ത് മുന്നിൽക്കണ്ട് കഴിഞ്ഞവർഷം നാഷണൽ സർവീസ് സ്‌കീമിന്റെ ഭാഗമായി ആരംഭിച്ച ആസാദ് സേനയ്ക്ക് മികച്ച പരിശീലന പദ്ധതി തയ്യാറാക്കി വോളന്റിയേഴ്സിന് പരിശീലനം നൽകാനായി. ഈ വർഷം സാമൂഹിക നീതി വകുപ്പിന്റെ സാമ്പത്തിക പിന്തുണ ലഭ്യമാക്കി സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും. സഹപാഠികളിലൂടെ പ്രശ്നങ്ങൾ മനസ്സിലാക്കി ലഹരി വിപത്തുകൾക്ക് തടയിടും. ലഹരിയുടെ ഉറവിടങ്ങൾ മനസ്സിലാക്കി എക്സൈസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കാൻ സേനയെ സജ്ജമാക്കും.