കണ്ണൂര്‍ വിമാനത്താവളം ഭൂമി ഏറ്റെടുക്കല്‍ വൈകുന്നതിനെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന്‍ (18/03/2025).
കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ നിലവിലുള്ള 3050 മീറ്ററില്‍ നിന്നും 4000 മീറ്ററായി ദീര്‍ഘിപ്പിക്കുന്നതിന് 245.33 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ ആക്ട് അനുസരിച്ചുള്ള പ്രാഥമിക വിജ്ഞാപനം 17-09-2020 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. തലശേരി താലൂക്കിലെ കീഴല്ലൂര്‍ ദേശത്തും കരാട് ദേശത്തുമായാണ് ഈ ഭൂമി കിടക്കുന്നത്. 168 വീടുകളുള്ള കാര്‍ഷിക മേഖലയാണ് ഈ പ്രദേശം. എന്നാല്‍ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സമാനതകളില്ലാത്ത ദുരന്തമാണ് പ്രദേശവാസികള്‍ അനുഭവിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ഇറങ്ങിയതിനാല്‍ ഭൂമി ക്രയവിക്രയം നടത്താന്‍ സാധിക്കുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസ- വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ വായ്പ എടുക്കാനും സാധിക്കുന്നില്ല. 30 ഏക്കറോളം കൃഷി ഭൂമി വിമാനത്താവളത്തില്‍ നിന്നും ഒഴുകി വന്ന പാറ കക്ഷണങ്ങളും ചെളിയും നിറഞ്ഞ് നശിച്ച് കര്‍ഷകരുടെ ഉപജീവനം നിലച്ചു. എട്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 2017-ല്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്ന് ഏഴ് വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി. നേരത്തെ എടുത്ത വായ്പകള്‍ പോലും തിരിച്ചടയ്ക്കാനാകുന്നില്ല. പ്രദേശത്തേക്ക് ജപ്തി നോട്ടീസുകള്‍ പ്രവഹിക്കുകയാണ്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.
അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുകയും അഞ്ച് തവണ അത് ദീര്‍ഘിപ്പിക്കുകയും ചെയ്തു. പത്ത് സെന്റ് വീതം നല്‍കി 168 കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചെങ്കിലും അതിലും നടപടിയില്ല. ഏറ്റെടുക്കല്‍ വൈകിയതു മൂലം ജനങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ പരിഗണിച്ച് അധിക നഷ്ടപരിഹാരം അനുവദിക്കാനും സമയബന്ധിതമായി പുനരധിവാസം നടപ്പാക്കുന്നതിനും അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.