‘ഉടലും ഉടുപ്പും’ : വസ്ത്രപാരമ്പര്യത്തിന്റെ ഊടും പാവും സംസ്കൃതസർവ്വകലാശാലയിലെ മ്യൂസിയം പ്രദർശനം 21ന് സമാപിക്കും; പ്രവേശനം സൗജന്യം

Spread the love

കേരളത്തിന്റെ വസ്ത്രപാരമ്പര്യത്തിന്റെ ചരിത്രം വിശദമാക്കുന്ന പഞ്ചദിന പൊതു പ്രദർശനം ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുള്ള കനകധാര മ്യൂസിയത്തിൽ ആരംഭിച്ചു. സർവ്വകലാശാലയിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം മ്യൂസിയോളജി വിഭാഗം വിദ്യാർത്ഥികൾ ചേർന്ന് നിർവ്വഹിച്ചു. കഴിഞ്ഞ വർഷത്തെ മ്യൂസിയം കാറ്റലോഗിന്റെ പ്രകാശനം ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ നിർവ്വഹിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങൾ തന്റെ പരിസരങ്ങളിൽ നിന്ന് ശേഖരിച്ച് പുരാവസ്തുശേഖരണത്തിൽ പ്രതിഭ തെളിയിച്ച മേക്കാലടി സ്വദേശി എ.കെ. അലിയെ സർവ്വകലാശാല ആദരിച്ചു.

കേരളത്തിലെ വസ്ത്രപാരമ്പര്യങ്ങളുടെ ചരിത്രം, കേരളീയരുടെ പ്രാചീന കാലത്തെ വസ്ത്രധാരണത്തെ കുറിച്ചുള്ള തെളിവുകൾ തുടങ്ങിയവ പ്രദർശനത്തിൽ കാണാൻ കഴിയും. മധ്യകാല കേരളീയരുടെ വസ്ത്രധാരണരീതികളെ അക്കാലത്തെ ശില്പമാതൃകകളിലൂടെയും ചുമർചിത്രങ്ങളിലൂടെയും പ്രദർശനം വിവരിക്കുന്നു. മധ്യകാലാനന്തര വസ്ത്രധാരണശൈലികൾ പ്രദർശനത്തിൽ പരിചയപ്പെടുത്തുകയും കൊളോണിയൽ ഫോട്ടോഗ്രാഫുകൾ അടക്കമുള്ള തെളിവ് സാമഗ്രികൾ പ്രദർശനവിഷയമാകുകയും ചെയ്തിട്ടുണ്ട്.

ഒന്നാം ലോക മഹായുദ്ധത്തിലെ പടയാളികളുടെ ഉടുപ്പ് മുതൽ ആധുനിക കാലത്തെ വസ്ത്രങ്ങൾ വരെ പ്രദർശനത്തിലുണ്ട്. കൂടാതെ മധ്യകാലഘട്ടത്തിലെ വിവിധ ശില്പങ്ങളുടെ മാതൃകകളെ ആസ്പദമാക്കി സർവ്വകലാശാലയിലെ ഫൈൻ ആർട്സ് വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ശില്പങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. ഇവയുടെ കാലഘട്ടവും സ്ഥലവും രേഖപ്പെടുത്തിയിട്ടുണ്ട്.

കൊളോണിയൽ കാലഘട്ടത്തിലെ ഫോട്ടോകളുടെ പ്രദർശനം ആ കാലഘട്ടത്തിലെ ജീവിതരീതിയും വസ്ത്രധാരണരീതിയും വ്യക്തമാക്കുന്നു. ചുമർചിത്രങ്ങളുടെ പ്രദർശനവും കാണാവുന്നതാണ്. പരമ്പരാഗത രീതിയിൽ വസ്ത്രങ്ങൾ നെയ്യുന്നത് കാണുവാൻ ഖാദി ബോർഡിന്റെ നേതൃത്വത്തിൽ സൗകര്യമുണ്ട്.

ഇതോടൊപ്പം കേരളത്തിലെ വസ്ത്രപാരമ്പര്യങ്ങളെക്കുറിച്ച് പണ്ഡിതരും വിദ്യാർത്ഥികളും പങ്കെടുക്കുന്ന ശില്പശാലയും നടക്കുന്നു. ഡോ. വിനിൽ പോൾ, അനഘ പി.ജെ., കൃഷ്ണപ്രിയ രാജീവ്, ഡോ. എൻ.ജെ. ഫ്രാൻസീസ്, ഡോ. കെ.എം. ഷീബ,. അപർണ ഗോപാൽ കെ. എന്നിവർ ശില്പശാലയിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഷെഫറീൻ പി.വി., ശ്രീഹരി കെ. പിള്ള, അനുജ എം. രാംദാസ്, അനഘ എം. എന്നിവർ ഇന്നും നാളെയും ശില്പശാലയിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിക്കും. രാവിലെ 10 മുതൽ അഞ്ച് വരെയാണ് പ്രദർശനസമയം. പ്രവേശനം സൗജന്യമാണ്. 21 പ്രദർശനം സമാപിക്കും.

ഫോട്ടോ അടിക്കുറിപ്പ് :

ഫോട്ടോ ഒന്ന് : ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ നടക്കുന്ന ‘ഉടലും ഉടുപ്പും’ കേരളീയ വസ്ത്രപാരമ്പര്യപ്രദർശനത്തിന്റെ സംഘാടകരായ സർവ്വകലാശാലയിലെ മ്യൂസിയോളജി വിദ്യാർത്ഥികൾക്കൊപ്പം വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരിയും രജിസ്ട്രാർ ഡോ. മോത്തി ജോർജും കനകധാരാ മ്യൂസിയത്തിൽ.

ഫോട്ടോ രണ്ട് : ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ നടക്കുന്ന ‘ഉടലും ഉടുപ്പും’ കേരളീയ വസ്ത്രപാരമ്പര്യപ്രദർശനം കാണുവാൻ കനകധാരാ മ്യൂസിയത്തിൽ വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരിയും രജിസ്ട്രാർ ഡോ. മോത്തി ജോർജും എത്തിയപ്പോൾ.

ഫോട്ടോ മൂന്ന് : ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ നടക്കുന്ന ‘ഉടലും ഉടുപ്പും’ കേരളീയ വസ്ത്രപാരമ്പര്യപ്രദർശനത്തിൽ നിന്ന്.

Author

Leave a Reply

Your email address will not be published. Required fields are marked *