വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി നല്‍കിയ ഉത്തരവുകള്‍ ചേര്‍ത്ത് വച്ചാല്‍ രണ്ട് വോള്യം പുസ്തകം ഇറക്കാം : പ്രതിപക്ഷ നേതാവ്

Spread the love

 

പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (24/03/2025).

വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി നല്‍കിയ ഉത്തരവുകള്‍ ചേര്‍ത്ത് വച്ചാല്‍ രണ്ട് വോള്യം പുസ്തകം ഇറക്കാം. അത്രമാത്രം ഒറ്റപ്പെട്ട സംഭവങ്ങളാണ് വിവിധ സ്ഥലങ്ങളില്‍ നടന്നിട്ടുള്ളത്. മിഷണറിമാരുടെയും രാജാക്കന്മാരുടെയും കാലത്തും

ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകമായ ശ്രദ്ധയുണ്ടായിരുന്നുവെന്നാണ് പി.സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ 1947 ല്‍ കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം 45 വയസായിരുന്നെന്നും ഇപ്പോള്‍ എത്രയാണെന്നുമാണ് പാര്‍ലമെന്ററികാര്യ മന്ത്രി ചോദിച്ചത്. അന്ന് ദേശീയ ശരാശരി 31-32 ആയിരുന്നു. അന്നാണ് കേരളത്തില്‍ 45 വയസ് ആയുര്‍ദൈര്‍ഘ്യമുണ്ടായിരുന്നത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം 90 വയസാകണമായിരുന്നു. 90 വയസാണെന്നു കേട്ടാല്‍ മന്ത്രി സജി ചെറിയാന്‍ തകര്‍ന്നു പോകും.

കേരള മോഡല്‍ എന്നത് 1980 കളിലാണ് ചര്‍ച്ചയായത്. 1947 മുതല്‍ 1980 വരെ നിങ്ങള്‍ എത്ര വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടുണ്ട്? ആ കാലയളവില്‍ ആകെ ആറു വര്‍ഷമാണ് നിങ്ങള്‍ അധികാരത്തില്‍ ഉണ്ടായിരുന്നത്. കേരള മോഡല്‍ പടുത്തുയര്‍ത്തിയതും പ്രാഥമിക ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയതും മെഡിക്കല്‍ കോളജുകള്‍ സ്ഥാപിച്ചതും അതിനെല്ലാം നേതൃത്വം നല്‍കിയതും ഏറ്റവും കൂടുതല്‍ മെഡിക്കല്‍ കേളജുകള്‍ ഉണ്ടായത് യു.ഡി.എഫിന്റെ കാലത്താണെന്നത് ആരും മറക്കേണ്ട.

ഇപ്പോള്‍ ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങിയെന്നും ഇന്ത്യയില്‍ എവിടെയെങ്കിലും ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഉണ്ടോയെന്നുമാണ് മന്ത്രി ചോദിച്ചത്. തമിഴ്‌നാട്ടില്‍ രാജീവ് ഗന്ധി ജനറല്‍ ആശുപത്രിയിലും സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ലിവര്‍ ട്രാന്‍സ് പ്ലാന്റേഷന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. എല്ലാം ഇന്ത്യയില്‍ എവിടെയെങ്കിലും ഉണ്ടോയെന്നാണ് ചോദിക്കുന്നത്.

ശിശുമരണ നിരക്ക് കുറച്ചുകൊണ്ടു വരുന്നതില്‍ എത്രയോ വര്‍ഷായി കേരളം മുന്‍പന്തിയിലാണ്. ഇതെല്ലാം ഈ സര്‍ക്കാരിന്റെ മാത്രം നേട്ടങ്ങളാണെന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും. ഈ നേ
ട്ടങ്ങളെല്ലാം വര്‍ഷങ്ങളായി കേരളത്തിലുള്ളതാണ്. അതില്‍ നിന്നും ഇപ്പോള്‍ പിന്നാക്കം പോയി അപകടകരമായി സ്ഥിതിയില്‍ എത്തി നില്‍ക്കുന്നുവെന്നാണ് പ്രതിപക്ഷം ഇവിടെ ചൂണ്ടിക്കാട്ടുന്നത്.

108 ആംബുലന്‍സ് യു.ഡി.എഫ് കാലത്ത് ഐ.സി.യു.വില്‍ ആയിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. ഇന്ന് 108 ആംബുലന്‍സ് ഐ.സി.യുവിലാണ്. ജീവനക്കാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാന്‍ പോകുകയാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെയുള്ള കണക്ക് നോക്കിയാല്‍, സാംക്രമിക രോഗങ്ങള്‍ വലിയതോതില്‍ വര്‍ധിക്കുകയാണെന്നു കാണാം. 28000 ഹെപ്പറ്റൈറ്റിസ് എ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യാത്ത കേസുകള്‍ ഇതിന്റെ പത്തിരട്ടിയുണ്ടാകും. എലിപ്പനി ബാധിച്ച് നാനൂറോളം പേരാണ് മരിച്ചത്. ആറായിരല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആയിരക്കണക്കിന് പേര്‍ക്കാണ് ചെള്ളുപനി ബാധിച്ചത്. 74000 പേര്‍ക്കാണ് മുണ്ടിനീര് ബാധിച്ചത്. എല്ലാ പകര്‍ച്ച വ്യാധികളും കേരളത്തിലുണ്ട്. പൊതുജനാരോഗ്യ കാര്യത്തില്‍ മുന്നിലാണെന്ന് നാം അഭിമാനിക്കുമ്പോഴാണ് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പകര്‍ച്ചവ്യാധികളുള്ള സംസ്ഥാനമായി കേരളം മാറുന്നത്. പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ ഗൗരവതരമായ പരാജയമാണുണ്ടായത്. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് അനുവദിച്ച പണത്തില്‍ ചെലവാക്കിയത് 26 ശതമാനം മാത്രമാണ്. നോണ്‍ കമ്മ്യൂണിക്കബില്‍ ഡീസീസിന് 35 ശതമാനവും മാത്രമാണ് ചെലവഴിച്ചത്. ശുചിത്വ സമിതിക്ക് പതിനായിരം രൂപയും തദ്ദേശ സ്ഥാപനങ്ങള്‍ അയ്യായിരം രൂപയും നല്‍കുമെന്നു പറഞ്ഞത് നല്‍കിയോ? ആരോഗ്യ വകുപ്പിലെ 300 കോടി രൂപയുടെ പദ്ധതികളാണ് ധനകാര്യ വകുപ്പ് ഈ വര്‍ഷം വെട്ടിക്കുറച്ചത്. ഇതാണോ നിങ്ങളുടെ പ്രയോറിട്ടി?

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. സ്‌പെസിമെന്‍ കാണാതെ പോയ സംഭവം വരെയുണ്ടായി. ആരോഗ്യ വകുപ്പിന് കീഴിലെ ഡോക്ടര്‍മാരും പൊതുജനാരോഗ്യ വിദഗ്ധരും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടാണ് പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ കൊണ്ടു വന്നത്. ആരോഗ്യ മേഖല പ്രശ്‌നത്തിലേക്ക് പോകുകയാണ്. വെറുതെയല്ല ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. പലരും സംസ്ഥാന സര്‍വീസ് വിട്ട് വിദേശത്തേക്ക് പോകുകയാണ്. എല്ലാ സര്‍ക്കാരുകളുടെ കാലത്തും വേക്കന്‍സികള്‍ ഫില്‍ ചെയ്തിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്ത് അഞ്ച് വര്‍ഷം കൊണ്ട് അയ്യായിരത്തില്‍ അധികം തസ്തികകളാണ് സൃഷ്ടിച്ചത്. 9 വര്‍ഷം കൊണ്ട് നിങ്ങള്‍ ചെയ്തിട്ടില്ലല്ലോ? അതിനേക്കാള്‍ കൂടുതല്‍ ആശുപത്രികള്‍ ഇപ്പോഴില്ലേ?

ഇന്നും പല ആശുപത്രികളിലും മരുന്നില്ല. കുറെ നാളുകള്‍ക്ക് മുന്‍പ് ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകന്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ രക്തം ശര്‍ദ്ദിച്ച് ചെന്നു. ആള് മരിച്ചു പോയി. എന്നിട്ട് രക്തം തുടയ്ക്കാനുള്ള പഞ്ഞി പോലും അവിടെയുണ്ടായിരുന്നില്ല. ആശുപത്രിയിലുള്ളത് നിലവാരം കുറഞ്ഞ മരുന്നാണെന്നും പുറത്തു നിന്നും വാങ്ങണമെന്നുമാണ് ഡോക്ടര്‍മാര്‍ രോഗികളോട് പറയുന്നത്. മരുന്ന് വാങ്ങുന്നതിന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാര്‍ച്ചില്‍ നല്‍കേണ്ട ഓര്‍ഡര്‍ പോലും ഇതുവരെ നല്‍കിയിട്ടില്ല. ജൂണില്‍ പോലും ഓര്‍ഡര്‍ നല്‍കാനാകുമെന്ന് തോന്നുന്നില്ല. പണം നല്‍കാത്തതിനാല്‍ പ്രധാനപ്പെട്ട പല കമ്പനികളും പങ്കെടുക്കാത്ത സ്ഥിതിയാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മരുന്ന് സംഭരണത്തിന് 938 കോടി രൂപ വേണ്ട സ്ഥാനത്ത് 506 കോടി രൂപ മാത്രമാണ് അനുവദിച്ചത്. വര്‍ഷങ്ങളായി 800 കോടിയോളം രൂപ കിടിശികയാണ്. 2025-26 സാമ്പത്തിക വര്‍ഷം 1014 കോടി രൂപയാണ് മരുന്ന് വാങ്ങാന്‍ വേണ്ടത്. എന്നാല്‍ ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത് വെറും 356 കോടി രൂപ മാത്രമാണ്. മരുന്ന് വിതരണം പൂര്‍ണമായും താളംതെറ്റിയിരിക്കുകയാണ്. യു.ഡി.എഫ് കാലത്ത് ആരംഭിച്ച കാരുണ്യ മെഡിക്കല്‍ സ്റ്റോറുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. 50000 രൂപയുടെ കാന്‍സര്‍ മരുന്ന് 5000 രൂപയ്ക്കാണ് കാരുണ്യ മെഡിക്കല്‍ സ്റ്റോറിലൂടെ വിറ്റിരുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 41.99 ലക്ഷം കുടുംബങ്ങളാണുള്ളത്. 1550 കോടി രൂപയാണ് ആശുപത്രികള്‍ക്കുള്ള കുടിശിക. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കു മാത്രം 350 കോടി കുടിശ്ശികയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 1200 കോടി രൂപ നല്‍കാനുണ്ട്. കാസ്പ് കാര്‍ഡ് ഒരു ആശുപത്രിയും സ്വീകരിക്കാത്ത അവസ്ഥയാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുണ്ടായിരുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ കോവിഡ് മരണമുണ്ടായ രണ്ടാമത്തെ സംസ്ഥാനവും കേരളമാണ്. കോവിഡിന് ശേഷം കേരളത്തില്‍ മരണനിരക്ക് ഗൗരവമായി വര്‍ധിച്ചു. ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മരണകാരണം എന്താണെന്ന് കണ്ടെത്തിയില്ലെങ്കില്‍ കേരളം അപകടത്തിലേക്ക് പോകും. കേരളത്തിന്റെ പൊതുജനാരോഗ്യം അപകടത്തിലേക്ക് നീങ്ങുകയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ പണ്ട് ആനപ്പുറത്ത് കയറിയതിന്റെ തഴമ്പ് ഇപ്പോഴും ഉണ്ടെന്ന അവകാശവാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *