ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് സംബന്ധിച്ച അടിയന്തര പ്രമേയം ഗൗരവതരമായ വിഷയമാണ്.
കേരളത്തിലെ ഡാമുകള്‍ നിലവില്‍ വന്നിട്ട് പതിറ്റാണ്ടുകളായി. ഇതുവരെ ഇല്ലാത്ത നിയന്ത്രണമാണ് 26/12/2024 ലെ ഉത്തരവിലൂടെ കൊണ്ടുവന്നിരിക്കുന്നത്. ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളെല്ലാം നിലവില്‍ ജെണ്ട കെട്ടി തിരിച്ചിട്ടുണ്ട്. ജെണ്ട കെട്ടിയ സ്ഥലത്ത് പട്ടയം നല്‍കാന്‍ പാടില്ലെന്ന് 2006-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജെണ്ട കെട്ടിയതിനു പുറത്തേക്ക് പട്ടയം നല്‍കാം. അതുതന്നെയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയില്‍ ഡാമിന്റെ ജെണ്ട കെട്ടിയ സ്ഥലത്തിന് അപ്പുറത്തേക്ക് പട്ടയം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വീട് വയ്ക്കാന്‍ വേണ്ടിയല്ലേ പട്ടയം നല്‍കുന്നത്? എല്ലാ ഡാമുകളുടെയും 20 മീറ്റര്‍ വരെയുള്ള പ്രദേശം ബഫര്‍ സോണും പിന്നീടുള്ള നൂറു മീറ്ററില്‍ എന്‍.ഒ.സി വേണമെന്ന ഉത്തരവുമാണ് ഇറക്കിയിരിക്കുന്നത്.
ഹൈക്കോടതിയിലെ കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ് ഇറക്കിയതെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഹൈക്കോടതിയിലെ കേസിന്റെ വര്‍ഷം ഉത്തരവില്‍ ഇല്ല. വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോള്‍ 2024 ലാണ് ഈ കേസ് വന്നിരിക്കുന്നത്. അതിന് മുന്‍പ് 2023-ല്‍ തന്നെ സര്‍ക്കാര്‍ എന്‍.ഒ.സി സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. അപ്പോള്‍ ഹൈക്കോടതിയിലെ കേസാണ് ഉത്തരവിന് കാരണമെന്ന് മന്ത്രി പറയുന്നത് ശരിയല്ല.
വന നിയമവും നീര്‍ത്തട സംരക്ഷണ നിയമവുമുള്ള കേരളത്തില്‍ വളരെ കുറച്ച് സ്ഥലത്ത് മാത്രമെ വീട് വയ്ക്കാനാകൂ. പത്ത് സെന്റില്‍ താഴെ സ്ഥലമുള്ള ആള്‍ വേറെ എവിടെ പോയി വീട് വയ്ക്കും? ആയിരക്കണക്കിന് ആളുകളാണ് ഇരകളായി മാറുന്നത്.
പ്രതിപക്ഷം ഉന്നയിച്ച ആവശ്യം നൂറു ശതമാനവും ശരിയാണെന്നാണ് മന്ത്രി സമ്മതിച്ചിരിക്കുന്നത്. എവിടെ വീട് വച്ചാലും ബില്‍ഡിങ് റൂള്‍സ് ഉള്‍പ്പെടെയുള്ളവ ബാധകമാണ്. നിലവിലുള്ള നിയമങ്ങള്‍ക്ക് മീതെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഇറക്കിയിരിക്കുന്ന ഉത്തരവ്. ഇതനുസരിച്ച് ഇരിട്ടി ടൗണില്‍ വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരും.
ഇത്തരമൊരു ഉത്തരവ് നിലനിന്നാല്‍ ഉദ്യോഗസ്ഥര്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്യും. ഈ ഉത്തരവ് പിന്‍വലിക്കുമെന്ന് ഉറപ്പ് മാത്രം മന്ത്രി നല്‍കിയാല്‍ മതി. ഉത്തരവ് നടപ്പാക്കില്ലെന്നല്ല, പിന്‍വലിക്കുമെന്നാണ് മന്ത്രി പറയേണ്ടത്. ഉത്തരവ് പിന്‍വലിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം അംഗീകരിക്കുന്നു.