കറുപ്പിന് എന്താണ് കുഴപ്പം? : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

പ്രതിപക്ഷ നേതാവ് കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞത് (26/03/2025).

ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് കേരളം യാഥാസ്ഥിതിക ചിന്തകള്‍ വച്ചു പുലര്‍ത്തുന്ന നാടാണെന്ന ഓര്‍മ്മപ്പെടുത്തല്‍; പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്ന ഇ.ഡി കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി നേതാക്കളെ ക്ലീനായി രക്ഷിച്ചു; കേരളത്തിലെ സി.പി.എം- ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസുകള്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നു; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യയില്ല; പ്രതിപക്ഷാംഗത്തെ ചീത്ത വിളിച്ച അവര്‍ പഠിപ്പിച്ച കുട്ടികളെ ഓര്‍ത്താണ് സങ്കടം.

ഏറ്റവും പവര്‍ഫുള്ളായ ഫേസ്ബുക്ക് പോസ്റ്റാണ് ചീഫ് സെക്രട്ടറി ഇട്ടിരിക്കുന്നത്. സാധാരണ ആരും അതിന് ധൈര്യം കാണിക്കാത്തതാണ്. പക്ഷെ ചീഫ് സെക്രട്ടറി ആ ധൈര്യം കാണിച്ചു. ഇത്രയും ഉന്നതമായ പദവിയില്‍ ഇരിക്കുന്ന സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്ക് പോലും അങ്ങനെ എഴുതേണ്ടി വന്നു. കേരളം പുരോഗമനമാണെന്ന് നാം അഭിമാനിക്കുമ്പോഴും ഒരുപാട് പേരുടെ മനസുകളില്‍ ഇപ്പോഴും യാഥാസ്ഥിതികമായ ചിന്തയാണ്. കറുപ്പിന് എന്താണ് കുഴപ്പം. എന്റെ അമ്മയുടെ നിറവും കറുപ്പായിരുന്നു. ആ കറുപ്പ് എനിക്ക് കിട്ടാത്തതിലായിരുന്നു കുട്ടിക്കാലത്തെ എന്റെ വിഷമം. കറുപ്പിന് എന്താണ് കുഴപ്പമെന്ന് തിരിച്ച് ചോദിച്ചു എന്നതാണ് ആ പോസ്റ്റിന്റെ പ്രസക്തി. നിറത്തിലൊന്നും ഒരു കാര്യവുമില്ലാത്ത കാലമാണ്. അങ്ങനെ ചിന്തിക്കുന്നത് പോലും പൊളിറ്റിക്കലി ഇന്‍കറക്ടാണ്. ഇപ്പോഴും ഒരുപാട് യാഥാസ്ഥിതിക ചിന്തകള്‍ വച്ചുപുലര്‍ത്തുന്ന നാടാണ് കേരളമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. പണ്ട് പബ്ലിക് ടോയ്‌ലറ്റുകളില്‍ എഴുതിയിരുന്ന അശ്ലീലമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ കമന്റുകളായി വരുന്നത്.

കൊടകര കുഴല്‍പ്പണ കേസിലെ റിപ്പോര്‍ട്ടിലൂടെ ഇ.ഡി അതിന്റെ വിശ്വാസ്യത പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്. നിഷ്പക്ഷമല്ലാതെ പെരുമാറുന്ന സംവിധാനമാണ് ഇ.ഡിയെന്ന് അവര്‍ എല്ലാവരെയും ബോധ്യപ്പെടുത്തിക്കൊടുത്തു. ധര്‍മ്മരാജന്‍ കൊണ്ടു വന്ന പണമാണെന്നാണ് പറയുന്നത്. നേരത്തെ പൊലീസ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നതൊന്നും ഇ.ഡിയുടെ റിപ്പോര്‍ട്ടിലില്ല. ക്ലീനായി ദേശീയതലത്തിലുള്ള ഭരണകക്ഷിയുടെ നേതാക്കളെ രക്ഷിക്കുകയാണ് ഇ.ഡി ചെയ്തത്. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്ന ഇ.ഡി കേരളത്തിലെ ബി.ജെ.പി നേതാക്കളെ ക്ലീനായി രക്ഷിച്ചിരിക്കുകയാണ്. ധര്‍മ്മരാജന്‍ പണം എവിടെ നിന്നാണ് കൊണ്ടു വന്നത്? കുഴല്‍പ്പണ ഇടപാടുകളില്‍ ആദ്യം അന്വേഷിക്കേണ്ടത് എവിടെ നിന്നാണ് പണം വന്നതെന്നും എവിടേക്കാണ് കൊണ്ടു പോകുന്നതെന്നുമാണ്. പണം നഷ്ടപ്പെട്ടുവെന്ന് പറയാന്‍ ധര്‍മ്മരാജന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെയാണ് ആദ്യം വിളിച്ചത്. ഇതെല്ലാം പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. ഇതിനു പകരമായി കരുവന്നൂരില്‍ സി.പി.എമ്മനെയും സഹായിക്കുമോയെന്ന് നോക്കിയാല്‍ മതി. ഇവര്‍ തമ്മിലുള്ള നാടകങ്ങള്‍ കുറേക്കാലമായി ആവര്‍ത്തിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സി.പി.എം നേതാക്കള്‍ക്കെതിരെയും പൊലീസ് ബി.ജെ.പി നേതാക്കള്‍ക്കെതിരെയും എടുത്ത കേസുകള്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്ന ഘട്ടത്തിലേക്കാണ് പോകുന്നത്. കൊള്ള അന്വേഷിക്കേണ്ടത് പൊലീസാണ്. പി.എം.എല്‍.എ പ്രകാരം കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കേണ്ടത് ഇ.ഡിയാണ്. ഇതൊക്കെ ഇപ്പോള്‍ ഇ.ഡിയെ പഠിപ്പിച്ച് കൊടുക്കേണ്ട സ്ഥിതിയാണ്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ആ കസേരയില്‍ ഇരിക്കാന്‍ പോലും യോഗ്യയില്ലെന്ന് ഇന്നലെ നിയമസഭയില്‍ തെളിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലൊരു പുതിയ അംഗം പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ അവര്‍ മൂന്നോ നാലോ തവണ എഴുന്നേറ്റ് നിന്ന് ചീത്ത വിളിച്ചു. തലേ ദിവസം പി.കെ ബഷീര്‍ സംസാരിക്കുമ്പോഴും അവര്‍ അതു തന്നെയാണ് ചെയ്തത്. മറ്റു മന്ത്രിമാര്‍ പോയി ഇവരോട് മിണ്ടാതിരിക്കാന്‍ പറയുകയായിരുന്നു. പോടാ ചെറുക്കായെന്ന് മൈക്കിലൂടെയല്ല പറഞ്ഞത്. ഞങ്ങള്‍ എല്ലാവരും കേട്ടുകൊണ്ടിരിക്കുകയായിരുന്നു. മൈക്കിലൂടെ വെര്‍ബല്‍ ഡയേറിയ എന്ന് പറഞ്ഞ് പ്രതിപക്ഷാംഗത്തന്റെ പ്രസംഗത്തെ അധിക്ഷേപിച്ചു. തെറി പറയുന്നതിനേക്കാള്‍ മോശമായ പ്രയോഗമാണത്. ഇവര്‍ പ്രൊഫസറാണ്. ഇവര്‍ പഠിപ്പിച്ച കുട്ടികളെ ഓര്‍ത്താണ് സങ്കടം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് യു.ഡി.എഫ് സര്‍ക്കാര്‍ വിദേശ സര്‍വകലാശാലകളുമായി വന്നപ്പോള്‍ എതിര്‍ത്തവരാണിവര്‍. അന്ന് വിദേശ സര്‍വകലാശാലകള്‍ കേരളത്തിലേക്ക് വന്നിരുന്നെങ്കില്‍ പതിനായിരക്കണക്കിന് കുട്ടികള്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാമായിരുന്നു. അവര്‍ ഇവിടെ നിന്ന് പഠിച്ച് ഇവിടെ തന്നെ ജോലി സാധ്യതകളും ഉണ്ടാകുമായിരുന്നു. എല്ലാ കാര്യവും ഇവര്‍ വൈകിയല്ലേ പറയൂ. ശശി തരൂരിന്റെ പോസ്റ്റ് ശരിയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *