ആശാപ്രവര്‍ത്തകരുടെ സമരത്തോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാന്യത കാട്ടണം. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ സംശയമുണ്ട്. പാര്‍ലമെന്റില്‍ ആശാപ്രവര്‍ത്തകരുടെ വിഷയം യുഡിഎഫ് എംപിമാര്‍ നിരന്തരം ഉന്നയിക്കുകയും ചര്‍ച്ചയാക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് ആശാപ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാമെന്ന് വാക്കാല്‍ കേന്ദ്ര ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. എന്നാല്‍ ആശാപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ഉപചോദ്യത്തില്‍ കൂടുതല്‍ വ്യക്തത തേടിയ തനിക്ക് കൃത്യമായ മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറി. ഈ വിഷയത്തില്‍ മന്ത്രിയുടെ ചേമ്പറിലെത്തി കാണാന്‍ അനുമതി തേടിയിട്ടും അനുവാദം നല്‍കിയില്ല. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പുപാലിക്കാന്‍ തയ്യാറാകണം.അതിനായുള്ള സമര്‍ദ്ദവും പോരാട്ടവും തുടരും.
ആശാപ്രവര്‍ത്തകരുടെ ഓണറേറിയം
വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ മാതൃക കാട്ടണം:
ആശാപ്രവര്‍ത്തകരുടെ നിയമനം,ജോലി എന്നിവ ഉള്‍പ്പെടെ ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്ര സ്‌കീം നടപ്പാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. അതുകൊണ്ട് തന്നെ ആശാപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. മറ്റുസംസ്ഥാനങ്ങള്‍ ആശാപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിക്കുമ്പോള്‍ കേരളം എന്തുകൊണ്ട് തയ്യാറാകുന്നില്ല? സംസ്ഥാനം മാതൃക കാണിക്കണം. സംസ്ഥാനം ഓണറേറിയം വര്‍ധിപ്പിച്ച ശേഷം കേന്ദ്ര വിഹിതത്തിനായി ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ യുഡിഎഫും അതിനായി ശക്തമായി സര്‍ക്കാരിനൊപ്പം അണിനിരക്കും. അത് ചെയ്യുന്നതിന് പകരം ആശാപ്രവര്‍ത്തകരുടെ സമരത്തെ അധിക്ഷേപിക്കുകയാണ് സംസ്ഥാന സര്‍ക്കാരും മന്ത്രിമാരുമെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.