എമ്പുരാന്‍ സിനിമയ്ക്കെതിരായ ബിജെപി വിമര്‍ശനം സംഘപരിവാര്‍ അസഹിഷ്ണുതയുടെ ഭാഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. സെക്രട്ടറിയേറ്റിന് മുന്നില്‍ അങ്കണവാടി ജീവനക്കാരുടെയും ആശാപ്രവര്‍ത്തകരുടെയും സമരവേദി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍, എമര്‍ജന്‍സി പോലുള്ള സിനിമകള്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നവയായിരുന്നു. ബിജെപി അതിനെയെല്ലാം സ്വാഗതം ചെയ്തിരുന്നു. സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് അഭിപ്രായം പറയാനില്ല. എക്കാലവും വര്‍ത്തമാനകാല രാഷ്ട്രീയം സിനിമകള്‍ ചര്‍ച്ച ചെയ്യാറുണ്ട്.അത് ചിലര്‍ക്ക് എതിരും അനുകൂലവുമാകും. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണതെല്ലാം. തങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ മാത്രം അസഹിഷ്ണുത കാണിക്കുന്നത് ശരിയാണോയെന്ന് ബിജെപി ആലോചിക്കണം.
മറ്റൊരാളുടെ അഭിപ്രായങ്ങള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പോലും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ മാനിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് ഓര്‍മ്മിച്ചുകൊണ്ടാണ് സുപ്രീംകോടതി, കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ് ഗഢിയുടെ കവിതക്കെതിരെ ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയത്. കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെയും സുപ്രീംകോടതി വിമര്‍ശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പോലും അനുവാദമില്ലെങ്കില്‍ മനുഷ്യ ജീവിതത്തിന് അര്‍ത്ഥമെന്താണെന്നാണ് സുപ്രീംകോടതി ചോദിച്ചത്. ആ വിധി വന്ന പശ്ചാത്തലം ഈ സാഹചര്യത്തില്‍ കൂട്ടിവായിക്കണം. താന്‍ സിനിമയുടെ പ്രമോട്ടറും എതിരാളിയുമല്ല.തങ്ങള്‍ക്ക് അനുകൂലമായി പറയുന്നവരെ വാഴ്ത്തുകയും അല്ലാത്തതിനെ വിമര്‍ശിക്കുകയും ചെയ്യുന്ന നിലപാടിനോട് യോജിപ്പില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു