നൈപുണ്യശേഷി ഉച്ചകോടി ‘പെർമ്യൂട്ട് 2025’ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

Spread the love

വിജ്ഞാന വ്യവസായത്തിൽ കേരളത്തെ രാജ്യത്തിന്റെ ടാലന്റ് തലസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) സംഘടിപ്പിച്ച നൈപുണ്യശേഷി ഉച്ചകോടി ‘പെർമ്യൂട്ട് 2025’ ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ടാഗോർ തിയേറ്ററിൽ നിർവഹിച്ചു.സംസ്ഥാനത്തെ സംരംഭങ്ങൾ അധികവും സേവനമേഖലയിലുള്ളതാണെന്നും കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് കൂടുതൽ സംരംഭങ്ങൾ കടന്നുവരണമെന്നും ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. മൈക്രോ ചിപ്പുകളുടെ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചടുലമായ മാറ്റങ്ങൾ നമ്മുടെ സാങ്കേതികവിദ്യ വ്യവസായത്തിലേക്ക് സന്നിവേശിപ്പിക്കാനും ടെക് ഡിവൈസസ് മാനുഫാക്ചറിങ്ങിൽ മുന്നേറാനും സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നിർമിതബുദ്ധിയുടെ കാലഘട്ടത്തിൽ ഡീപ്ടെക് ഇക്കോസിസ്റ്റം രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണ്. ഇതിലേക്കായി ദേശീയതലത്തിൽ ഹാക്കത്തോൺ സംഘടിപ്പിക്കും. കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ഇനിയും മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ സർക്കാർ നടത്തിവരികയാണ്. അടിസ്ഥാന സൗകര്യ വികസനം, കണക്ടിവിറ്റി, ഐടി കോറിഡോർ നിർമ്മാണം, വ്യവസായ പാർക്കുകൾ, സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ഇവയെല്ലാം ഇത്തരത്തിലുള്ള ഇടപെടലുകളാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള വിദ്യാർത്ഥികളെ സംരംഭകത്വത്തിലേക്ക് നയിക്കുന്നതിനായി 525 ഇന്നൊവേഷൻ എൻട്രർപ്രണർഷിപ്പ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. സംരംഭങ്ങൾ ഡിസൈൻ ചെയ്യുന്നതിനുള്ള സൂപ്പർ ഫാബ് ലാബ് രാജ്യത്ത് ആദ്യമായി നിലവിൽവന്നത് സംസ്ഥാനത്താണ്. ഇപ്പോൾ 22 സൂപ്പർ ഫാബ് ലാബുകൾ സംസ്ഥാനത്തുണ്ട്. കൊച്ചി കളമശേരിയിലെ സംയോജിത സ്റ്റാർട്ടപ്പ് സമുച്ചയത്തിൽ ഒരുലക്ഷത്തി എൺപതിനായിരം ചതിരശ്രയടി വലിപ്പത്തിലുള്ള ഇൻകുബേഷൻ ഫെസിലിറ്റിയാണുള്ളത്. വിദേശ വിപണിയിലേക്ക് സ്റ്റാർട്ടപ്പുകൾക്ക് കടന്നുചെല്ലാനായി സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി കേന്ദ്രങ്ങൾ ആരംഭിക്കാനായി. തിരുവനന്തപുരം ടെക്നോസിറ്റിയിൽ 5 ലക്ഷം ചതുരശ്രയടിയിലുള്ള എമേർജിംഗ് ടെക്നോളജി ഹബ് ആണ് ഒരുങ്ങുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്സിക്യുട്ടീവ് ചെയർമാനും ജിടെക് ചെയർമാനുമായ വി കെ മാത്യൂസ്, ടാറ്റാ എൽസി സെന്റർ ഹെഡും ജിടെക് സെക്രട്ടറിയുമായ ശ്രീകുമാർ വി, മ്യുലേൺ ചീഫ് വോളന്റിയർ ദീപു എസ് നാഥ്, ഗൂഗിൾ ഡവലപ്പർ റിലേഷൻസ് ലീഡ് ഡോ. കാർത്തിക് പദ്മനാഭൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അനൂപ് അംബിക, എപിജെ അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ കെ ശിവപ്രസാദ്, ജിടെക് അക്കാദമിയ അൻഡ് ടെക്നോളജി ഫോക്കസ് ഗ്രൂപ്പ് കൺവീനർ സിന്ധു പിള്ള തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *