സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം: ധനമന്ത്രി തിരുവനന്തപുരം ജില്ലാ ട്രഷറി സന്ദർശിച്ചു

Spread the love

ഈ സാമ്പത്തിക വർഷം ട്രഷറിയിലൂടെ നടന്നത് 24000 ലധികം കോടി രൂപയുടെ ഇടപാട്: മന്ത്രി കെ.എൻ. ബാലഗോപാൽ

സാമ്പത്തിക വർഷത്തിന്റെ അവസാന ദിനത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ തിരുവനന്തപുരം ജില്ലാ ട്രഷറി സന്ദർശിച്ചു. 2024-25 സാമ്പത്തിക വർഷം 24,000ലധികം കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ സംസ്ഥാന ട്രഷറിയിലൂടെ നടന്നതായി മന്ത്രി കെ.എൻ. ബാലഗോപാൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സാമ്പത്തിക വർഷത്തിലെ അവസാന ദിനത്തെ കണക്ക് കൂടി വരുമ്പോൾ ഇടപാട് 26000 കോടി രൂപയിൽ കൂടും. മാർച്ച് മാസത്തെ അവസാന പ്രവൃത്തി ദിനം 29 ആയതിനാൽ 26-ാം തീയതി വരെ ബില്ലുകൾ സമർപ്പിക്കുവാൻ സമയം അനുവദിച്ചിരുന്നു. ഇതനുസരിച്ച് മുൻകൂട്ടിയുള്ള ക്രമീകരണങ്ങൾ ധനകാര്യ വകുപ്പും ട്രഷറിയും സ്വീകരിച്ചു. സമർപ്പിച്ച മുഴുവൻ ബില്ലുകളിലും സമയ ബന്ധിതമായി നടപടി പൂർത്തിയാക്കി. മാർച്ച് 28 ന് മാത്രം 26000 ത്തോളം ബില്ലുകളിലാണ് നടപടികൾ സ്വീകരിച്ചത്. ബജറ്റ് പ്രഖ്യാപന വേളയിൽ പ്രഖ്യാപിച്ച പോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കടക്കമുള്ള പ്ലാൻ ഫണ്ട് പൂർണമായും അനുവദിച്ചു എന്നതും ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.

കൃത്യസമയത്ത് ബില്ലുകളിൽ നടപടി സ്വീകരിച്ച് സമയ ബന്ധിതമായി തുക അനുവദിക്കുന്നതിന് കാരണക്കാരായ ധനകാര്യ വകുപ്പിലെയും ട്രഷറിയിലെയും ജീവനക്കാരെ അഭിനന്ദിക്കുന്നു. കഠിനാധ്വാനവും അധിക സമയത്തുള്ള ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണവും സമയ പരിമിതിയെ മറികടക്കാൻ സഹായിച്ചു. പ്രതിസന്ധിക്കിടയിലും കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി അറിയിച്ചു. ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ മന്ത്രിയോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *