സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷനു നല്‍കിയിരിക്കുന്ന ഉത്തരവ് നടപ്പിലാക്കാന്‍ കമ്മീഷന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സംഘടനാ ചെയര്‍മാന്‍ എം.മുരളി ഇതു സംബന്ധിച്ച് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
സംഘടനയില്‍ അംഗങ്ങളായ കേരളത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതി നിധികള്‍ നല്‍കിയ റിട്ട് പെറ്റീഷനില്‍ (WP(C)42624/24) കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ ഓരോ തദ്ദേശസ്ഥാപനങ്ങളിലെയും വാര്‍ഡുകളിലെ ജനസംഖ്യ തുല്യമായിരിക്കണം എന്ന ഡീലിമിറ്റേഷന്‍ കമ്മീഷന്റെ തന്നെ മാര്‍ഗ്ഗരേഖ പല തദ്ദേശസ്ഥാപനങ്ങളിലെ കരട് വിജ്ഞാപനത്തിലും ലംഘിച്ചിരിക്കുന്നതായും, ഈ അപാകത പരിഹരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അണ്‍ ഓതറൈസ്ഡ് വീടുകളുടെ എണ്ണം കൂടി ജനസംഖ്യ തിട്ടപ്പെടുത്താനും, വാര്‍ഡുകള്‍ നിജപ്പെടുത്താനും മാനദണ്ഡമാക്കണമെന്ന കമ്മീഷന്‍ നിര്‍ദ്ദേശവും പല തദ്ദേശ സ്ഥാപനങ്ങളും അവഗണിച്ചതായി ഹൈക്കോടതി കണ്ടെത്തി. അതും അടിയന്തിരമായി പരിഹരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
വാര്‍ഡുകളിലെ ജനസംഖ്യ കണക്കാക്കാന്‍ ആള്‍ താമസമില്ലാത്ത കെട്ടിടങ്ങള്‍ പരിഗണിച്ചത് നിയമവിരുദ്ധമാണെന്നും, അത്തരം ആക്ഷേപങ്ങള്‍ അടിയന്തിരമായി പരിഹരിക്കാനും കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ഈ അപാകതകള്‍ പരിഹരിച്ചുമാത്രമേ അന്തിമ വിജ്ഞാപനം നടത്താന്‍ പാടുള്ളു എന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചുവെങ്കിലും കമ്മീഷന്‍ ഇതിന്മേല്‍ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല എന്ന് എം.മുരളി പറഞ്ഞു.
ഇത്തരം ഗുരുതരമായ വീഴ്ചകള്‍ പരിഹരിക്കാന്‍, ഈ കരട് നിര്‍ദ്ദേശം തയ്യാറാക്കിയവര്‍ക്ക് കമ്മീഷന്‍ മാര്‍ച്ച് 15 മുതല്‍ 19 വരെ അഞ്ച് ദിവസങ്ങള്‍ നല്‍കിയെങ്കിലും, ഒരു സ്ഥാപനത്തിലും ഇത്തരം വീഴ്ചകള്‍ പരിഹരിച്ചില്ല എന്നും മുരളി കുറ്റപ്പെടുത്തി.