വര്‍ത്തമാനകാല രാഷ്ട്രീയം ചര്‍ച്ച ചെയ്തതിന്റെ പേരില്‍ എമ്പുരാന്‍ സിനിമയെ അസഹിഷ്ണുതയോടെ നേരിടുകയും ചിത്രത്തിന്റെ സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കൈകടത്തല്‍ നടത്തി എഡിറ്റിംഗിന് വിധേയമാക്കിയ നടപടി ബിജെപിയുടെ ഫാസിസമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി
ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെ അംഗീകരിക്കാനാവില്ല.കലാകാരന്‍മാരെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും സമര്‍ദ്ദത്തിലാക്കിയും തങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയം ഏതുതന്നെയായാലും എതിര്‍ക്കപ്പെടേണ്ടതാണ്. ഗോധ്രാ സംഭവത്തിന്റെയും ഗുജറാത്ത് കാലാപത്തിന്റെയും ചോരമരവിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ എമ്പുരാന്‍ സിനിമയില്‍ കടന്നുവന്നതാണ് ചിലരെ ചൊടിപ്പിച്ചത്.
എതിര്‍ക്കുന്നവരെ വേട്ടയാടുന്ന സംഘപരിവാര്‍കാലത്ത് ഗുജറാത്ത് കലാപം സിനിമയിലൂടെ അടയാളപ്പെടുത്താന്‍ എമ്പുരാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കാണിച്ച ധൈര്യം എടുത്തു പറയേണ്ടതാണ് .എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് തിരുത്തേണ്ടി വന്നിരിക്കുന്നു. ഏത് സാഹചര്യത്തിലാണ് നിലപാടുകള്‍ തിരുത്തേണ്ടി വന്നതെന്ന് നാം ചിന്തിക്കണം. സംഘപരിവാറിനെ എതിര്‍ത്ത് രാഷ്ട്രീയം പറയാന്‍ സിനിമാക്കാര്‍ തയ്യാറാകുമ്പോള്‍ അവര്‍ക്കുവേണ്ട പിന്തുണ നല്‍കാന്‍ നട്ടെല്ലുള്ള ഭരണകൂടമോ ആര്‍ജ്ജവമുള്ള ആഭ്യന്തര മന്ത്രിയോ കേരളത്തില്‍ ഇല്ലെന്ന തിരിച്ചറിവാണ് മലയാളത്തിന്റെ അതുല്യപ്രതിഭകളായ മോഹന്‍ലാലിനും പൃഥ്വിരാജിനും അവരെടുത്ത നിലപാടില്‍ നിന്ന് പിന്നോട്ട് പോകേണ്ടി വരുന്ന സാഹചര്യം ഒരുക്കിയത്.ഈ സ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നിരുന്നിരുന്നെങ്കില്‍ ഒരിക്കലും കേരളം ആരാധിക്കുന്ന ഈ കലാകാരന്‍മാര്‍ക്ക് സംഘപരിവാരങ്ങളുടെ അസഹിഷ്ണുതയ്ക്ക് മുമ്പില്‍ തലകുനിക്കേണ്ടി വരില്ലായിരുന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു.
സംഘപരിവാറിന്റെ പൈശാചിക ചെയ്തികള്‍ വിളിച്ച് പറഞ്ഞതിന്റെ പേരിലാണ് എമ്പുരാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരായ മോഹല്‍ലാല്‍,പൃഥിരാജ് , മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരെ അധിക്ഷേപിക്കുന്നതിലേക്ക് സംഘടിതമായ നീക്കം ഉണ്ടായത്. ഭാവനയില്‍ സൃഷ്ടിക്കപ്പെട്ട ഒരു കഥയുടെ പേരില്‍ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും പൊതുയിടങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വേട്ടയാടിയിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകാത്തതും അത്ഭുതപ്പെടുത്തുന്നു. ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. സാംസ്‌കാരിക നായകര്‍ മൗനം വെടിഞ്ഞ് ശക്തമായി പ്രതികരിക്കേണ്ട സമയമാണിത്.
ഫാസിസം ഏതൊക്കെ വഴിയിലൂടെയാണ് കടന്ന് വരുന്നതെന്നതിന് തെളിവാണ് എമ്പുരാന്‍ സിനിമയ്ക്ക് നേരെയുള്ള ആക്രമണം. രാജ്യം ഞെട്ടിത്തരിച്ച ഗുജറാത്ത് കാലപത്തിന്റെ ഓര്‍മ്മപെടുത്തലുകള്‍ പുനഃരാവിഷ്‌കരിക്കാനും ചര്‍ച്ച ചെയ്യാനും സംവിധായകനും നടനുമായ പൃഥിരാജ് കാട്ടിയ തന്റേടം പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. അതിന്റെ പേരില്‍ അതുല്യപ്രതിഭയായ ഈ കലാകാരനെ വേട്ടയാടമെന്ന് ആരെങ്കിലും കരുതിയെങ്കില്‍ അതിന് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്ന് ജന്മമെടുത്ത അക്രമണം എവിടെയുണ്ടായാലും ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്നും കെ.സുധാകരന്‍ പറഞ്ഞു.