കുട്ടികളെയും യുവാക്കളെയും വിപൽക്കരമായി ബാധിക്കുന്ന പ്രവണതകളെ തിരിച്ചറിഞ്ഞ് അവയെ
ഫലപ്രദമായി നേരിടേണ്ടത് അനിവാര്യമാണ്. സർക്കാർ അതീവ ഗുരുതരമായി കാണുന്ന ഈ വിഷയവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലെ വിദഗ്ധരുടെയും സംഘടനകളുടെയും അഭിപ്രായം സ്വരൂപിക്കുന്നതിനായി ശില്പശാല സംഘടിപ്പിച്ചു.
കൃത്യമായ സർഗ്ഗാത്മക വികാസം കൈവരിക്കാൻ സാധിക്കാത്തതും മത്സരാധിഷ്ഠിത സാമൂഹ്യ വ്യവസ്ഥയിൽ സൃഷ്ടിക്കപ്പെടുന്ന ആശങ്കകളും ഡിജിറ്റൽ ലോകത്തിൽ പതിയിരിക്കുന്ന ചതിക്കുഴികളും തുടങ്ങി വിവിധ സാമൂഹ്യ ഘടകങ്ങൾ കുട്ടികളുടെ ആരോഗ്യകരമായ വികാസത്തിന് വിഘാതമാകുന്നുണ്ട്. കൂടാതെ രാസലഹരി ഉൾപ്പടെയുള്ള നിരോധിത ലഹരി ഉത്പന്നങ്ങളുടെ വ്യാപനവും ഈ പ്രവണതയുടെ മുഖ്യഹേതുവാണ്.
ഇളംതലമുറയിൽ അക്രമണോത്സുകത വർദ്ധിക്കുന്നതിനും ഇവയെല്ലാം കാരണമാകുന്നുണ്ട്. സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയ സംഘടനകളും സമൂഹവും കുടുംബങ്ങളുമെല്ലാം ഒന്നിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഈ വിപത്തിന് തടയിടാൻ സാധിക്കുകയുള്ളൂ. കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമനടപടികൾ സർക്കാർ സ്വീകരിക്കുന്നതോടൊപ്പം തിരുത്തൽ പ്രക്രിയയിൽ അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ എല്ലാവരും ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു.