വജ്രജൂബിലിയിലേക്ക് കടന്ന് എച്ച് എല്‍ എല്‍

Spread the love

ആരോഗ്യരംഗത്തെ സമസ്ത മേഖലകളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും

തിരുവനന്തപുരം : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് വജ്രജൂബിലിയിലേക്ക്. ഫാക്ടറി ഡേയുടെയും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വജ്രജൂബിലി പ്രവര്‍ത്തന പദ്ധതികളുടെയും ഉദ്ഘാടനം എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ (ഇന്‍-ചാര്‍ജ്) ഡോ. അനിത തമ്പി നിര്‍വഹിച്ചു.

ഒരു പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ 60 വര്‍ഷത്തിലേക്കെത്തുന്നു എന്നത് ഏറെ അഭിമാനകരമായ നിമിഷമാണെന്ന് ഡോ. അനിത തമ്പി പറഞ്ഞു. വജ്രജൂബിലി വര്‍ഷത്തിന്റെ ഭാഗമായി അടുത്ത 5 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘വിഷന്‍-2030’ പദ്ധതി എച്ച്എല്‍എല്ലിന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തു പകരും. മാനസികാരോഗ്യം, മാലിന്യസംസ്‌ക്കരണം, പോഷകാഹാരം, വെറ്ററിനറി തുടങ്ങി ആരോഗ്യരംഗത്തെ സമസ്ത മേഖലകളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. വജ്രജൂബിലിയുടെ ഭാഗമായി ആരോഗ്യമേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം സിമ്പോസിയങ്ങളും ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന പൊതുജനാരോഗ്യ സംരക്ഷണ പരിപാടികളും നടപ്പിലാക്കും. കോവിഡ് പോലെ രാജ്യം നേരിട്ടപ്രതിസന്ധികളിലെല്ലാം എച്ച്എല്‍എല്ലിന്റെ സഹായഹസ്തമുണ്ടായിരുന്നു.

രാജ്യത്ത് ആരോഗ്യപരിരക്ഷാ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണരംഗത്തെ പ്രമുഖരായ എച്ച് എല്‍ എല്‍ 1966 മാര്‍ച്ച് 1നാണ് സ്ഥാപിതമായത്. 1969 ഏപ്രില്‍ 5ന് പേരൂര്‍ക്കടയില്‍ ഫാക്ടറിയും ആരംഭിച്ചു. ഗര്‍ഭനിരോധന ഉറകളുടെ നിര്‍മ്മാണത്തിലാരംഭിച്ച എച്ച് എല്‍ എല്‍ എഴുപതോളം ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ എത്തിക്കുന്നത്. കൂടാതെ, അടിസ്ഥാന വികസനം, രോഗ നിര്‍ണയം, പ്രൊക്യൂര്‍മെന്റ് കണ്‍സള്‍ട്ടന്‍സി, ആശുപത്രി നിര്‍മ്മാണം, മരുന്നുകള്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ്, തുടങ്ങി ആരോഗ്യ രംഗത്തെ എല്ലാ മേഖലകളിലേക്കും എച്ച്എല്‍എല്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ്.

ഡയഗ്നോസ്റ്റിക് ഇമേജിംഗ് സേവനങ്ങള്‍ കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുന്ന ഹിന്ദ്ലാബ്സ്, മരുന്നുകളും ഇംപ്ലാന്റുകളും ജീവന്‍രക്ഷാ ഉപകരണങ്ങളും 60 ശതമാനം വരെ വിലക്കുറവില്‍ നല്‍കുന്ന അമൃത് എച്ച്എല്‍എല്‍ ഫാര്‍മസി, എച്ച്എല്‍എല്‍ ഒപ്ടിക്കല്‍സ് ഔട്ട്ലെറ്റുകള്‍, എന്നിവയ്ക്കു പുറമേ മാലിന്യ സംസ്‌കരണം, ആര്‍ത്തവ ശുചിത്വം തുടങ്ങിയ പൊതുജന ആരോഗ്യ സംരക്ഷണത്തിനായി നിരവധി പദ്ധതികളും എച്ച് എല്‍ എല്ലിനു കീഴില്‍ നടപ്പിലാക്കി വരുന്നുണ്ട്.

ഇന്ത്യയിലുടനീളം 8 അത്യാധുനിക ഫാക്ടറികളും, 22 റീജിയണല്‍ ഓഫീസുകളുമാണ് എച്ച് എല്‍ എല്ലിനുള്ളത്. രണ്ട് ലക്ഷത്തിലധികം റീട്ടെയില്‍ ഔട്ട്ലെറ്റുകളും, 5 സബ്സിഡറീസും എച്ച്എല്‍എല്ലിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, 80-ലധികം രാജ്യങ്ങളിലേക്ക് എച്ച്എല്‍എല്‍ ഉത്പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

ഫാക്ടറി ഡേയോടനുബന്ധിച്ച് പതാക ഉയര്‍ത്തലും, ജീവനക്കാര്‍ക്കുവേണ്ടി നിര്‍മിച്ച നടപ്പാതയുടെ ഉദ്ഘാടനവും നടന്നു. ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) എന്‍. അജിത്ത്, സീനിയര്‍ വൈസ് പ്രസിഡന്റ് (ടി&ഒ) & ജിബിഡിഡി (ഇന്‍ചാര്‍ജ്) വി. കുട്ടപ്പന്‍ പിള്ള, പേരൂര്‍ക്കട യൂണിറ്റ് ചീഫ് എല്‍.ജി. സ്മിത, പേരൂര്‍ക്കട ഫാക്ടറി സീനിയര്‍ എച്ച്ആര്‍ ഹെഡ് രമേഷ് മോഹന്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷന്‍ 1: എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെയും ഫാക്ടറി ഡേയുടെയും ഉദ്ഘാടനം ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ (ഇന്‍-ചാര്‍ജ്) ഡോ. അനിത തമ്പി നിര്‍വ്വഹിക്കുന്നു.

ഫോട്ടോ ക്യാപ്ഷന്‍ 2 : വജ്രജൂബിലിയുടെ ഭാഗമായി എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് ജീവനക്കാര്‍ക്കുവേണ്ടി നിര്‍മിച്ച നടപ്പാതയുടെ ഉദ്ഘാടനം ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ (ഇന്‍-ചാര്‍ജ്) ഡോ. അനിത തമ്പി നിര്‍വ്വഹിക്കുന്നു.

Divya Raj.K

 

Author

Leave a Reply

Your email address will not be published. Required fields are marked *