പിണറായി സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നു : കെ.സുധാകരന്‍ എംപി.

Spread the love

ബജറ്റ് വിഹിതവും പ്ലാന്‍ ഫണ്ടും വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുകയാണ് പിണറായി സര്‍ക്കാരെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ നടന്ന കെപിസിസിയുടെ ദ്വിദിന പഞ്ചായത്തിരാജ് പരിശീലന ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പത്തുവര്‍ഷത്തെ ഭരണം കൊണ്ട് വികസന മുരടിപ്പിലേക്ക് പ്രാദേശിക ഭരണകൂടങ്ങളെ പിണറായി സര്‍ക്കാര്‍ തള്ളിവിട്ടു. സുതാര്യവും ഉത്തരവാദിത്തപൂര്‍ണ്ണവുമായ പ്രാദേശിക ഭരണകൂടങ്ങള്‍ ജനാധിപത്യത്തിന്റെ അനിവാര്യതയാണ്. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ താഴെത്തട്ട് മുതല്‍ മുകള്‍ത്തട്ട് വരെ അടിസ്ഥാനപരമായ മാറ്റം വരുത്തി പുതിയ തലമുറയെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനും എല്ലാ ജനവിഭാഗങ്ങളുടെയും വിശ്വാസം നേടിയെടുത്ത് സാധാരണക്കാരുടെ വികാരം ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ശില്‍പ്പശാല സംഘടിപ്പിക്കുന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.

രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എട്ടു സെക്ഷനുകളായിട്ടാണ് പരിശീലനം. ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 180 പ്രതിനിധികൾക്കാണ് പരിശീലനം നല്‍കുക.പഞ്ചായത്ത്, നഗരസഭാ, കോർപ്പറേഷൻ തലത്തില്‍ പരിശീലനം നല്‍കേണ്ടവര്‍ക്ക് വേണ്ടിയുള്ള പരിശീലനമാണ് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ നല്‍കുന്നത്. വികസന പത്രിക, കുറ്റപത്രം,പ്രാദേശിക മാനിഫസ്റ്റോ എന്നിവ തയ്യാറാകുന്നതിനുള്ള പരിശീലനമാണ് പ്രധാനമായും നല്‍കുന്നത്.

എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി മുഖ്യപ്രഭാഷണം നടത്തി.കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു, വി.ടി ബല്‍റാം,ബി.എ.അബ്ദുള്‍ മുത്തലീബ്,കെ.പി.ശ്രീകുമാര്‍,ജി.സുബോധന്‍, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ പി.പി ബാലന്‍,രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘടനാ ചെയര്‍മാന്‍ എം.മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *