പോക്സോ കേസുകൾ അന്വേഷിക്കാൻ പോലീസിൽ 304 തസ്തികകൾ
പോക്സോ കേസുകള്‍ അന്വേഷിക്കുന്നതിന് പോലീസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന് 304 തസ്തികകള്‍ സൃഷ്ടിക്കും. ഡി വൈ എസ് പി – 4, എസ് ഐ – 40, എ എസ് ഐ – 40, എസ് സി പി ഒ – 120, സി പി ഒ – 100 എന്നിങ്ങനെയാണിത്.
➣ മദ്യനയം അംഗീകരിച്ചു
2025-26 വര്‍ഷത്തെ കരട് മദ്യനയം അംഗീകരിച്ചു.
➣ ശമ്പള പരിഷ്ക്കരണം
കെല്‍ട്രോണിലെ തൊഴിലാളികളുടെ ശമ്പള പരിഷ്ക്കരണം 2017 ഏപ്രില്‍ ഒന്ന് പ്രാബല്യത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.
കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് 10-ാം ശമ്പള പരിഷ്കരണം 01.10.2020 പ്രാബല്യത്തിൽ അനുവദിക്കും.
➣ ഭൂരഹിതരായ അതിദരിദ്രർക്ക് ഭൂമി
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിലുൾപ്പെട്ട ഭൂരഹിതരായ അതിദരിദ്രർക്കു ഭൂമി കണ്ടെത്താൻ ജില്ലകളിൽ ഇതര വകുപ്പുകളുടെ ഉടമസ്ഥതയിൽ ഉള്ളതും ഉപയോഗിക്കാതെ തുടരുന്നതുമായ ഭൂമിയും സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതും ആൾ താമസമില്ലാതെ കിടക്കുന്നതുമായ ഫ്ലാറ്റുകളും വിനിയോഗിക്കുന്നതിന് ജില്ലാ കളക്ടർമാർക്ക് അനുമതി നൽകും.
പഞ്ചായത്തിൽ രണ്ട് ഏക്കർ, മുനിസിപ്പാലിറ്റിയിൽ ഒരു ഏക്കർ, കോർപ്പറേഷനിൽ അമ്പതു സെൻ്റ് എന്ന പരിധിക്കുള്ളിൽ, വകുപ്പുകളുടെ നിരാക്ഷേപപത്രം കൂടാതെ തന്നെ ഭൂമി ഏറ്റെടുക്കും. ഭൂമി പതിവു സംബന്ധിച്ച നിലവിലെ വ്യവസ്ഥകൾക്കു വിധേയമായി ഭൂരഹിതരായ അതിദരിദ്രർക്കു ഭവന നിർമ്മാണത്തിനായി പതിവിനു വിധേയമാക്കാനും ജില്ലാ കളക്ടർമാർക്ക് അധികാരം നൽകും. സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതും ആൾ താമസമില്ലാതെ കിടക്കുന്നതുമായ എല്ലാ ഫ്ലാറ്റുകളും വസ്തുവും വീടും ആവശ്യമുള്ള അതിദരിദ്രർക്ക് കൈമാറുന്നതിനും ജില്ലാ കളക്ടർമാർക്ക് അനുമതി നൽകും. ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് ജില്ലാ കളക്ടര്‍മാര്‍ ഭൂമി കണ്ടെത്തണം.
➣ തസ്തിക
ഹൈക്കോടതി സര്‍വ്വീസില്‍ ഒരു ജൂനിയർ ടെക്നിക്കൽ ഓഫീസർ തസ്തിക സൃഷ്ടിക്കും.
ഹൈക്കോടതി സര്‍വ്വീസില്‍ ഒരു രജിസ്ട്രാര്‍ ( പ്രോടോകോള്‍ ആന്‍റ് സെക്യൂരിറ്റി കണ്‍ട്രോള്‍) തസ്തിക സൃഷ്ടിക്കും. ഫയലിങ്ങ് സ്ക്രൂട്ടിനി ഓഫീസറുടെ രണ്ട് തസ്തികകളും ഒരു ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയും നിര്‍ത്തലാക്കിയാണിത്. നാല് ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികകള്‍ നിര്‍ത്തലാക്കി നാല് പുതിയ പ്രോടോക്കോള്‍ അസിസ്റ്റന്‍റ് തസ്തികകളും സൃഷ്ടിക്കും.
കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷനില്‍ വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ പരിഷ്കരിക്കുകയും പുതിയ ഗ്രേഡുകള്‍ അനുവദിക്കുകയും ചെയ്യും.
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍സ് ലിമിറ്റഡില്‍ ആശ്രിത നിയമനത്തിന് അപേക്ഷിച്ച എട്ട് പേര്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും.
ഭൂമി കൈമാറ്റം
പാലക്കാട് ജില്ലയിൽ കൊച്ചി-ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോർ (കെബിഐസി) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇതിനകം ഏറ്റെടുത്ത 1450 ഏക്കർ ഭൂമിയിൽ ആദ്യ ഘട്ടത്തിൽ 104.5 കോടി രൂപ ഫണ്ടായി അനുവദിച്ച വകയിൽ പ്രത്യേക ഉദ്ദേശ്യ പദ്ധതിക്ക് (SPV) കൈമാറിയ 110 ഏക്കർ ഭൂമി കിഴിച്ച് ബാക്കി വരുന്ന 1340 ഏക്കർ ഭൂമി KINFRA-യുടെ പേരിൽ മാറ്റി നൽകും. NICDIT (National Industrial Corridor Development and Implementation Trust) വ്യവസായിക ഇടനാഴിയ്ക്ക് ഓരോ ഘട്ടത്തിലും അനുവദിക്കുന്ന ഫണ്ടിന് ആനുപാതികമായ ഭൂമി പ്രത്യേക ഉദ്ദേശ്യ പദ്ധതിക്ക് (SPV) പേരിലേയ്ക്ക് കൈമാറ്റം ചെയ്ത് നൽകുന്നതിന് KINFRA -ബോർഡിന് അനുമതി നൽകി.