സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണം : മന്ത്രി വി.എൻ. വാസവൻ

Spread the love

വിഷു- ഈസ്റ്റർ സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സ്റ്റാച്യുവിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. വിഷു- ഈസ്റ്റർ ഉത്സവ സീസണിൽ കൺസ്യൂമർഫെഡ് ആരംഭിക്കുന്ന സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ കാലഘട്ടത്തിലും കൺസ്യൂമർഫെഡ് ഉത്സവ സീസണുകളിൽ വിപണി ഇടപെടൽ നടത്താറുണ്ട്. വിഷു – ഈസ്റ്റർ പ്രമാണിച്ച് സംസ്ഥാനത്ത് 170 കേന്ദ്രങ്ങളിൽ വിപണി ആരംഭിക്കുകയാണ്. 10 ശതമാനം മുതൽ 35 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ വിപണിയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.

വിവിധ സഹകരണസംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ജൈവവൈവിധ്യ ഉൽപ്പന്നങ്ങളും വിപണനത്തിനുണ്ട്. ഉത്സവകാലത്ത് സർക്കാർ നടത്തുന്ന വിപണി ഇടപെടലിലൂടെ വില നിലവാരം കൃത്യമായി നിയന്ത്രിക്കാനും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് എത്തിക്കാനും കഴിയുന്നതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ എട്ടു വർഷങ്ങളിലേറെയായി 13 സാധനങ്ങൾ ഒരേ വിലയിൽ നൽകുന്ന സാഹചര്യം കൺസ്യൂമർഫെഡ് സ്വീകരിച്ചുവരുന്നു. സഹകരണ മേഖലയിൽ 400 ലധികം ഉൽപ്പന്നങ്ങൾ ഉൽപ്പാദനം ചെയ്യുന്നുണ്ടെന്നും അമേരിക്കയിലേക്കും അറബ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *