തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി ജെ.എസ് സിദ്ധാര്‍ഥന്‍ അതിക്രൂരമായി മര്‍ദ്ദിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തിനു കാരണക്കാരായ 19 SFI പ്രവര്‍ത്തകരെ സര്‍വകലാശാല പുറത്താക്കിയത് സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇവരെ മറ്റു കോളജുകളില്‍ പ്രവേശനം നേടുന്നതില്‍ നിന്നു മൂന്നു വര്‍ഷത്തേക്ക് വിലക്കിയതും സ്വാഗതാര്‍ഹമാണ്.
ഒരു യുവാവിന്റെ മരണത്തിന് കാരണക്കാരായവര്‍ ശിക്ഷ അനുഭവിക്കണം. അല്ലെങ്കില്‍ അനാവശ്യ രാഷ്ട്രീയ പേട്രനേജില്‍ ഇത്തരം കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ക്യാമ്പസുകളില്‍ നടക്കും. തെറ്റു ചെയ്തവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം എന്നത് അനുകരണീയമായ മാതൃകയാണ്.
ഈ വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലാണ് ശക്തമായ നടപടികളെടുക്കാന്‍ സര്‍വകലാശാലയെ പ്രേരിപ്പിച്ചത്. ഈ വിഷയത്തില്‍ ശക്തമായ പോരാട്ടം തുടരുന്ന സിദ്ധാര്‍ഥന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു. നീതിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ അവര്‍ക്കൊപ്പം താനുമുണ്ട് – ചെന്നിത്തല പറഞ്ഞു.
ഈ വിഷയത്തില്‍ പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ശക്തമായ ചില ഇടപെടലുകള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. ആദ്യത്തേത് സിപിഎമ്മും എസ്എഫ്‌ഐയും ചേര്‍ന്ന് പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ്. കോളജ് അധികൃതരും പ്രതികളെ രക്ഷിക്കാന്‍ കൂട്ടു നിന്ന സംഭവമുണ്ടായി. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേ, പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഉതകുമാറ് അതീവദുര്‍ബലമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ മുന്നോട്ടു വെച്ചത്. ഇതിന്റെ ഫലമായി മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം നല്‍കാന്‍ സിംഗിള്‍ ബെഞ്ച് വിവാദമായ ഉത്തരവ് പുറപ്പെടുവിച്ചു. സിദ്ധാര്‍ഥനെ ഗുണദോഷിച്ചു നന്നാക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന വിചിത്രമായ കണ്ടെത്തലും കോടതി നടത്തി.
ഈ കുറ്റവാളികള്‍ക്ക് തുടര്‍പഠന സൗകര്യമൊരുക്കാന്‍ മണ്ണുത്തി വെറ്റിനറി കോളജില്‍ അവസരമൊരുക്കാനും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. യുക്തിഹീനമായ ഈ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ താനടക്കമുള്ള നിരവധി പൊതുപ്രവര്‍ത്തകര്‍ അതിശക്തമായ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. കോടതിവിധികള്‍ സമൂഹത്തിന് മാര്‍ഗനിര്‍ദേശകമാകേണ്ടവയാണ്. ഒരു വിദ്യാര്‍ഥിയെ അതിക്രൂരമായി തല്ലിച്ചതച്ചു മരണത്തിലേക്കു തള്ളിവിട്ടവര്‍ കൊടും കുറ്റവാളികള്‍ തന്നെയാണ്. അവരുടെ രാഷ്ട്രീയ സംരക്ഷണത്തിനൊപ്പം തികച്ചും അയുക്തമായ ഇത്തരം കോടതി ഇടപെടലുകള്‍ കേരളത്തിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ ജീവന് യാതൊരു സുരക്ഷയും ഉറപ്പു വരുത്തില്ല എന്ന വാദം മുന്നോട്ടു വെച്ചിരുന്നതായി ചെന്നിത്തല പറഞ്ഞു.
ഈ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. കുറ്റവാളികളെ ചേര്‍ത്തു പിടിക്കാനായിരുന്നു സര്‍ക്കാരിന് താല്‍പര്യം. ഇരയ്‌ക്കൊപ്പമല്ല, വേട്ടക്കാര്‍ക്ക് ഒപ്പമാണ് തങ്ങള്‍ എന്ന വ്യക്തമായ സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയത്.
സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഈ വിധിക്ക് സ്റ്റേ ഉണ്ടായത്. അവരുടെ അപ്പീലിന്മേല്‍ അന്തിമ ഉത്തരവ് ഉടന്‍ പുറത്തു വരും. ഇതിനിടെ റാഗിങ് കേസുകള്‍ പരിശോധിക്കാന്‍ പുതിയ ബഞ്ച് ഉണ്ടാക്കാനും റാഗിങ് നിയമങ്ങള്‍ പരിഷ്‌കരിക്കാനും ഹൈക്കോടതി തീരുമാനിച്ചു. ഇത് ക്യാമ്പസുകളെ സുരക്ഷിതമാക്കുന്നതില്‍ ഒരു വലിയ സ്റ്റെപ്പ് ആണ് എന്നു വിശ്വസിക്കുന്നു. സിദ്ധാര്‍ഥന്റെ മാതാപിതാക്കളുടെ അപ്പീലും താനടക്കമുള്ള പൊതുപ്രവര്‍ത്തകരുയര്‍ത്തിയ ശക്തമായ പ്രതിഷേധവും ഈ കാര്യത്തില്‍ ഹൈക്കോടതിയെ സ്വാധീനിച്ചിട്ടുണ്ട്.
ഈ കേസില്‍ താനും കക്ഷി ചേര്‍ന്നിട്ടുണ്ട്. കാരണം കേരളത്തിലെ ക്യാമ്പസുകള്‍ സുരക്ഷിതമായിരിക്കുകയെന്നത് നമ്മള്‍ ഉറപ്പ് വരുത്തണം. ലഹരിമരുന്നിനും മറ്റും അടിമകളായ വിദ്യാര്‍ഥികള്‍ ഭരണപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ ബാനറില്‍ എന്തുമാകാം എന്ന നിലയില്‍ വിദ്യാര്‍ഥികളുടെ ജീവനെടുക്കുന്ന നിലയിലുള്ള അക്രമസംഭവങ്ങള്‍ നടത്തുന്നത് സമ്പൂര്‍ണമായി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടായതു കൊണ്ടാണ് ഈ കേസില്‍ കക്ഷി ചേര്‍ന്നിരിക്കുന്നത് – ചെന്നിത്തല വ്യക്തമാക്കി.