ഒരു തുള്ളി മാത്രം ! (എന്റെ അമ്മ) : ജോയ്‌സ് വര്ഗീസ്, കാനഡ

Spread the love

ചിലർ അങ്ങനെയാണ്, നമ്മുടെ ഓർമ്മകളിൽ നിന്നും ചിന്തകളിൽ നിന്നും ഹൃദയത്തിൽ നിന്നും തിരിച്ചുപോകാത്തവർ. അവർ വാക്കായി, ചൈതന്യമായി നമുക്ക് ചുറ്റുമുണ്ടാകും.
അമ്മ… എന്റെ അമ്മ.

എല്ലാവർക്കും ‘അമ്മ’ വിലപ്പെട്ട ഓർമ്മകൾ തന്നെ, അമ്മ കൂടെയുള്ളവർക്കും പിരിഞ്ഞു പോയവർക്കും. ചുരുക്കം ചില അപവാദങ്ങൾ ഒഴിച്ച്.

എന്റെ അമ്മ, സിനിമയിലെ കവിയൂർ പൊന്നമ്മയെപോലെ വളരെ മൃദുലയായിരുന്നില്ല. പുരോഗമന ചിന്തകളും ശക്തമായ അഭിപ്രായങ്ങളും ഉള്ള തന്റേടമുള്ള സ്ത്രീയായിരുന്നു. ഒരു യാഥാസ്ഥിതിക ചുറ്റുപാടിൽ അമ്മയുടെ പല ചിന്താധാരകളും അഭിപ്രായപ്രകടനങ്ങളും പലരുടേയും നെറ്റി ചുളിപ്പിച്ചിട്ടുണ്ട്. അതിന്റെ പേരിൽ അമ്മക്ക് കുറെ കല്ലേറ് കിട്ടിയിട്ടുമുണ്ട്.

അതിനോടൊപ്പം കരുണയുള്ള മനസ്സിനുടമയായിരുന്നു. ഞങ്ങൾ മക്കളുടെ ചെറിയ പ്രയാസങ്ങൾപ്പോലും താങ്ങാനാവാതെ, മെഴുകുപ്പോലെ ഉരുകിയൊലിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഈ ശക്തയുടെ തേങ്ങൽ എന്നെ പലപ്പോഴും അമ്പരിപ്പിച്ചിട്ടുണ്ട്. അമ്മ എന്ന വികാരം എത്രയും ആഴമുള്ളതെന്ന് ഇപ്പോൾ ഞാനറിയുന്നു.

പുസ്തകങ്ങളുടെ കൂട്ടുകാരിയായിരുന്നു അമ്മ. അന്നത്തെ വർത്തമാനപത്രത്തിൽ തുടങ്ങി ആനുകാലികങ്ങളിലൂടെ വളർന്നു ഒരു നോവലിന്റെ കുറച്ചു അധ്യായങ്ങൾ വായിച്ചു തീരുന്നതായിരുന്നു അമ്മയുടെ വായനയുടെ ദിനചര്യ. വലിയ കുടുംബവും കൃഷിയും പണിക്കാരും പശുവും കോഴിയും നായയും പൂച്ചയുമായി ശ്വാസം വിടാൻ സമയമില്ലാതെ നെട്ടോട്ടമോടുമ്പോൾ കൂടി വെയിൽ ചാഞ്ഞിരിക്കുന്ന ചുരുക്കം ഒരു മണിക്കൂർ അമ്മ വായനക്കു വേണ്ടി മാറ്റിവെക്കുമായിരുന്നു. ധാരാളം പേജുകളുള്ള അവകാശികൾ, ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ തുടങ്ങിയ തടിയൻ പുസ്തകങ്ങൾ കൈയിൽ താങ്ങിയിരുന്നു വായിച്ച്, വേദനിക്കുന്ന കൈത്തണ്ട തിരുമ്മുന്ന അമ്മയുടെ ചിത്രം ഇന്നും നറുചിരിയോടെ മാത്രമെ ഓർമ്മിക്കാൻ സാധിക്കൂ.
ആ പരന്ന വായനയായിരിക്കണം പുരോഗമന ചിന്തകളുയുടെ വിത്ത് അമ്മയുടെ തലച്ചോറിൽ പാകിയത്.

കുസൃതിയും വാശിയും ചില്ലറ കുരുത്തക്കേടുകളുമായി അമ്മയുടെ നിഴലായി നടന്നിരുന്ന ഒരു നാലുവയസ്സുകാരിയിൽ നിന്നും എന്റെ ഓർമ്മകളും അമ്മയോടുള്ള യോജിപ്പും വിയോജിപ്പും തുടങ്ങുന്നു. വിയോജിപ്പ് എന്തായിരുന്നു എന്നല്ലേ?

അമ്മയെ ഒരു ‘പാവം അമ്മ’ എന്ന് വിളിച്ചു കാണാനായിരുന്നു, എന്നിലെ കൗമാരകാരിക്ക് ഇഷ്ടം. നമുക്ക് യാതൊരു ഗുണവുമില്ലാത്ത കാര്യങ്ങളിൽ എന്തിന് ഇടപെടണം?, ഞാൻ കരുതും.

പക്ഷെ ഇമേജ് നോക്കാതെ ന്യായം പറയുന്ന അമ്മ വളരെ വ്യത്യസ്തയായിരുന്നു.

അമ്മക്ക് നല്ലൊരു കഥ പറയൽ ശൈലിയുണ്ടായിരുന്നു. കള്ളകർക്കിടകത്തിലെ കനത്ത മഴയിൽ കറന്റ്‌ പോയി, പഠിത്തം നിർത്തി പുസ്തകമടച്ചു, ഇത്തിരി വെട്ടത്തിൽ അമ്മക്ക് ചുറ്റുമിരുന്നു കേട്ട കഥകളിൽ, സ്വാതന്ത്ര്യസമരസേനാനിയായ അപ്പൂപ്പനും അമ്മ കേട്ടറിഞ്ഞ രണ്ടാം ലോകമഹായുദ്ധവും കേരളത്തിൽ വീശിയ കൊടുങ്കാറ്റും ശ്രീ നെഹ്‌റുവിന്റെ പ്രസംഗവും ഒരിക്കലും മങ്ങാത്ത ഫ്രെയിമുകളായി ഓർമ്മയിൽ നിൽക്കുന്നു.

ഞാൻ മുറ്റത്തു കൂട്ടുകാരോടൊപ്പം കളിക്കുമ്പോൾ, അമ്മ ഇടയ്ക്കിടെ എത്തിനോക്കി, ഞങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തും. ഒരു ലക്കും ലഗാനുമില്ലാതെ ഓടിക്കളിക്കുന്ന ഞങ്ങളോട് വേലിക്കരികിൽ പൊന്തച്ചെടികൾക്കടുത്ത് പോകരുത്, എന്തെങ്കിലും അനക്കം കേട്ടാൽ ശ്രദ്ധിക്കണം, അപരിചിതരോട് സംസാരിക്കരുത് തുടങ്ങി നല്ലൊരു സ്റ്റഡി ക്ലാസ്സ്‌ തന്നിട്ടാണ് കളിക്കാൻ ഇറക്കി വിടുന്നത്.

ടൗണിലെ സ്കൂളിൽ പഠിച്ചിരുന്ന ഞാൻ സ്ഥിരം തിരിച്ചുവരുന്ന ബസ് അല്പം വൈകിയാൽ വഴിക്കണ്ണുമായി ഗേറ്റിൽ കാത്തുനില്ക്കുന്ന ‘അമ്മ’, എന്റെ മനസ്സിലെ മായാത്ത ഒരു തെളിമയുള്ള ചിത്രം.

എന്റെ അമ്മ സൂക്തങ്ങൾ.

“പിള്ളേരെ ആക്കറ്റ് (കൂടുതലായി ) തല്ലരുത്, തലയിൽ ഒരിക്കലും അടിക്കരുത്. തെറ്റു പറഞ്ഞു മനസ്സിലാക്കുക, വേണമെങ്കിൽ ഒരു ചെറിയ ശിക്ഷ, അത്രയെ പാടുള്ളൂ. കുട്ടികൾക്ക് കളിക്കാനും സമയം കൊടുക്കണം. അവരുടെ സുഹൃത്തുക്കൾ ആരാണെന്ന് തിരക്കുകയും വേണം.

“എല്ലാ കുട്ട്യോളും ഒരുപോലല്ല, എല്ലാവർക്കും നന്നായി പഠിക്കാൻ പറ്റീന്നു വരില്ല.” ഇതൊക്കെ ഇന്നത്തെ വിദ്യാഭ്യാസവിചക്ഷണന്മാർ പറയും മുൻപ് അമ്മ ഫെല്ലോ അമ്മമാരെ ഉപദേശിച്ചിരുന്നു. ചൈൽഡ് സൈക്കോളജി നന്നായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ മക്കളെ അവരുടെ സഹപാഠികളുടെ കഴിവും പഠനനിലവാരവുമായി ഒരിക്കലും താരതമ്യം ചെയ്യില്ലായിരുന്നു.

“പെൺകുട്ടികളെ പഠിച്ചു കലട്ടറാക്കാനാണോ, വേഗം കെട്ടിച്ചു വിട്ടൂടെ? ” എന്ന ബന്ധുവിന്റെ ചോദ്യത്തിന്,
“ജോലിക്ക് വേണ്ടി മാത്രല്ലല്ലോ പഠിക്കുന്നത്, അതു വിവരം കൂടി ഉണ്ടാകാനാണ് “, ചോദ്യത്തിന്റെ മുനയൊടിച്ചു അമ്മ.

ഭർത്താവ് കുടിച്ചു വന്നു സ്ഥിരം ഉപദ്രവിക്കുന്നു എന്ന് പറഞ്ഞ അടുത്ത വീട്ടിലെ യുവതിയെ ഞാൻ പറഞ്ഞുനോക്കാം എന്ന് സമാധാനിപ്പിച്ചയക്കുന്ന അമ്മ. അടുത്തൊരു ദിവസം അവനെ വിളിച്ചു വരുത്തി,
“നിനക്ക് ബോധമില്ലാതെ തല്ലാനാണോടാ നീ പെണ്ണ് കെട്ടിയത്? ഇനി ഞാൻ നീ അവളെ തല്ലിയെന്ന് കേട്ടാൽ ഉണ്ടല്ലോ?”, അമ്മയുടെ റൗഡി മട്ടു കണ്ടു ചൂളി നിൽക്കുന്ന അയല്പക്കത്തെ ചെറുപ്പക്കാരൻ!

അയാൾ പോയപ്പോൾ ഞാൻ ചിരിയടങ്ങാതെ അമ്മയോട് ചോദിച്ചു,
“അയാൾ അയാളുടെ ഭാര്യയെ വീണ്ടും തല്ലിയാൽ അമ്മ എന്തുചെയ്യും?”

“ഒരു പേടി കെടക്കട്ടെ കുട്ടി … വല്യ ഗുണവും ഉണ്ടായലോ.” അതായിരുന്നു അമ്മയുടെ ലൈൻ, ശ്രമിക്കുക, വിജയിക്കണം എന്ന് ഒരു ഉറപ്പുമില്ലെങ്കിലും.

പഞ്ഞകർക്കിടകത്തിൽ, വീട്ടിൽ കൂലിവേലക്കു വന്നിരുന്ന സ്ത്രീ, പ്രസവിച്ചു കിടക്കുപ്പോൾ, അവരുടെ പട്ടിണി മാറ്റാൻ ഇരുകൈകളിലും അരി നിറച്ച സഞ്ചിയുമായി നടന്നു നീങ്ങുന്ന അമ്മയോടൊപ്പം റോഡിന്റെ അരികു ചേർന്നു നടന്ന ഞാൻ. കാൽ നിവർത്താൻ പോലും ഇടമില്ലാത്ത കൊച്ചുമുറിയിൽ ചുരുണ്ടു കിടക്കുന്ന അവരുടെ ദയനീയ സ്ഥിതി കണ്ടു, കണ്ണുകൾ തുടച്ച അമ്മ.

“കുട്ടികൾ അഞ്ചാറായില്ലേ, ഇനി ഇതൊന്നു നിർത്തിക്കൂടെ?”, എന്ന ചോദ്യം.
“മക്കൾ ഉണ്ടായാൽ മാത്രം പോര, അവരെ നന്നായി വളർത്തുകയും സങ്കടങ്ങളിൽ കൈ താങ്ങുകയും വേണം”, എന്നുപദേശിക്കാനും അമ്മ മറന്നില്ല.

സ്വന്തം കുടുംബം ഭർത്താവ് കുട്ടികൾ എന്നതിൽ മാത്രം ഒതുങ്ങാതെ പലരുടെ കാര്യങ്ങളിലും അമ്മ ആവും വിധം ഇടപ്പെടുകയും സഹായിക്കുകയും ചെയ്യുമായിരുന്നു.

സന്ധ്യക്ക്‌ പണി നിർത്തി പോകുമ്പോൾ, “ആർക്കാ വോട്ടു ചെയ്യണ്ടേ?”, എന്ന് ചോദിച്ച കർഷക തൊഴിലാളിയോട്,
“നിങ്ങൾക്ക് കൂലി കൂടുതൽ തരുന്ന പാർട്ടിക്ക് വോട്ട് ചെയ്തോ ട്ടോ “, എന്ന് ആഹ്വാനം ചെയ്തു മാതാശ്രീ.

“എന്താ പറയണേ…അപ്പോൾ നമുക്ക് കൂലി കൂടുതൽ കൊടുക്കണ്ട വരില്ലേ?”

ബന്ധുവിന്റെ വിമർശനം കാറ്റിൽ പറത്തി
അമ്മയുടെ ഉത്തരം അതിനു മുകളിൽ പറന്നു.
“എല്ലു മുറിഞ്ഞു പണിയെടുക്കുന്ന അവരും പട്ടിണിയില്ലാതെ ജീവിക്കട്ടെ!”, ഞാൻ കേട്ട ആദ്യ സോഷ്യലിസ്റ്റ് ചിന്ത.

എന്റെ അമ്മ, എന്റെ നല്ല സുഹൃത്ത് കൂടിയായിരുന്നു. ഞാനല്പം മുതിർന്നപ്പോൾ മുതൽ, പല കാര്യങ്ങളും എന്നോട് സംസാരിക്കുകയും അതിൽ എന്താണ് നിന്റെ അഭിപ്രായം, എന്ത് ചെയ്യണം എന്നാണ് കരുതുന്നത് എന്നാരായുകയും ചെയ്യുമായിരുന്നു. അഭിപ്രായങ്ങൾ കേൾക്കണമെന്നും ( അത് പ്രായത്തിൽ ചെറുപ്പമുള്ളവർ ആയാലും) അതിനു ശേഷം വിവേകത്തോടെ സ്വന്തം തീരുമാനത്തിൽ എത്തണം എന്ന് അമ്മ പറയും. പലരെ കേൾക്കുമ്പോൾ മാത്രമേ അതിനെ കുറിച്ച് എല്ലാ ആംഗിളും നമ്മൾ ചിന്തിക്കൂ, എന്നാണ് കക്ഷിയുടെ പഠനം.

Author

Leave a Reply

Your email address will not be published. Required fields are marked *