ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി : മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് കെ സി ജോസഫ്

Spread the love

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന അതീവ ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ മുൻമന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ സി ജോസഫ് ആവശ്യപ്പെട്ടു.കത്തിന്റെ പൂർണ്ണ രൂപം താഴെ ചേർക്കുന്നു : –
അങ്ങ് യു എസിൽ നിന്നും ചികിത്സ കഴിഞ്ഞ് ഇന്ന് മടങ്ങിയെത്തും എന്നുള്ള വാർത്ത വായിക്കാൻ ഇടയായി. അതുകൊണ്ടാണ് ഞാനീ കത്ത് അയക്കുന്നത്. സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളുടെ ദുരവസ്ഥ അങ്ങയുടെ ശ്രദ്ധയിലും പെട്ടുകാണുമെന്നറിയാം . കേരളത്തിൽ ആകെയുള്ള 14 യൂണിവേഴ്സിറ്റികളിൽ 12 ലും താൽക്കാലിക വി സി മാരാണ് ഇപ്പോൾ ഭരണനിർവ്വഹണം നടത്തുന്നത്. ഇന്നലെത്തെ ഹൈക്കോടതി വിധിയോടുകൂടി രണ്ട് താൽക്കാലിക വി സി മാരുടെ നിയമനം കൂടി അസാധുവായിക്കഴിഞ്ഞു. ഇതിനു പുറമേ മറ്റ് എട്ട് യൂണിവേഴ്സിറ്റികളിലും പരമാവധിയുള്ള ആറുമാസ കാലാവധി പിന്നിട്ട വി സി മാരാണ് ഇപ്പോഴും ചുമതലയിൽ ഇരിക്കുന്നത്. ഫലത്തിൽ പത്ത് യൂണിവേഴ്സിറ്റികളിലും ഒരു നാഥനില്ലാത്ത അവസ്ഥയാണ്. ഇതിനു പുറമേയാണ് ഭാരതാംബ വിവാദത്തെ ചൊല്ലി ഇപ്പോൾ കേരള യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരിക്കുന്ന ഏറ്റവും ദൗർഭാഗ്യകരമായ സ്ഥിതിവിശേഷങ്ങൾ. ബഹു ഗവർണറുടെ നടപടിയും നീക്കങ്ങളും ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. അദ്ദേഹം ആർ എസ് എസിന്റെ കേരളത്തിലെ ചുമതല ഏറ്റെടുത്തു എന്ന് തോന്നിക്കുന്ന രീതിയിലുള്ള നടപടികൾ തുടർച്ചയായി സ്വീകരിക്കുന്നത് ഭരണഘടനാ തലവനെന്ന ആ വലിയ പദവിക്ക് ഒരിക്കലും അനുയോജ്യമായ നിലപാടല്ല എന്ന അഭിപ്രായമാണ് എനിക്കും ഉള്ളത്. പക്ഷെ അതുകൊണ്ട് പ്രശ്നം തീരുന്നില്ലല്ലോ. വി സി – റജിസ്ട്രാർ തർക്കം മൂലം ഏതാണ്ട് രണ്ടായിരത്തോളം ഫയലുകൾ യൂണിവേഴ്സിറ്റിയിൽ തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുകയാണ്. വൈസ് ചാൻസലർ ഒപ്പിടേണ്ട വിദ്യാർത്ഥികളുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വരെ ഇതിൽ ഉൾപ്പെടും. അതുപോലെ വിദ്യാർത്ഥികളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ രജിസ്ട്രാർ ഒപ്പിടേണ്ട മറ്റ് നിരവധി രേഖകളും ഇപ്പോൾ തടഞ്ഞുവച്ചിരിക്കയാണ്. എത്രയോ വിദ്യാർത്ഥികളുടെ ഭാവിയാണ് ഇതു കൊണ്ട് അപകടത്തിലാകാൻ പോകുന്നത്. ഈ സ്തംഭനാവസ്ഥ തുടർന്നാൽ ഉന്നത വിദ്യാഭ്യാസമേഖല നേരിടാൻ പോകുന്ന അതിഗുരുതരമായ അവസ്ഥയെപ്പറ്റി അങ്ങയ്ക്കും ബോധ്യമുണ്ടാകുമല്ലോ. തിരുവിതാംകൂർ യൂണിവേഴ്സിറ്റി ലോകത്തെ അതിപ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയായിരുന്നു. ഒരവസരത്തിൽ ലോക പ്രസിദ്ധനായ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റിനെ തിരുവിതാംകൂർ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാക്കുവാൻ ക്ഷണിച്ചതായി ഞാൻ വായിച്ചിട്ടുണ്ട്. അത്രയും വലിയ പാരമ്പര്യമുള്ള ഒരു മാതൃ യൂണിവേഴ്സിറ്റിയുടെ ഇപ്പോഴത്തെ രൂപമായ കേരള യൂണിവേഴ്സിറ്റി ഇന്ന് നേരിടുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ മറ്റാരേക്കാളും ഉത്തരവാദിത്വം അങ്ങേക്കാണെന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞാനീ കത്തയക്കുന്നത്. അധികാര തർക്കങ്ങളും വലിയേട്ടൻ മനോഭാവവും ഈവിഷയത്തിൽ നമുക്ക് മാറ്റിവയ്ക്കാം. ദുരഭിമാനത്തിന്റെ പേരിൽ ഇനിയും ഗവർണരും ഗവൺമെന്റും രണ്ടു തട്ടിൽ പോകാനാണ് തീരുമാനമെങ്കിൽ ഈ പ്രതിസന്ധി പരിഹരിക്കുവാൻ ഒരാളില്ലാത്ത ദയനീയ അവസ്ഥ ഉണ്ടാകും. ഇന്നത്തെ നിലയ്ക്ക് കോടതികൾക്ക് ഈ വിഷയം പരിഹരിക്കാൻ സാധിക്കുകയുമില്ലല്ലോ തീർച്ചയായും ഉത്തരവാദിത്വം ഭരണത്തലവൻ എന്ന നിലയിൽ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് തന്നെയാണെന്ന് ഞാൻ കരുതുന്നു. ദയവായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭാവിയെ കരുതി യൂണിവേഴ്സിറ്റികളുടെ വൈസ് ചാർസലർമാർ ഇല്ലാത്ത ദുരവസ്ഥയും അതുപോലെ കേരള യൂണിവേഴ്സിറ്റിയിലെ അധികാര തർക്കങ്ങളും പരിഹരിക്കാൻ അങ്ങ് ഇടപെടണമെന്ന് വിനയപൂർവ്വം ഞാൻ അഭ്യർത്ഥിക്കുന്നു. അങ്ങയുടെ ഇടപെടൽ ഇല്ലെങ്കിൽ ഈ വിഷയം അപരിഹാര്യമായി മുന്നോട്ട് പോകുമെന്നും അതുമൂലം ഉണ്ടാകാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾക്കുള്ള ഉത്തരവാദിത്വം ഗവർണ്ണർക്കും സംസ്ഥാന ഗവൺമെന്റിനും തന്നെയാണെന്നും പറയട്ടെ. അങ്ങയ്ക്ക് ഗവർണറുമായി വളരെ നല്ല ബന്ധമാണ് ഉള്ളതെതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. തീർച്ചയായും അത് ഉപയോഗിക്കാൻ അങ്ങ് തയ്യാറാകണം. സംസ്ഥാന ഗവൺമെന്റിന്റെ പിടിവാശിയും മാറണം. ഒപ്പം ഗവർണറും യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം. അതുകൊണ്ട് അങ്ങ് തന്നെ മുൻകൈയെടുത്ത് ഗവർണറുമായി ചർച്ചചെയ്ത് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കെ സി ജോസഫ് അഭ്യർത്ഥിച്ചു

Author

Leave a Reply

Your email address will not be published. Required fields are marked *