പത്മരാജൻ വക്കീൽ: യുവാക്കളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ച നേതാവ് : രമേശ് ചെന്നിത്തല കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം

Spread the love

മുതിർന്ന നേതാവ് അഡ്വ. സി.വി പത്മരാജന്റെ ആകസ്മിക നിര്യാണം വളരെ ദുഃഖത്തോടും നടുക്കത്തോടുമാണ് കേൾക്കാനിടയായത്. എനിക്കദ്ദേഹവുമായി വളരെ ​ദീർഘകാലത്തെ അടുത്ത ബന്ധമുണ്ട്. അദ്ദേഹം കെപിസിസി പ്രസിഡന്റായിരിക്കുമ്പോൾ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനായി ഞാനായിരുന്നു. അന്നുമുതൽ വളരെ അടുത്ത സ്നേഹബന്ധമാണുണ്ടായിരുന്നത്. ചെറുപ്പക്കാരോട്, പ്രത്യേകിച്ച് പാർട്ടി പ്രവർത്തനങ്ങളിൽ താത്പര്യമുണ്ടായിരുന്നവർക്ക് അദ്ദേഹം എല്ലാ പ്രോത്സാഹവും നൽകി. എല്ലാവരോടും വളരെ സ്നേഹ​ പരിലാളനയോടെയാണ് അദ്ദേഹം ഇടപഴകിയത്.
കോൺ​ഗ്രസിലെ സൗമ്യ മുഖമായിരുന്നു എന്നും പത്മരാജൻ വക്കീൽ. ആരോടും പരിഭവമോ പിണക്കമോ വച്ചു പുലർത്തിയിരുന്നില്ല. 1978ൽ പാർട്ടിയിലുണ്ടായ പിളർപ്പിനു ശേഷം ഇരു പക്ഷത്തെയും ഒരുമിച്ചുനിർത്താൻ പത്മരാജൻ വക്കീൽ കാണിച്ച വൈഭവം ചെറുതല്ല. ലീഡർ കെ. കരുണാകരനെയും എ.കെ ആന്റണിയെയും തന്റെ ഇരുവശത്തുമിരുത്തിയാണ് 1982 മുതൽ പാർട്ടിയെ നയിച്ചത്. കൊല്ലം ഡിസിസി പ്രസിഡന്റായിരിക്കെ, മന്ത്രിസഭയിലെത്തിയ പത്മരാജൻ, ഈ പദവി രാജിവച്ചാണ് പാർട്ടി നേതൃത്വം ഏറ്റെടുത്തത്.
പാർട്ടിയിൽ താഴേത്തട്ടു മുതൽ തുടങ്ങിയ പ്രവർത്തനം അദ്ദേഹം കെപിസിസി പ്രസിഡന്റ്, മന്ത്രി, ആക്റ്റിങ് മുഖ്യമന്ത്രി, തുടങ്ങിയ നിലകളിലെല്ലാം തിളങ്ങി. അധ്യാപകനെന്ന നിലയിലും അഭിഭാഷകനെന്ന നിലയിലും പ്രൊഫഷണൽ രം​ഗത്തും മികവു പുലർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. കൊല്ലം സഹകരണ അർബൻ ബാങ്കിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന അദ്ദേഹം അര നൂറ്റാണ്ടിലധികം ബാങ്കിനെ നയിച്ചു. നിലവിൽ 2000 കോടി രൂപയുടെ പ്രവർത്തന ശേഷിയുള്ള വലിയ ബാങ്കായി അർബൻ ബാങ്കിനെ വളർത്തിയത് അദ്ദേഹമാണ്.
കൊല്ലത്ത് വരുമ്പോഴൊക്കെ അദ്ദേഹത്തെ നേരിട്ടു കാണാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഈ മാസം 22 ന് സി.വി. പത്മരാജന്റെ പേരിൽ ഒരു ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്യാനിരുന്നതാണ്. അർബൻ ബാങ്ക് പ്രസിഡന്റ് അഡ്വ. ബേബിസണിന്റെ നേതൃത്വത്തിൽ അതിന്റെ സംഘാടകർ എന്നെ വന്നു കണ്ട് അതിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. തീർച്ചയായും അതിൽ പങ്കെടുക്കാനിരിക്കെയാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്. സി.കേശവൻ, ആർ. ശങ്കർ, സി.എം സ്റ്റീഫൻ, എ.എ റഹിം തുടങ്ങിയ തലമുതിർന്ന നേതാക്കളുടെ തട്ടകമായ കൊല്ലത്ത് കോൺ​ഗ്രസ് പ്രസ്ഥാനം പടുത്തുയർത്തുന്നതിനു നിർണായക നേതൃത്വം വഹിച്ചിട്ടുള്ള പിന്മുറക്കാരനാണു പത്മരാജൻ. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *