ഗവര്‍ണ്ണറും സര്‍ക്കാരും കൂടി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുന്നു : എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി

Spread the love

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം  – 19.7.25

ജനങ്ങളുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിന് പകരം ഗവര്‍ണ്ണറും സര്‍ക്കാരും കൂടി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുകയാണെന്ന് വിമര്‍ശിച്ച വേണുഗോപാല്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോയി കഴിഞ്ഞപ്പോഴാണ് വൈസ് ചാന്‍സിലറുമായി മീറ്റിംഗ് വിളിക്കുന്നതിനെ കുറിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ബോധോദയം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം തീര്‍ന്നുവെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു. രാജ്ഭവനെ ആര്‍എസ് എസ് കേന്ദ്രമാക്കാനുള്ള ഗവര്‍ണ്ണറുടെ സമീപനം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയോ ? രജിസ്ട്രാറിനെ സസ്പെന്‍ഡ് ചെയ്തത് ഉള്‍പ്പെടെ വിസി ചെയ്യുന്ന എല്ലാ നടപടിയും അംഗീകരിക്കാനാണോ സര്‍ക്കാര്‍ തീരുമാനം ? കെസി വേണുഗോപാല്‍ ചോദിച്ചു.

ഗവര്‍ണ്ണറുമായുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച മാനദണ്ഡം സര്‍ക്കാര്‍ വ്യക്തമാക്കണം. പൊതുജനത്തിന് അത് അറിയാനുള്ള അവകാശമുണ്ട്. രാവും പകലുമില്ലാതെ എസ്എഫ്‌ഐ നടത്തിയ സമരങ്ങളൊക്കെ സ്വിച്ചിട്ടത് പോലെയാണ് അവസാനിച്ചത്. എവിടെ നിന്നാണ് ആ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടത് ? ഇപ്പോഴവര്‍ക്ക് രാജ്ഭവന്‍ കാവിവത്കരിക്കുന്നത് പ്രശ്‌നമല്ലേ ? രാജ്ഭവനില്‍ ഗവര്‍ണ്ണര്‍ നടത്തുന്ന കാവിവത്കരണത്തിനെതിരെ രാഷ്ട്രപതിക്ക് കത്തയച്ചയാളാണ് താൻ. അതുകൊണ്ട് തന്നെ എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഗവര്‍ണ്ണറോട് ഒത്തുതീര്‍പ്പില്‍ എത്തിയതെന്ന് അറിയാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *