ഓരോ കുഞ്ഞും വ്യത്യസ്തർ, അവരുടെ കഴിവുകൾ തിരിച്ചറിയണം: മന്ത്രി വീണാ ജോർജ്
ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണം ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.ഓരോ കുഞ്ഞും വ്യത്യസ്തരായതിനാൽ അവരുടെ കഴിവുകൾ തിരിച്ചറിയണമെന്ന് മന്ത്രി പറഞ്ഞു . നമുക്ക് മറ്റൊരാളാവാൻ പറ്റില്ല. ഓരോരുത്തരുടെ ഉള്ളിലും പല കഴിവുകളുണ്ട്. ഓരോ കഴിവുകളും തിരിച്ചറിയണം. ബാല ഭിക്ഷാടനവും ബാലവേലയും ഒഴിവാക്കാൻ ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് നിരവധി പരിപാടികൾ നടത്തി വരുന്നു. ബാല 
ഭിക്ഷാടനവും ബാലവേലയും പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.കുഞ്ഞുങ്ങളെ കുടുംബാന്തരീക്ഷത്തിൽ നിർത്താനാണ് വനിതാ ശിശുവികസന വകുപ്പ് പരിശ്രമിക്കുന്നത്. ഒറ്റ വർഷം കൊണ്ട് 500 ഓളം കുഞ്ഞുങ്ങളെ സ്വന്തം കുടുംബത്തിലോ ഫോസ്റ്റർ കെയറിലോ താമസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. കാവൽ, കാവൽ പ്ലസ് പദ്ധതികളെ സുപ്രീംകോടതി അടുത്തിടെ അഭിനന്ദിച്ചു. അസാധാരണമായ നല്ല മാതൃകയെന്നാണ് യൂണിസെഫ് പറഞ്ഞത്. ബാലസൗഹൃദ കേരളമാണ് ലക്ഷ്യമിടുന്നത്. വീട്ടിലും യാത്രാവേളയിലും പൊതുയിടങ്ങളിലും കുഞ്ഞുങ്ങൾ സുരക്ഷിതരായിരിക്കണം. കുഞ്ഞുങ്ങളുടെ ശാരീരിക, മാനസിക, ബൗദ്ധിക വളർച്ചയാണ് ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ പാളയം രാജൻ, ജോയിന്റ് ഡയറക്ടർ ശിവന്യ, എസ്.സി.പി.എസ്. പ്രോഗ്രാം മാനേജർ സോഫി ജേക്കബ് എന്നിവർ പങ്കെടുത്തു.