പ്രതിപക്ഷ നേതാവ് കണ്ണൂരില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത് സി.പി.എമ്മിനു വേണ്ടി; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം 30 ദിവസമായി വര്‍ധിപ്പിക്കണം; സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഉറപ്പാക്കിയില്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടികള്‍ സ്വീകരിക്കും; സി.പി.എം പുറത്തിറക്കിയ പ്രസ്താവന വെള്ളാപ്പള്ളിയെക്കൊണ്ട് വിദ്വേഷം പറയിക്കുന്നത് മുഖ്യമന്ത്രിയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നത്.
കണ്ണൂര്‍ : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്നത് ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളാണ്. കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത് സി.പി.എമ്മിനു വേണ്ടിയാണ്. ഈ മാസം 23- നാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ അതിന് മുന്‍പ് തന്നെ കരട് വോട്ടര്‍ പട്ടിക തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ സി.പി.എമ്മിന് ചോര്‍ത്തി നല്‍കി. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന 23 മുതല്‍ 7 വരെ 15 ദിവസം മാത്രമാണ് പേര് ചേര്‍ക്കാനുള്ള സമയം. നിരവധി പേരുകള്‍ നീക്കം ചെയ്ത് ക്രമരഹിതമായാണ് വോട്ടര്‍ പട്ടിക തയാറാക്കിയിരിക്കുന്നത്. വ്യാപകമായ കൃത്രിമമാണ് നടന്നത്. ഇതൊക്കെ 
കൃത്യമാക്കാന്‍ വെറും 15 ദിവസം മതിയാകില്ല. സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടാതെ സ്വതന്ത്ര ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം ഏറ്റവും കുറഞ്ഞത് 30 ദിവസമായി വര്‍ധിപ്പിക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഒരു പോളിങ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1100 ആയി നജപ്പെടുത്തിയിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമീണ മേഖലയിലെ ഒരു ബൂത്തില്‍ 1300 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്ന് വോട്ട് ചെയ്യേണ്ടതിനാല്‍ രാത്രി പത്ത് മണി ആയാലും വോട്ട് ചെയ്ത് തീരില്ല. ഈ സാഹചര്യത്തില്‍ ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1100 ആയി കുറയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അതിന് തയാറായില്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനു വേണ്ടി സി.പി.എം നടത്തിയ ശ്രമങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷനും കുടപിടിച്ചു കൊടുക്കുകയാണ്. അതില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്മാറണം. സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറായില്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടികള്‍ സ്വീകരിക്കും.

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിന് എതിരെയാണോ സി.പി.എം പ്രസ്താവനയിറക്കിയത്? ആര്‍ക്കെതിരെയാണ് അവര്‍ പ്രസ്താവന ഇറക്കിയതെന്ന് ആര്‍ക്കും മനസിലായില്ല. സി.പി.എമ്മിന്റെ പ്രസ്താവന ആകാശത്തേക്കുള്ള വെടിയാണ്. അത് ആര്‍ക്കു വേണമെങ്കിലും കൊള്ളുകയോ കൊള്ളാതിരിക്കുകയോ ചെയ്യാം. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും നറേറ്റീവാണ് വെള്ളാപ്പള്ളി നടേശനെക്കൊണ്ട് പറയിക്കുന്നതെന്ന പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്നതാണ് സി.പി.എമ്മിന്റെ പ്രസ്താവന. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയുടെ പി.ആര്‍ ഏജന്‍സികളും സി.പി.എം നേതാക്കളും 
ഭൂരിപക്ഷ പ്രീണന കാമ്പയിനാണ് നടത്തുന്നത്. ആര് വിദ്വേഷ കാമ്പയിന്‍ നടത്തിയാലും പ്രതിപക്ഷവും യു.ഡി.എഫും അതിനെ എതിര്‍ക്കും. ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതകളെ യു.ഡി.എഫ് ഒരു പോലെ എതിര്‍ക്കും. വെള്ളാപ്പള്ളിയെ പോലെ പരിണിത പ്രജ്ഞനാനായ ഒരാള്‍ അങ്ങനെ പറയരുത്. ശ്രീനാരായണ ഗുരുദേവനെ ജാതിമത വ്യത്യാസമില്ലാതെ ഹൃദയത്തിലേറ്റിയവരാണ് മലയാളികള്‍. അതേ ഗുരുദേവന്റെ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന അദ്ദേഹം, ഗുരുദേവന്‍ എന്താണോ പറയാന്‍ പാടില്ലെന്നു പറഞ്ഞത്, അത് പറയരുത്.
നിസാര കാര്യത്തിന്റെ പേരില്‍ സര്‍ക്കാരും ഗവര്‍ണറും എന്തിനാണ് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചത്? പത്ത് മിനിട്ട് കൊണ്ട് പരിഹരിക്കാന്‍ പറ്റുന്ന നിസാര പ്രശ്‌നത്തിനാണ് എസ്.എഫ്.ഐക്കാരെ കൊണ്ട് ചുടുചോറ് മാന്തിച്ച്, സമരാഭാസം നടത്തി സര്‍വകലാശാലകളെ കുറിച്ച് ചീത്തപ്പേരുണ്ടാക്കി, ഉന്നത വിദ്യാഭ്യാസരംഗം കുളമാക്കിയ ശേഷം സര്‍ക്കാരും ഗവര്‍ണറും ഒത്തുതീര്‍പ്പിലെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ എപ്പോഴൊക്കെ പ്രതിസന്ധിയിലാകുമോ 
അപ്പോഴൊക്കെ ഗവര്‍ണര്‍മാര്‍ പ്രശ്‌നമുണ്ടാക്കും. ആരോഗ്യ കേരളം വെന്റിലേറ്ററിലായതിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം അലയടിക്കുമ്പോഴാണ് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പ്രശ്‌നമുണ്ടായത്. മാധ്യമങ്ങളും അതിനു പിന്നാലെ പോയി. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഒത്തുതീര്‍പ്പ് കാലങ്ങളായി കേരളം കാണുന്നതാണ്. നിര്‍മ്മല സീതാരാമനൊപ്പം പുട്ടും കടലയും കഴിക്കാന്‍ പോയപ്പോള്‍ പിണറായി വിജയന്റെ ഇടതു ഭാഗത്ത് ഗവര്‍ണറും ഉണ്ടായിരുന്നു. അവരൊക്കെ ഒന്നാണ്. ജനങ്ങളെ പറ്റിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാന്‍ ഇരുന്നപ്പോഴും ഇതു തന്നെയാണ് പറഞ്ഞത്. മോഹന്‍ കുന്നുമ്മല്‍ എന്ന വി.സി ആര്‍.എസ്.എസുകാരനാണെന്നാണ് സി.പി.എം പറയുന്നത്. അങ്ങനെയെങ്കില്‍ അദ്ദേഹത്തെ ആരോഗ്യ സര്‍വകലാശാല വി.സിയായി നിയമിച്ചത് ഇതേ പിണറായി സര്‍ക്കാരല്ലേ? പിണറായി സര്‍ക്കാര്‍ എന്തിനാണ് ഒരു ആര്‍.എസ്.എസുകാരനെ വി.സിയായി നിയമിച്ചത്? അത് ആര്‍.എസ്.എസുമായുള്ള ധാരണയിലായിരുന്നോയെന്ന് വ്യക്തമാക്കിയാല്‍ മതി.
ഫര്‍സീന്‍ മജീദിന്റെ ജോലി കളയിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സമ്മര്‍ദ്ദം ചെലുത്തിയതാണ്. കരിങ്കൊടി കാട്ടിയ സംഭവത്തില്‍ ഇതുവരെ ഒരു കുറ്റപത്രം പോലും നല്‍കിയിട്ടില്ല. ഇപ്പോള്‍ നോട്ടീസ് നല്‍കിയത് വേട്ടയാടലാണ്. അതിനെ നിയമപരമായി നേരിടും. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തലില്‍ റവന്യൂ മന്ത്രി മറുപടി പറയണം.
യൂത്ത് കോണ്‍ഗ്രസുകാര്‍ ആംബുലന്‍സ് തടഞ്ഞെന്ന പ്രചരണം പച്ചക്കള്ളമാണെന്ന് ഇപ്പോള്‍ വ്യക്തമായി. ഇതില്‍ നിന്നൊക്കെ രക്ഷപ്പെടാനാണ് കേസെടുത്തത്. സമരം ചെയ്തവര്‍ ചേര്‍ന്നാണ് രോഗിയെ ആംബുലന്‍സിലേക്ക് കയറ്റിയതെന്ന് മരിച്ചയാളുടെ സഹോദരനും സഹോദരിമാരും പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ സഹോദരെ വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. സി.പി.എം നടത്തുന്നത് തെറ്റായ പ്രചരണമാണ്. എന്നിട്ടാണ് കള്ളക്കേസെടുത്തത്. സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞുവീണ സ്ഥലത്ത് കയറിയ മാധ്യമ പ്രവര്‍ത്തകരെ പോലും സി.പി.എം ആക്രമിച്ചു. സ്‌കൂളുകളില്‍ ഫൈവ് സ്റ്റാര്‍ ഫെസിലിറ്റിയാണെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. ഓരോ ഫൈവ് സ്റ്റാര്‍ കെട്ടിടവും ഇപ്പോള്‍ ഇടിഞ്ഞു വീഴുകയാണ്.