യു.ഡി.എഫ് ‘പ്രതിഷേധസംഗമം’ ജൂലൈ 23 ന്

Spread the love

നമ്മുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ രൂക്ഷമായ പ്രശ്‌നങ്ങളും പ്രതിസന്ധികളും അവഗണിച്ചുകൊണ്ട് ജനങ്ങളെ നിത്യദുരിതത്തിലാക്കുന്ന
ഇടതുപക്ഷ സര്‍ക്കാരിന്റെ ഏകാധിപത്യ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ 2025 ജൂലൈ 23 ന് യു.ഡി.എഫ് ഉന്നതാധികാര സമിതിയുടെ തീരുമാനപ്രകാരം
നടക്കുന്ന ‘പ്രതിഷേധസംഗമം’ ഒരു ജനമുന്നേറ്റമാക്കി മാറ്റുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
അന്നേദിവസം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും എല്ലാ ജില്ലാ കളക്‌ട്രേറ്റുകള്‍ക്ക് മുന്നിലും ഐക്യജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം അനുഭാവികളെയും സര്‍ക്കാരിനോട് അമര്‍ഷം അടക്കിക്കഴിയുന്ന ബഹുജനങ്ങളേയും അണിനിരത്തുന്നതിന് നമുക്ക് കഴിയണം.
ആരോഗ്യരംഗത്ത്, മരുന്ന് ലഭിക്കാതെ സാധാരണക്കാര്‍ കഷ്ടപ്പെടുന്നതും അടിയന്തിര ഓപ്പറേഷനുകള്‍പോലും ചെയ്യാന്‍ കഴിയാത്ത സാഹചര്യം മെഡിക്കല്‍ കോളേജുകളിലെ പ്രഗത്ഭരായ ഡോക്ടര്‍മാര്‍തന്നെ ജനങ്ങളോട് പറയുന്നതും മുന്‍പൊരിക്കലും കേരളത്തില്‍ ഉണ്ടായിട്ടില്ലാത്തതാണ്. രോഗപ്രതിരോധ രംഗത്തെ അശ്രദ്ധയുടെ ഫലമായി മുന്‍പ് നിര്‍മ്മാര്‍ജ്ജനം ചെയ്ത പല രോഗങ്ങളും തിരികെ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷംകൊണ്ട് കേരള സര്‍ക്കാര്‍ തകര്‍ത്തത് ഏഴുപതിറ്റാണ്ടുകൊണ്ട് നാം ആര്‍ജ്ജിച്ച ആരോഗ്യസുരക്ഷയാണ്.
വിദ്യാഭ്യാസരംഗം പടക്കളമാണെന്ന ധാരണയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. ശാന്തമായ വിദ്യാഭ്യാസ അന്തരീക്ഷം തകര്‍ത്തതുമൂലം വിദ്യാര്‍ത്ഥികള്‍

സംസ്ഥാനം വിടുന്ന പ്രവണത കൂടി വരുന്നുണ്ട്. സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനം ആഭ്യന്തര വകുപ്പിനെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. അതേസമയം വിദ്യാഭ്യാസ മേഖല സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തെ പോലീസും ഭരണ പക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളും ഒരുമിച്ചാണ് ആയുധംകൊണ്ട് തെരുവില്‍ നേരിടുന്നത്. മഹാത്മാജി പഠിപ്പിച്ച സത്യാഗ്രഹത്തിന്റെയും സഹനസമരത്തിന്റെയും പാതയില്‍ തന്നെ നാം ഈ ജനാധിപത്യവിരുദ്ധ സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ ചെയ്തികളെ ചെറുത്തുതോല്‍പ്പിക്കുവാനുള്ള സമയമാണിത് എന്ന ബോധ്യത്തോടെ കേരള ജനതയ്ക്കായി നമുക്ക് അണിചേരാം.
ഈ പോരാട്ടം നാടിന് വേണ്ടിയാണ്, പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും ദാരിദ്ര്യവും അനാരോഗ്യവും അനുവദിക്കാത്ത സാധാരണക്കാര്‍ക്കുവോണ്ടിയാണ്. ഈ ‘പ്രതിഷേധസംഗമം’ ഒരു അലകടലായ് ഇടതുപക്ഷ ബൂര്‍ഷ്വാ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമ്പോള്‍ സെക്രട്ടറിയേറ്റിനുമുന്നിലും ജില്ലാ ആസ്ഥാനങ്ങളിലു ബഹുജനങ്ങളെ എത്തിക്കുന്നതിന് നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം.
ഈ സംഗമത്തില്‍ താഴെ പറയുന്ന ബഹുമാനെപ്പട്ട നേതാക്കള്‍ പങ്കെടുക്കും.
തിരുവനന്തപുരം – ശ്രീ.വി.ഡി.സതീശന്‍ (ബഹു.പ്രതിപക്ഷ നേതാവ്)
അഡ്വ.സണ്ണി ജോസഫ് (ബഹു.കെ.പി.സി.സി പ്രസിഡന്റ്)
കൊല്ലം – ശ്രീ.രമേശ് ചെന്നിത്തല
പത്തനംതിട്ട – അഡ്വ.അടൂര്‍ പ്രകാശ്
ആലപ്പുഴ – ശ്രീ.ഷിബു ബേബി ജോണ്‍
കോട്ടയം – ശ്രീ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ശ്രീ.മാണി സി.കാപ്പന്‍
ഇടുക്കി – ശ്രീ.പി.ജെ.ജോസഫ്
എറണാകുളം – ശ്രീ.അനൂപ് ജേക്കബ്
ശ്രീ.രാജന്‍ ബാബു
തൃശൂര്‍ – ശ്രീ.ജി.ദേവരാജന്‍
പാലക്കാട് – ശ്രീ.സി.പി.ജോണ്‍
മലപ്പുറം – ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
കോഴിക്കോട് – ശ്രീ.കെ.മുരളീധരന്‍
വയനാട് – ശ്രീ.മോന്‍സ് ജോസഫ്
കണ്ണൂര്‍ – ശ്രീ.എം.എം.ഹസ്സന്‍
കാസര്‍ഗോഡ് – ശ്രീ.പി.എം.എ സലാം
സ്‌നേഹപൂര്‍വ്വം

അഡ്വ.അടൂര്‍ പ്രകാശ് എം.പി
(കണ്‍വീനര്‍)

Author

Leave a Reply

Your email address will not be published. Required fields are marked *