കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തടവുകാരുടെ തടവറയില്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Spread the love

കണ്ണൂര്‍ ഡിസിസിയില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ നടത്തിയ വാര്‍ത്താസമ്മേളനം (25.7.25).

ഗോവിന്ദച്ചാമിക്ക് ജയില്‍ ചാടാന്‍ അകത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണം

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സിപിഎമ്മുകാരായ ക്രിമിനല്‍ കേസുകളിലെ തടവുകാരുടെ തടവറയിലാണെന്നും ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം ജയില്‍വകുപ്പിന്റെ ദയനീയ പരാജയം വ്യക്തമാക്കുന്നതാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

കണ്ണൂര്‍ ജയില്‍ സിപിഎം തടവുകാരുടെ താവളമാണ്. സിപിഎമ്മുകാരായ പ്രതികള്‍ക്ക് എല്ലാ സൗകര്യവും ഈ ജയിലില്‍ ലഭിക്കുന്നു.ആ സൗകര്യം ഗോവിന്ദച്ചാമിയെ പോലുള്ള കൊടുംകുറ്റവാളികളും പ്രയോജനപ്പെടുത്തി. ഈ ജയിലില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രതികളുടെ ഭീഷണിയുണ്ട്. അതുകൊണ്ട് തന്നെ പ്രതികള്‍ക്ക് നിയന്ത്രണങ്ങള്‍ക്ക് പകരം അനാവശ്യ സ്വാതന്ത്ര്യം നല്‍കുന്നു. ഒരു അച്ചടക്കവും അവിടെ പാലിക്കപ്പെടുന്നില്ല. അതിന് പ്രകടമായ ഉദാഹരണമാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. ജയില്‍ വകുപ്പ് അതിന് ഉത്തരം പറയണം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഗോവിന്ദച്ചാമിക്ക് ജയില്‍ ചാടാന്‍ അകത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണം.നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് പോലീസിന് ഗോവിന്ദച്ചാമിയെ പിടികൂടാനായത്. ഇനിയും ഇത്തരം സുരക്ഷ വീഴ്ച ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. പ്രതിപക്ഷം പലഘട്ടത്തിലും ജയില്‍ വകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോള്‍ കുറ്റകരമായ മൗനം പാലിച്ച് കൊണ്ട് അകത്തുള്ള പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്ന നടപടികളാണ് സര്‍ക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായതെന്നും സണ്ണി ജോസഫ് പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *