
കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പാഠപുസ്തക പരിഷ്‌കരണം നിർണായകംഹയർസെക്കൻഡറി പാഠപുസ്തക പരിഷ്‌കരണം സംബന്ധിച്ച ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി കെ എൻ ബാലഗോപാൽ തിരുവന്തപുരം ടഗോർ തിയേറ്ററിൽ നിർവഹിച്ചു.പന്ത്രണ്ട് വർഷത്തിനു ശേഷമുള്ള ഹയർസെക്കൻഡറി പാഠപുസ്തക പരിഷ്‌കരണം കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായകമെന്ന് മന്ത്രി പറഞ്ഞു . സാങ്കേതികവും ശാസ്ത്രീയവുമായ അപ്ഡേഷനുകൾ ഉൾപ്പെടുത്തിയാണ് സിലബസ് കാലോചിതമായി പരിഷ്‌കരിക്കേണ്ടത്. ആർട്ട്, കൾച്ചർ, സ്പോർട്സ് വിഷയങ്ങൾക്ക് പ്രാധാന്യം നൽകണം. ഇന്ത്യാക്കാർക്ക് മറ്റു രാജ്യങ്ങളിൽ തൊഴിൽ നിരോധനം നടപ്പിലാക്കുന്ന ഇക്കാലത്ത് നമ്മുടെ സംസ്ഥാനത്ത് തന്നെ വൻവ്യവസായങ്ങൾ വികസിപ്പിക്കാനും സാമൂഹ്യ ജീവിതം മെച്ചപ്പെടുത്താനും ഉതകുന്ന പരിഷ്‌കരണമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു. പതിനാലായിരത്തോളം സ്‌കൂളുകളാണ് പൊതുവിഭ്യാഭ്യാസ മേഖലയിലുള്ളത്. കഴിഞ്ഞ ഒൻപതു വർഷത്തിനുള്ളിൽ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി അയ്യായിരം കോടിരൂപ ചെലവഴിച്ചു. അൻപതിനായിരം ഹൈടെക് ക്ലാസ് മുറികൾ ഒരുക്കി. 43600 അധ്യാപക, അനധ്യാപക നിയമനങ്ങൾ നടത്തി. ഇതിൽ 19000 എണ്ണം പി.എസ്.സി നിയമനങ്ങൾ ആയിരുന്നു. സംസ്ഥാനത്തെ ശമ്പള ചെലവിൽ അൻപത് ശതമാനവും വിദ്യാഭ്യാസ മേഖലയിലേതാണ്.

എസ് സി ഇ ആർ ടി പ്രസിദ്ധീകരണങ്ങൾ ആന്റണി രാജു എംഎൽഎ പ്രകാശനം ചെയ്തു. ദേശീയ പഠന നേട്ട സർവേയിൽ കേരളം രണ്ടാം സ്ഥാനം കൈവരിച്ചതിന്റെ പ്രഖ്യാപനം പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, കൈറ്റ് സിഇഒ കെ അൻവർ സാദത്ത്, സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ ആർ, എസ് സി ഇ ആർ ടി കേരള ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.