സ്‌കൂൾ സുരക്ഷ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ ഡി.ഡി.ഇ., എ.ഡി., ആർ.ഡി.ഡി., ഡി.ഇ.ഒ.,എ.ഇ.ഒ., വിദ്യാകിരണം കോർഡിനേറ്റർമാർ, കൈറ്റ് കോർഡിനേറ്റർമാർ, ഡയറ്റ് പ്രിൻസിപ്പൽമാർ എന്നിവരുടെ യോഗത്തിൽ ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകിയതായും സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.മെയ് 13 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ ആധാരമാക്കി വിശദമായ ചെക്ക് ലിസ്റ്റ് തയ്യാറാക്കും. ജൂലൈ 29 ന് മുമ്പായി എ.ഇ.ഒ., ഡി.ഇ.ഒ., ബി.ആർ.സി. വഴി സ്‌കൂളുകളിൽ സന്ദർശനം നടത്തി സേഫ്റ്റി ഗ്യാപ്പ് റിപ്പോർട്ട് തയ്യാറാക്കും. ജൂലൈ 31 ന് മുമ്പായി ഡി.ഡി.മാർ, ജില്ലാതലത്തിൽ ചെയ്യേണ്ടവ മുൻനിർത്തി അതാത് ഉദ്യോഗസ്ഥർക്ക് കത്ത് നൽകണം. ഇതിന്റെ മൊത്തം റിപ്പോർട്ട് ക്രോഡീകരിച്ച് ജില്ലാ കളക്ടർമാർക്ക് നൽകണം. കോപ്പി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും നൽകണം.എല്ലാ ഡി.ഡി. മാരും സ്‌കൂൾ സുരക്ഷാ വിഷയം ഡി.ഡി.സി. യിലെ സ്ഥിരം അജണ്ട ആക്കാൻ ജില്ലാ കളക്ടർക്ക് കത്ത് നൽകണം. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജില്ലാ കളക്ടർമാർക്ക് കത്ത് നൽകും. ജില്ലയിൽ ഡി.ഡി.ഇ., ആർ.ഡി.ഡി., എ.ഡി., ഡയറ്റ് പ്രിൻസിപ്പൽ, കൈറ്റ് ജില്ലാ ഓഫീസർ, എസ്.എസ്.കെ. ജില്ലാ കോർഡിനേറ്റർമാർ, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ 7 ടീമുകൾ ഓരോ സ്‌കൂളുകളും സന്ദർശിച്ച് മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. ഡി.ഡി.ഇ. യ്ക്ക് ആവശ്യമെങ്കിൽ കൂടുതൽ ടീമുകളെ നിയോഗിക്കാം.