കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഭരിക്കുന്നത് മാര്‍ക്സിസ്റ്റ് ക്രിമിനലുകളും സിപിഎമ്മിന്റെ ഫ്രാക്ഷനും ചേര്‍ന്ന് : എംഎം ഹസന്‍

Spread the love

ജയില്‍ ഉപദേശക സമിതിയിലെ സിപിഎമ്മിന്റെ രാഷ്ട്രീയ പങ്കാളിത്തം അവസാനിപ്പിക്കണം.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഭരിക്കുന്നത് മാര്‍ക്സിസ്റ്റ് ക്രിമിനലുകളും സിപിഎമ്മിന്റെ ഫ്രാക്ഷനും ചേര്‍ന്നാണെന്നും ജയില്‍ ഉപദേശക സമിതിയിലെ സിപിഎമ്മിന്റെ രാഷ്ട്രീയ പങ്കാളിത്തം അവസാനിപ്പിക്കണമെന്നും മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

ജഡ്ജിയോ ഉന്നത പോലീസ് ഉദ്യോഗസ്ഥരോ ഉള്‍പ്പെടുത്തിയുള്ളതാകണം ജയില്‍ ഉപദേശക സമിതി. എന്നാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതിയില്‍ ഭൂരിഭാഗവും സിപിഎം നേതാക്കളാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് ജയില്‍ ഉദ്യോഗസ്ഥരുടെയോ തടവുകാരുടെയോ സഹായം കിട്ടിയിട്ടുണ്ട്. കുറച്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ട് കാര്യമില്ല. മുന്ന് മാസമെടുത്ത് തയ്യാറാക്കിയ ജയില്‍ ചാട്ടം കണ്ടെത്താന്‍ കഴിയാത്തത് ജയില്‍ വകുപ്പിന്റെ ഗുരുതര വീഴ്ചയാണ്. ജയിലില്‍ രാത്രികാല നിരീക്ഷണത്തിന്റെ അലംഭാവം പ്രകടമാക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടല്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടംഗ സമിതിയുടെ അന്വേഷണം ഒളിച്ചോട്ടമാണ്.ദ്രുതഗതിയുള്ള നടപടിക്ക് പകരം അന്വേഷണ പ്രഹസനങ്ങള്‍ നടത്തി ജനത്തെ പറ്റിക്കുകയാണ് പിണറായി സര്‍ക്കാരെന്നും എംഎം ഹസന്‍ പറഞ്ഞു.

തടവുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വലിയ വീഴ്ചയുണ്ടായി.ജയിലിലെ ക്യാമറകളും വൈദ്യുത ഫെന്‍സിങുകളും പ്രവര്‍ത്തന രഹിതമാണ്. പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 30 പ്രതികളാണ് ജയില്‍ ചാടിയത്. ഇതിലെല്ലാം എന്തു നടപടിയാണ് ആഭ്യന്തരവകുപ്പും ജയില്‍വകുപ്പും സ്വീകരിച്ചത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളാണ് കണ്ണൂര്‍ ജയില്‍ നിയന്ത്രിക്കുന്നത്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയും അത് ലംഘിക്കുകയും ചെയ്യുന്ന കുറ്റവാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി.അതിന്റെ ആനുകൂല്യം പറ്റിയത് കൊണ്ടാണ് ഗോവിന്ദച്ചാമിയെ പോലുള്ള കൊടുംകുറ്റവാളികള്‍ ജയില്‍ ചാടാന്‍ പ്രചോദനമായതെന്നും ഹസന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *