കന്യാസ്ത്രീകളുടെ അറസ്റ്റ്: കേരളത്തിന്റെ പ്രതിഷേധം ഗവര്‍ണ്ണര്‍ കേന്ദ്രത്തെ അറിയിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Spread the love

ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ കേരളത്തില്‍ ഉയരുന്ന ജനകീയ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ ഗവര്‍ണ്ണര്‍ അറിയിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചും ബിജെപി ഭരണകൂടത്തിന്റെ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരെയും കെപിസിസിയുടെ നേതൃത്വത്തില്‍ കെപിസിസി ആസ്ഥാനത്ത് നിന്നും രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ നടത്തത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുക ആയിരുന്നു അദ്ദേഹം.

വ്യാജ കുറ്റങ്ങളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ ചുമത്തിയത്. എഫ്‌ഐആര്‍ തിരുത്തി ഇല്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് അവര്‍ക്ക് ജാമ്യം നിഷേധിച്ചു.ബിജെപിയുടെ കിരാത ഭരണം നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി ഭരണഘടനാ വിരുദ്ധമാണ്. ഇതിനെ ന്യായീകരിക്കുകയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുകയും നിഷേധിക്കുകയും ചെയ്ത ബിജെപി സര്‍ക്കാരിന്റെ നടപടി ലജ്ജാകരമാണ്. ബംജ്‌റംഗ്ദളിന്റെ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തപ്പോള്‍ പോലീസ് കയ്യുംകെട്ടി നിന്നെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഇതിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാ മുന്നണിയുടെ എംപിമാര്‍ ലോക്‌സഭയിലും രാജ്‌സഭയിലും ശക്തമായ പ്രതിഷേധം ഉയര്‍ത്തി. കന്യാസ്ത്രീകളെ യുഡിഎഫ് എംപിമാരുടെ സംഘം ജയിലില്‍ സന്ദര്‍ശിക്കുകയും കള്ളക്കേസ് പിന്‍വലിക്കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും അതിന് അവര്‍ തയ്യാറായില്ല. അതിശക്തമായ പ്രതിഷേധം തുടര്‍ന്നും കോണ്‍ഗ്രസ് രാജ്യത്ത് ഉയര്‍ത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *