കേരളത്തിന്റെ പ്രതിഷേധം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കണം: വിഡി സതീശന്‍

Spread the love

കന്യാസ്ത്രീകളെ ജയിലിലടച്ച നടപടിക്കെതിരായ കേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയേയും ഛത്തീസ്ഗഢ് സര്‍ക്കാരിനെയും അറിയിക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഇനിയും വൈകരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജ്ഭവനിലേക്ക് നടന്ന പ്രതിഷേധ നടത്തം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

സാധാരണക്കാര്‍ക്ക് വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന കന്യാസ്ത്രീകളെയാണ് അകാരണമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍ ജയിലിലടച്ചത്.സംഘപരിവാര്‍ മതസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നു. അസഹിഷ്ണുതയാണ് അവരുടെ മുഖമുദ്ര. ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരം നിലനിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതിനിടെയാണ് ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെപ്പോലെ കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തി ബിജെപി നേതാക്കള്‍ കേക്ക് വിതരണം ചെയ്യുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തുപോയപ്പോള്‍ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കും സാധാരണക്കാര്‍ക്കും എന്തു സംഭവിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഛത്തീസ്ഗഢില്‍ നടക്കുന്നത്. ക്രൈസ്തവര്‍ക്ക് മതസ്വാതന്ത്ര്യവും പ്രാര്‍ത്ഥാന സ്വാതന്ത്ര്യവും നിഷേധിക്കുന്ന നാടായി നമ്മുടെ രാജ്യം മാറി. ഇത് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ത്തെന്നും വിഡി സതീശന്‍ പറഞ്ഞു.

ബിജെപി ഭരണത്തില്‍ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു. യുഡിഎഫിന്റെ എംപിമാരുടെയും എംഎല്‍എമാരുടെയും സംഘവും ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലും അവിടെ കന്യാസ്ത്രീകളെ സന്ദര്‍ശിച്ചു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടുന്നത് വരെ കോണ്‍ഗ്രസ് പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *