
തിരുവനന്തപുരം: ഛത്തീസ് ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനം ഏതുവിധത്തിലും തടയാനുള്ള ശ്രമമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നത് എന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കടുത്ത വകുപ്പുകൾ ഉൾപ്പെടുത്തി NIA കോടതിയിലേക്ക് മാറ്റുന്നതിനു പിന്നിൽ കന്യാസ്ത്രീകളുടെ മോചനം തടയാനുള്ള ഗൂഢാലോചനയാണ്. സേവനപ്രവര്‍ത്തനം നടത്തി വന്ന കന്യാസ്ത്രീകള്‍ക്കെതിരെ പരമാവധി ശക്തമായ വകുപ്പുകള്‍ ചുമത്തുന്നതിന് സര്‍ക്കാരും പോലീസും ബജ്രംഗ്ദളും ഒത്തുകളിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത്, മതം മാറ്റം തുടങ്ങിയ നിരവധി വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
ഈ കാരണം ചൂണ്ടാക്കാട്ടിയാണ് മജിസ്‌ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരിക്കുന്നത്. ഇതുമൂലം എന്‍എഐഎ കോടതിയിയെ സമീപിക്കാനാണ് നിര്‍ദേശം. പാവപ്പെട്ട മനുഷ്യര്‍ക്കു വേണ്ടി സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്തതിന് നല്‍കിയ പ്രതിഫലമാണിത്. ഇത് ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനെതിരെ മാത്രമല്ല, വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ലഭിക്കുന്ന ഈ പിന്നോക്ക മനുഷ്യര്‍ക്കതെിരെ കൂടിയുള്ള ആക്രമണമാണ്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘ് പരിവാര്‍ ശക്തികള്‍ സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന വ്യാപക ആക്രമണങ്ങളുടെയും പോലീസ് രാജിന്റെ ഇരകളാണ് ഈ കന്യാസ്ത്രീകള്‍. ളോഹ അടക്കമുള്ള തിരുവസ്ത്രങ്ങള്‍ അണിയുന്നവരെ ഉത്തരേന്ത്യയില്‍ ടാര്‍ഗറ്റ് ചെയ്തു നോട്ടപ്പുള്ളിയാക്കുകയാണ് സംഘ് പരിവാര്‍ ശക്തികള്‍.
ഇത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. കേരളത്തില്‍ തോളില്‍ കയ്യിടുകയും ഉത്തരേന്ത്യയില്‍ ചുട്ടുകൊല്ലുകയും ചെയ്യുന്ന സംഭവങ്ങള്‍ നാം പണ്ടേ കണ്ടതാണ്. ഇത്തരം വെറുപ്പുകള്‍ക്ക് ഇവിടെ ഇടമില്ല. ഇന്ത്യ എല്ലാവരുടേതുമാണ്. നാം ജനാധിപത്യ മതേതരത്വ രാഷ്ട്രമാണ്. അതാരും മറക്കരുത് – ചെന്നിത്തല പറഞ്ഞു.