പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം (01/08/2025).

നാളെ ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവും ഓഗസ്റ്റ് 22-ന് ഹെല്‍ത്ത് കോണ്‍ക്ലേവും സംഘടിപ്പിക്കും; സത്യം തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഡോ. ഹാരിസിനെതിരെ നടപടി എടുക്കാനുള്ള നീക്കത്തെ പ്രതിപക്ഷം എതിര്‍ക്കും; ഡോക്ടറെ ചേര്‍ത്ത് പിടിക്കുമെന്നു പറഞ്ഞ മന്ത്രിയാണ് എല്ലാ വൃത്തികേടുകള്‍ക്കും നേതൃത്വം നല്‍കുന്നത്? അധികാരത്തില്‍ ഇരിക്കുന്നത് എന്തും ചെയ്യാന്‍ മടിക്കാത്തവര്‍; കന്യാസ്ത്രീകള്‍ ജയിലായപ്പോള്‍ കേക്കുമായി പോയിരുന്നവരും കൈ മലര്‍ത്തുന്നു; ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ് കേക്കുമായി അരമനകളില്‍ എത്തിയിരുന്നതെന്ന് വൈദികരും ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം : യു.ഡി.എഫ് തീരുമാന പ്രകാരം ഓഗസ്റ്റ് രണ്ടിന്(നാളെ) തിരുവനന്തപുരത്ത് ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും. യു.ഡി.എഫ് നിയോഗിച്ച ഹെല്‍ത്ത് കമ്മിഷന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് കോണ്‍ക്ലേവ് ഓഗസ്റ്റ് 22 നും തിരുവനന്തപുരത്ത് നടക്കും. ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവില്‍ വിദ്യാഭ്യാസ വിചക്ഷണരും അക്കാദമിക് രംഗത്തെ പ്രമുഖരും മുന്‍ വി.സിമാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസരംഗം തകര്‍ച്ചയെ നേരിടുന്ന കാലഘട്ടത്തില്‍ ഗൗരവതരമായ ചര്‍ച്ചയാണ് സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പലായനവും കേരളത്തിലെ പല കോഴ്‌സുകളിലും വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതിനുള്ള കാരണങ്ങളും അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയാകും. കാലം മാറുന്നതിന് അനുസരിച്ച് അക്കാദമിക് രംഗത്തെ കരിക്കുലം മാറ്റം അനിവാര്യമാണ്. തൊഴില്‍ സ്വഭാവം മാറുന്നതിന് അനുസരിച്ച് എന്തൊക്കെ കോഴ്‌സുകളാണ് കൊണ്ടു വരേണ്ടതെന്നതു സംബന്ധിച്ചും ചര്‍ച്ച ചെയ്യും.
ഗവര്‍ണറും വി.സിമാരും സിന്‍ഡിക്കേറ്റും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന് ഇരകളാക്കപ്പെടുന്നത് സര്‍വകലാശാലകളും വിദ്യാര്‍ത്ഥികളുമാണ്. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അഴിമതികളും കാമ്പസുകളിലെ ജനാധിപത്യമില്ലായ്മയും ചര്‍ച്ച ചെയ്ത് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യും. സര്‍ക്കാര്‍ ചെയ്യുന്ന തെറ്റായ കാര്യങ്ങളെക്കാള്‍ പരിഹാരം കണ്ടെത്താനാണ് കോണ്‍ക്ലേവിലൂടെ ശ്രമിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് പ്രതിപക്ഷം മുന്‍കൈ എടുത്ത് ഗൗരവതരമായി ജനങ്ങളെ ബാധിക്കുന്ന ഉന്നതവിദ്യാഭ്യാസത്തിലും ആരോഗ്യ മേഖലയിലും കോണ്‍ക്ലേവ് നടത്തുന്നത്. ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് കമ്മിഷന്‍ വിശദമായ പഠനം നടത്തിയാണ് ഹെല്‍ത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവില്‍ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാര്‍ത്ഥികളും പങ്കെടുക്കും. വിദ്യാഭ്യാസ വിദഗ്ധര്‍ നേരിട്ടും ഓണ്‍ലൈനായും പങ്കെടുക്കും.
ആരോഗ്യവകുപ്പും മന്ത്രിയും പറഞ്ഞവാക്കിന് വിലയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. എപ്പോഴും നിലപാടിനെ കുറിച്ച് സംസാരിക്കുന്ന ആളാണ് ആരോഗ്യമന്ത്രി. മന്ത്രിയുടെ ആദ്യ നിലപാട് ഡോ. ഹാരിസിന് എതിരായിരുന്നു. അന്തരീക്ഷം മാറിയപ്പോള്‍ നിലപാട് മാറ്റി ഡോ. ഹാരിസിനെ ചേര്‍ത്ത് പിടിക്കുമെന്ന് പറഞ്ഞു. ഇപ്പോള്‍ ചേര്‍ത്ത് പിടിക്കുന്നതിന്റെ ഭാഗമായാണ് ഡോ. ഹാരിസിന് മെമ്മോ അയച്ചിരിക്കുന്നത്. അദ്ദേഹം കുറ്റകൃത്യം ചെയ്തുവെന്ന നിലയിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ പെരുമാറുന്നത്. ഇത് സര്‍ക്കാരിന്റെ നിലപാടില്ലായ്മയാണ്. സത്യം തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഡോക്ടര്‍ ക്രൂരിശിക്കപ്പെടുന്ന പരിതാപകരമായ അവസ്ഥയ്‌ക്കെതിരെ പ്രതിപക്ഷം ശക്തിയായി പ്രതികരിക്കും. അദ്ദേഹത്തിനെതിരെ നടപടി എടുക്കാനുള്ള തീരുമാനത്തെ എതിര്‍ക്കും. കേരളത്തിലെ ആരോഗ്യരംഗത്ത് നടക്കുന്ന സംഭവങ്ങള്‍ തുറന്നു പറഞ്ഞ ഡോക്ടറെ ബലിയാടാക്കരുത്. അദ്ദേഹത്തിന്റെ തുറന്നു പറച്ചിലിനെ ഗുണപരമായി ഉപയോഗിക്കാതെ വേട്ടയാടാനാണ് ശ്രമിക്കുന്നത്. ഇനി ഒരു ഡോക്ടറും വാ തുറക്കില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചേര്‍ത്ത് പിടിക്കുമെന്ന് പറഞ്ഞ മന്ത്രി എന്തിനാണ് വൃത്തികേടുകള്‍ക്ക് നേതൃത്വം നല്‍കുന്നത്? ഡോ. ഹാരിസിന് എതിരായ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വിവരാവകാശ നിയമ പ്രകാരം പോലും പുറത്തു വിട്ടിട്ടില്ല. സര്‍ക്കാര്‍ എല്ലാ വളച്ചൊടിച്ച് ഡോക്ടറെ മോഷണക്കുറ്റത്തില്‍ വരെ പെടുത്തിയിരിക്കുകയാണ്. എന്തും ചെയ്യാന്‍ മടിക്കാത്ത ആളുകളാണ് അധികാരത്തില്‍ ഇരിക്കുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം.
സത്യസന്ധനായ ഡോക്ടറെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണ്. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്തുന്നു. ഡോക്ടര്‍ക്കെതിരെ മോഷണക്കുറ്റം പോലും ചുമത്തിയിരിക്കുകയാണ്. എന്തും ചെയ്യാന്‍ മടിക്കാത്ത ആളുകളാണ്. സര്‍ജറിക്ക് പോകുന്ന ആള്‍ കത്രികയും നൂലും സൂചിയും വാങ്ങിക്കൊണ്ട് പോകേണ്ട സ്ഥിതിയിലാണ് കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും മാത്രം 1100 കോടി രൂപ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നല്‍കാനുണ്ട്. മുന്‍ വര്‍ഷങ്ങളിലെ പണവും കുടിശികയാണ്. അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട കമ്പനികളൊന്നും മരുന്ന് നല്‍കുന്നില്ല. നൂലും സൂചിയും പുറത്ത് നിന്നും വാങ്ങേണ്ട അവസ്ഥയിലാണ് സിസ്റ്റം മുഴുവനും.
കേരള സര്‍വകലാശാലയില്‍ നടന്ന നിസാര പ്രശ്‌നത്തിന്റെ പേരില്‍ മറ്റു സര്‍വകലാശാലകളില്‍ സമരം ചെയ്തത് എന്തിന് വേണ്ടിയായിരുന്നു? മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരാണ് മുന്‍കൈ എടുക്കേണ്ടത്. ആര്‍.എസ്.എസ് ജ്ഞാനസഭയില്‍ പങ്കെടുത്ത വി.സിമാരില്‍ രണ്ടു പേരെയും പിണറായി സര്‍ക്കാരാണ് നിയമിച്ചത്. ആര്‍.എസ്.എസുകാരെയാണ് പിണറായി സര്‍ക്കാര്‍ വി.സിമാരാക്കുന്നത്. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴാണ് ഗവര്‍ണറുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടാക്കുന്നത്.
ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ് കേക്കുമായി അരമനയില്‍ എത്തുന്നതെന്ന് 2023 -ലെ
ക്രിസ്മസ് കാലത്ത് പ്രതിപക്ഷം പറഞ്ഞതാണ്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ് കേക്കുമായി വന്നിരുന്നതെന്നും ഇനി ആരും കേക്കും കിരീടവുമായി വരേണ്ടെന്നും ഇപ്പോള്‍ വൈദികര്‍ തന്നെ പറഞ്ഞു. രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടക്കുകയാണ്. നിരവധി വൈദികരാണ് ജയിലിലായത്. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് വന്ദ്യവയോധികനും പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനുമായ സ്റ്റാന്‍സാമിയെ ജയിലില്‍ ചങ്ങലയ്ക്കിട്ട് കൊലപ്പെടുത്തിയത്. സഭാ വസ്ത്രങ്ങള്‍ അണിഞ്ഞ് കന്യാസ്ത്രീകള്‍ക്കോ വൈദികര്‍ക്കോ യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ് രാജ്യത്ത്. എന്നിട്ടാണ് കേരളത്തിലെ അരമനകളിലേക്ക് പോകുന്നത്. ഇവരുടെ സര്‍ക്കാരാണ് കന്യാസ്ത്രീകള്‍ക്കെതിരെ ഇല്ലാത്ത കേസെടുത്തതും എന്‍.ഐ.എയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടത്. കേക്കുമായി പോയവര്‍ ഇപ്പോള്‍ കൈ മലര്‍ത്തി കാട്ടുകയാണ്. ജയിലിലായ രണ്ട് കന്യാസ്ത്രീകളെ പുറത്തിറക്കാനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്. അല്ലാതെ എന്ത് രാഷ്ട്രീയമാണുള്ളത്? ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പറ്റി പണ്ട് ഞങ്ങള്‍ പറഞ്ഞത് ഒന്നുകൂടി ഓര്‍മ്മപ്പെടുത്തിയെന്നേയുള്ളൂ.
യു.ഡി.എഫ് എം.പിമാരുടെ രണ്ടാമത്തെ സംഘവും ഛത്തിസ്ഗഢില്‍ എത്തിയിട്ടുണ്ട്. നിയമസഹായം ഉള്‍പ്പെടെ നല്‍കുന്നുണ്ട്. മുന്‍ അഡ്വക്കേറ്റ് ജനറലാണ് കന്യാസ്ത്രീകള്‍ക്കു വേണ്ടി ഹാജരാകുന്നത്. ഛത്തീസ്ഗഢിലെ മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും ഒപ്പമുണ്ടായിരുന്നു. ഭൂപേഷ് ബാഗേലുമായി ഞാന്‍ ഫോണില്‍ സംസാരിച്ചു. നിയമപരമായ സഹായം കിട്ടുന്നതിനു വേണ്ടി അവരെല്ലാം ഒപ്പമുണ്ട്. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിലാണ് എം.പിമാര്‍ സമരം നടത്തുന്നത്. നിയമവിരുദ്ധമായ ഉത്തരവാണ് സെഷന്‍സ് കോടതി നല്‍കിയിരിക്കുന്നത്.
സ്‌കൂള്‍ അവധി മാറ്റുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ചയ്ക്ക് വച്ചതില്‍ തെറ്റില്ല. ചര്‍ച്ച ചെയ്‌തോട്ടെ. പക്ഷെ തീരുമാനം എടുക്കരുത്. അക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷം പറയും. എല്ലാവശങ്ങളും ആലോചിച്ച ശേഷമെ തീരുമാനം എടുക്കാനാകൂ.
വയനാട്ടില്‍ ലീഗ് പ്രഖ്യാപിച്ച നൂറ് വീടിന്റെ നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. വീട് നിര്‍മ്മാണം വൈകാന്‍ കാരണം സര്‍ക്കാരാണ്. സര്‍ക്കാരുമായി സഹകരിച്ച് ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. 9 മാസം കഴിഞ്ഞപ്പോഴാണ് സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനം പ്രഖ്യാപിച്ചത്. അത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും മുഖ്യമന്ത്രിയെ അറിയിച്ചു. കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടിന് സ്ഥലം ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പോലും സ്ഥലം ഏറ്റെടുക്കാന്‍ പത്ത് മാസമെടുത്തു. കോണ്‍ഗ്രസ് സ്ഥലം ഏറ്റെടുക്കാന്‍ രണ്ടോ മൂന്നോ മാസം വൈകിയപ്പോള്‍ അസ്വസ്ഥപ്പെടേണ്ട കാര്യമില്ല. കോണ്‍ഗ്രസും ലീഗും നൂറ് വീട് വീതം നിര്‍മ്മിച്ചു നല്‍കും. പിരിച്ച പണത്തിന്റെ കണക്ക് പാര്‍ട്ടി കമ്മിറ്റിയില്‍ വച്ചിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും ജോയിന്റ് അക്കൗണ്ടിലാണ് പണമെത്തിയത്. അതില്‍ നിന്നും ഒരു രൂപ പോലും എടുത്തിട്ടില്ല. യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ എത്തിയ പണവും പിന്‍വലിച്ചിട്ടില്ല. പക്ഷെ സര്‍ക്കാരിന്റെ പക്കലുള്ള 742 കോടി രൂപ വിനിയോഗിക്കാത്തത് എന്തുകൊണ്ടാണ്? വാടക പോലും നല്‍കുന്നില്ല. ചികിത്സാ സഹായം ഉള്‍പ്പെടെ ഒന്നും ചെയ്യുന്നില്ല. ദുരന്തത്തിന് ഇരയായത് 400 കുടുംബങ്ങളാണ്. ആ കുടുംബങ്ങളുടെ പട്ടിക ഉണ്ടാക്കാന്‍ പത്തു മാസമെടുത്ത സര്‍ക്കാരാണിത്. 2018-ല്‍ പറവൂര്‍ നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകള്‍ മുഴുവന്‍ മുങ്ങിപ്പോയി. 9000 വിദ്യാര്‍ത്ഥികളാണ് ഇരകളായത്. പത്ത് ദിവസം കൊണ്ടാണ് ദുരന്തബാധിതരുടെ പട്ടിക തയാറാക്കിയത്. 2000 വീടുകളാണ് അന്ന് പൂര്‍ണമായും തകര്‍ന്നത്. മൂവായിരത്തില്‍ അധികം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതിന്റെയൊക്കെ പട്ടിക പത്ത് ദിവസം കൊണ്ടാണ് തയാറാക്കിയത്. എന്നിട്ടാണ് വയനാട്ടില്‍ 400 വീടുകളുടെ കണക്ക് പത്ത് മാസം കൊണ്ട് തയാറാക്കിയത്. ആ പട്ടികയും തെറ്റായിരുന്നു. പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളില്‍ നടന്ന ദുരന്തത്തില്‍പ്പെട്ടവരുടെ പട്ടിക തയാറാക്കാന്‍ കഴിവില്ലാത്ത സര്‍ക്കാരാണിത്. നാട്ടുകാരുടെ 742 കോടി ഖജനാവില്‍ ഇട്ടിട്ട് ഒന്നും ചെയ്യാത്തത് മറച്ചു വയ്ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഒരു വീട് പോലും നിര്‍മ്മിച്ചിട്ടില്ല. ഒരു സ്വകാര്യ സ്വകാര്യ സംഘടന നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ ഞാനാണ് കൈമാറിയത്. എന്നിട്ടും ഈ സര്‍ക്കാരിന് ഒരു വീട് പോലും നിര്‍മ്മിക്കാനായിട്ടില്ല.