കെസിഎൽ പൂരത്തിന് ഇനി 19 നാൾ; ട്രോഫി ടൂര്‍ വാഹനത്തിന് കൊച്ചിയിൽ വൻ സ്വീകരണം

Spread the love

കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശത്തിൽ കൊച്ചി. രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂര്‍ വാഹന പര്യടനം ജില്ലയില്‍ പ്രവേശിച്ചു. ഉഷ്മള വരവേല്‍പ്പാണ് ജില്ലയിലെ കായിക പ്രേമികളും വിദ്യാര്‍ത്ഥികളും പൊതു സമൂഹവും ആദ്യ ദിനം നല്‍കിയത്. കെസിഎയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന ട്രോഫി ടൂര്‍ വാഹനം ജില്ലയില്‍ പര്യടനം തുടരുകയാണ്. ഇതിലൂടെ കൊച്ചിയിലെ നഗര-ഗ്രാമ മേഖലകളില്‍ ക്രിക്കറ്റിന്റെ ആവേശം അലയടിക്കും. കൊച്ചിയുടെ സ്വന്തം ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സും പ്രചാരണ പരിപാടികളുടെ ഭാഗമാണ്.

സംവിധായകനും മുൻ ബിഗ് ബോസ് താരവുമായ അഖിൽ മാരാർ,ശരത് (കൊച്ചി ബ്ലൂ ടൈഗേഴ്സ്), എറണാകുളം ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി- കാർത്തിക് വര്‍മ്മ, സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രറ്റേണിറ്റി – ട്രഷററും പ്രൊഡ്യൂസറുമായ സുദീപ് കാരാട്ട് എന്നിവർ പരിപാടിയിൽ സംസാരിച്ചു, സപ്പോർട്ടിംഗ് സ്റ്റാഫുകളും പരിശീലകരും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മാനേജ്‌മെന്റും ഇടപ്പള്ളി സെന്റ് ജോർജ്ജ് സ്കൂളില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളും ക്രിക്കറ്റ് പ്രേമികളും ചേര്‍ന്ന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ട്രോഫിക്കും പര്യടന വാഹനത്തിനും നല്‍കിയത്. ഓരോ കേന്ദ്രത്തിലും വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. എല്ലായിടത്തും വലിയ ആവേശത്തോടെയാണ് ആരാധകര്‍ പരിപാടിയില്‍ പങ്കെടുത്തത്. വരും ദിവസങ്ങളിലും പര്യടനം ജില്ലയിലെ പ്രമുഖ കേന്ദ്രങ്ങളിലൂടെ കടന്നുപോകും.

PGS Sooraj

Author

Leave a Reply

Your email address will not be published. Required fields are marked *