കേരള ഫിലിം പോളിസി കോൺക്ലേവിന് തുടക്കമായി.

മുഖ്യമന്ത്രിസാമൂഹിക പ്രതിബദ്ധയോടെ മണ്ണിലുറച്ച് നിന്ന് പുരോഗമന സ്വഭാവം പുലർത്തിയ ചരിത്രവും വർത്തമാനവുമാണ് മലയാള സിനിമയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘നല്ല സിനിമ, നല്ല നാളെ’ – കേരള ഫിലിം പോളിസി കോൺക്ലേവ് നിയമസഭ ശങ്കര നാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.പുരാണകഥകൾ പറഞ്ഞ് കാണിയെ സ്വപ്നസ്വർഗങ്ങളിലേക്കുയർത്തുന്നതിൽ മലയാള സിനിമ ഒതുങ്ങിയില്ല. മലയാള സിനിമയുടെ സർവതലസ്പർശിയായ വളർച്ചയ്ക്കും വികസനത്തിനുമായി സമഗ്രമായ ഒരു ചലച്ചിത്ര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഫിലിം പോളിസി കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. മറ്റു പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായിത്തീർന്ന കേരളത്തിന്റെയും, മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ചലച്ചിത്ര നയ രൂപീകരണവും അതിനായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ഈ കോൺക്ലേവും.1928 നവംബർ 7 ന് 
തിരുവനന്തപുരം കാപ്പിറ്റോൾ തിയേറ്ററിൽ പ്രദർശിപ്പിച്ച ജെ സി ഡാനിയേലിന്റെ ‘വിഗതകുമാര’നിൽ നിന്നാണ് മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത്. ആ തിരുവനന്തപുരം തന്നെ ഇത്തരമൊരു ഉദ്യമത്തിനും വേദിയാകുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. ‘വിഗതകുമാരൻ’ പ്രദർശിപ്പിക്കപ്പെട്ടതിനെ തുടർന്നുള്ള ഘട്ടങ്ങളിൽ അതിവേഗത്തിലുള്ള വളർച്ചയ്ക്കും വികാസത്തിനും മലയാള സിനിമ സാക്ഷ്യം വഹിച്ചു. 1927 ൽ ‘ജാസ് സിംഗർ’ എന്ന അമേരിക്കൻ ചിത്രത്തിലൂടെ ലോകസിനിമ സംസാരിച്ചു തുടങ്ങി കേവലം 11 വർഷം പിന്നിട്ടപ്പോൾ ‘ബാലൻ’ എന്ന ശബ്ദസിനിമ മലയാളത്തിലുണ്ടായി. കഴിഞ്ഞ ഒമ്പത് ദശകക്കാലത്തിനുള്ളിൽ കേരളം എന്ന ദേശത്തെ ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്താൻ മലയാള സിനിമയ്ക്കും ഇവിടുത്തെ ചലച്ചിത്ര പ്രതിഭകൾക്കും കഴിഞ്ഞിട്ടുണ്ട്. ഒട്ടനവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ മലയാള സിനിമ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് ഉയർന്ന സാക്ഷരത മാത്രമല്ല, ഉയർന്ന ദൃശ്യസാക്ഷരതയും ഉന്നതമായ ചലച്ചിത്ര ആസ്വാദനശേഷിയുമുള്ള നാടായി നമ്മുടെ കേരളം വിലയിരുത്തപ്പെടുന്നത്.കേരളത്തിന്റെ സാമൂഹിക പുരോഗതിയ്ക്കുവേണ്ട സാംസ്‌കാരിക ഊർജം പകരുന്നതിൽ മലയാള സിനിമ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ പല ഭാഷകളിലെയും സിനിമകൾ അതിന്റെ ശൈശവദശയിൽ പുരാണകഥകൾ പറഞ്ഞപ്പോൾ മലയാള സിനിമ ആദ്യ സിനിമയായ ‘വിഗതകുമാരനി’ലും ആദ്യ ശബ്ദസിനിമയായ ‘ബാലനി’ലും സാമൂഹികപ്രസക്തമായ പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. സ്വാധീനശക്തി കൂടിയ ബഹുജനമാധ്യമം എന്ന നിലയ്ക്ക് ഒരു പ്രബുദ്ധകേരളം പടുത്തുയർത്തുന്നതിൽ സിനിമയ്ക്ക് നിർണായകമായ പങ്കു വഹിക്കാനുണ്ടായിരുന്നു.
ചടങ്ങിൽ മോഹൻലാൽ, സുഹാസിനി, വെട്രിമാരൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, റസൂൽ പൂക്കുട്ടി, സയീദ് അക്തർ മിർസ എന്നിവരെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ,മന്ത്രിമാരായ വി ശിവൻകുട്ടി, വീണാ ജോർജ്, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ,ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ മധു, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, നിഖില വിമൽ, പത്മപ്രിയ, സന്തോഷ് ടി കുരുവിള, ഗോൾഡ സെല്ലം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവർ സംബന്ധിച്ചു. ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി എസ് പ്രിയദർശനൻ നന്ദി അറിയിച്ചു. വിവിധ സെഷനുകളിലായി വ്യത്യസ്ത വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഓഗസ്റ്റ് 3 ന് കോൺക്ലേവ് സമാപിക്കും.