ക്രിപ്റ്റോകറൻസികൾ, പ്രത്യേകിച്ചും ബിറ്റ്കോയിന്റെ ഓൺ-ചെയിൻ വേഗത, ലോകത്തിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുമ്പോൾ, ഇന്ത്യയിൽ മറ്റൊരു ഡിജിറ്റൽ തരംഗത്തിന് രൂപരേഖകൾ തെളിഞ്ഞു വരുന്നു.
ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൂടെ നാം ജീവിക്കുമ്പോൾ, പ്രത്യേകിച്ച് ധനകാര്യ ലോകത്ത്, വലിയ മാറ്റങ്ങൾ പലപ്പോഴും മുഖ്യധാരാ വാർത്തകളിൽ ഇടം നേടുന്നില്ല. എങ്കിലും നമ്മൾ ഒരു പുതിയ ആവേശകരമായ വഴിത്തിരിവിലാണ്. അത്ര ശ്രദ്ധേയമായി തോന്നില്ലെങ്കിലും, പണത്തിന്റെ തന്നെ വിപ്ലവകരമായ മാറ്റമായ “ഈ -രൂപയ്ക്ക്” അഥവാ ഡിജിറ്റൽ കറന്സിക്ക് ഒരു സമാന്തര ഹൈവേ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നത് നിസ്സാര കാര്യമല്ല.
ഒരു സെൻട്രൽ ബാങ്ക്, ഡിജിറ്റൽ രൂപത്തിൽ നൽകുന്ന നിയമപരമായ ടെൻഡറായി e₹ (ഈ റുപീ) പ്രാബല്യത്തിൽ വന്നുകൊണ്ടിരിക്കുന്നു. ക്രമേണ ഇന്ത്യയിലെ പ്രധാന ബാങ്കുകൾ, അവരുടെ കസ്റ്റമേഴ്‌സിലേക്കു ഇതിന്റെ വിവരങ്ങൾ പങ്കിട്ടുകൊണ്ട് നമ്മുടെ പണമിടപാടുകളിൽ നമുക്ക് അവബോധം വരുത്തുന്നത് വഴി, നമ്മുടെ ഏറ്റിഎം, ക്രെഡിറ്റ് കാർഡുകൾ പോലെ സാർവത്രികമാക്കിയേക്കും.
കറൻസിയുടെ മൂല്യത്തിന്റെ ഒരു പുതിയ രൂപം രഹസ്യമായി ഇന്ത്യൻ വാലറ്റുകളിലേക്ക് കടന്നുവരുന്നു. ഇത് കോഡ് ചെയ്തതും, പരമാധികാരമുള്ളതും, പ്രോഗ്രാം ചെയ്യാവുന്നതുമാണ്. ഇത് നമ്മുടെ കറൻസി എന്ന ആശയത്തെ തന്നെ പരിവർത്തനം ചെയ്യുന്നു. ഈ മാറ്റം കേവലം സൗകര്യത്തിനപ്പുറം നമ്മുടെ സാമ്പത്തിക ഭാവിയുടെ നിയന്ത്രണം പിടിച്ചെടുക്കുന്ന ഒരു പ്രക്രിയ ആയിരിക്കുമെന്ന് ഊഹിക്കാമോ? ഇന്ത്യ നേതൃത്വം ഏറ്റെടുക്കുക മാത്രമല്ല; ധനകാര്യത്തിന്റെ അടുത്ത യുഗത്തിനായുള്ള അടിത്തറ തന്നെ ധൈര്യത്തോടെ നിർമ്മിക്കുകയാണ്. ആവേശകരമായ സമയങ്ങൾ മുന്നിലാണ്!
ഒരു കാര്യം അറിഞ്ഞിരിക്കണം,
2022 നവംബറിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അതിന്റെ മൊത്തവ്യാപാര സിബിഡിസി (സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി) പൈലറ്റ് ആരംഭിച്ചു. ഒരു മാസത്തിനുശേഷം, റീട്ടെയിൽ സിബിഡിസി പൈലറ്റ് പിന്തുടർന്നു. പരിമിതമായ ഉപയോഗ കേസുകളിൽ ആരംഭിച്ചത്, അത് വിപുലീകരിക്കാൻ കഴിയുമെന്ന് പെട്ടെന്ന് തെളിയിച്ചു.
2023 ഡിസംബറോടെ, ഇന്ത്യ പ്രതിദിനം 1 ദശലക്ഷത്തിലധികം റീട്ടെയിൽ സിബിഡിസി ഇടപാടുകൾ രേഖപ്പെടുത്തി. 2025 മാർച്ചോടെ, 17 ബാങ്കുകളിലായി 1,016 കോടിയിലധികം രൂപ മൂല്യമുള്ള ഡിജിറ്റൽ രൂപ പ്രചാരത്തിലുണ്ടായിരുന്നു, കൂടാതെ 60 ലക്ഷത്തിലധികം വ്യക്തികൾ ഉപയോഗിച്ചു. റീട്ടെയിൽ വിപണനത്തെ പിന്തുണയ്ക്കുന്നതിനായി മൊബിക്വിക്, സിആർഇഡി, യെസ് ബാങ്ക് തുടങ്ങിയ പുതിയ ഇടപാട് ഏജൻസികളെയും ഉൾപ്പെടുത്തി.
ഇത് വെറുമൊരു ഡിജിറ്റൽ വാലറ്റ് മാത്രമല്ല. അളവ്, സുരക്ഷ, കൃത്യത എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത ഒരു സോവറിൻ ഡിജിറ്റൽ പണമാണ് ആർബിഐ പുറത്തിറക്കി പരീക്ഷിച്ചു വിജയിച്ചുകൊണ്ടിരിക്കുന്നത്. ഇ-രൂപ, പേപ്പർ പണത്തെപ്പോലെയാണ് പ്രവർത്തിക്കുന്നത്, പക്ഷേ. എവിടെ, എങ്ങനെ, എപ്പോൾ ഉപയോഗിക്കണമെന്ന് നിയന്ത്രിക്കാൻ ഇത് പ്രോഗ്രാം ചെയ്യാൻ കഴിയും.
അടിസ്ഥാന അറിവിലേക്ക് പറയട്ടെ, ഇ₹ വാലറ്റ് എന്താണ്? ഇ₹ വാലറ്റ് എന്നത് ഒരാളുടെ മൊബൈൽ ഫോണിലോ ഉപകരണത്തിലോ കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും കഴിയുന്ന ഒരു ഡിജിറ്റൽ വാലറ്റാണ്. സാധാരണ പേപ്പർ കറൻസി സംഭരിക്കുന്ന പഴ്‌സ് പോലെ തന്നെ, ഇ₹ വാലറ്റിലും ഡിജിറ്റൽ രൂപ സംഭരിക്കുന്ന വ്യവസ്ഥയാണ്. റീട്ടെയിൽ സിബിഡിസി പൈലറ്റിന്റെ ഭാഗമായ ബാങ്കുകളും നോൺ-ബാങ്കുകളും നിലവിൽ ഇ₹ വാലറ്റുകൾ നൽകുന്നുണ്ട്.
ഒരു ഇ-വാലറ്റ് സുരക്ഷിതമാണോ?
അതെ, ശരിയായി ഉപയോഗിക്കുമ്പോൾ തികച്ചും ലളിതവും ഭദ്രവുമാണ്. മികച്ച പ്ലാസ്റ്റിക് ക്രെഡിറ്റ് കാർഡുകൾ, പണം, ചെക്കുകൾ, മറ്റ് തരത്തിലുള്ള ഫിസിക്കൽ പേയ്‌മെന്റുകൾ എന്നിവയെക്കാളും ഡിജിറ്റൽ വാലറ്റുകൾ കൂടുതൽ സുരക്ഷിതമാണ്. ഹാക്ക് ചെയ്യാതെ ഭദ്രമാക്കി സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
2024 സെപ്റ്റംബറിൽ ഒഡീഷയിൽ ആരംഭിച്ച സുഭദ്ര യോജന എടുക്കുക. ഡിജിറ്റൽ രൂപയിലുള്ള 10,000 രൂപ നേരിട്ട് 12,000 സ്ത്രീകൾക്ക് കൈമാറി; തൽക്ഷണം, സുരക്ഷിതമായി, ചോർച്ചയില്ലാതെ. ഇടനിലക്കാർ ഇല്ലാതെ, സെറ്റിൽമെന്റ് കാലതാമസമില്ല, അനിശ്ചിതത്വവുമില്ല. വളരെ വേഗം ഇടപാടുകൾ നടന്നു.
ഇത് വേഗത്തിലുള്ള ക്ഷേമ വിതരണം മാത്രമായിരുന്നില്ല. പ്രാവർത്തികമായി ഡിജിറ്റൽ ഉത്തരവാദിത്തം എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു തത്സമയ പ്രകടനമായിരുന്നു അത്. സിബിഡിസിയിൽ, സർക്കാർ പണം വിതരണം ചെയ്യുക മാത്രമല്ല, അത് പ്രത്യേക ഉദ്ദേശ്യത്തോടെ പണം വിതരണം ചെയ്യപ്പെടുകയായിരുന്നു. സ്കോളർഷിപ്പുകൾ മുതൽ സബ്സിഡികൾ വരെയുള്ള പദ്ധതികളിലുടനീളം ഇത് സ്റ്റാൻഡേർഡ് ആയിക്കഴിഞ്ഞാൽ, ഭരണത്തിന്റെ സ്വഭാവം തന്നെ രൂപാന്തരപ്പെടും.
130-ലധികം രാജ്യങ്ങൾ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ പര്യവേക്ഷണം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ, യുഎഇയുമായും ആസിയാൻ അംഗങ്ങളുമായും ഓഫ്‌ലൈൻ പേയ്‌മെന്റുകൾ, ഇന്റർബാങ്ക് സെറ്റിൽമെന്റ്, അതിർത്തി കടന്നുള്ള നിയന്ത്രിത ഓപ്പറേഷനുകൾ എന്നിവ ഇതിനകം തത്സമയം പരീക്ഷിച്ചുവരികയാണ്.
ഇതുമൂലം നിക്ഷേപകർക്കുള്ള പ്രത്യാഘാതങ്ങൾ പല വിധത്തിലായിരിക്കും.
വിപണി പങ്കാളികൾക്ക്, സോവറിൻ ഡിജിറ്റൽ പണത്തിലേക്കുള്ള മാറ്റം സാങ്കേതികം മാത്രമല്ല,അത് പൂർണ്ണമായും സുതാര്യവുമായിരിക്കും . കമ്പനികൾ പേയ്‌മെന്റുകൾ നടത്തുന്നതും സ്വീകരിക്കുന്നതും എങ്ങനെയെന്ന് നിരീക്ഷിക്കാൻ പുനർരൂപകൽപ്പന ചെയ്യപ്പെടും. ഏത് ഫിൻടെക് അഭിവൃദ്ധി പ്രാപിക്കുന്നുവെന്നും ഏതൊക്കെ തകരുന്നുവെന്നും വേഗം കണ്ടെത്താമെന്നും പറയപ്പെടുന്നു. ബാങ്കിംഗ്, മൈക്രോഫിനാൻസ്, റെഗുലേറ്ററി കംപ്ലയൻസ് എന്നിവയുടെ പിന്നാമ്പുറങ്ങളിൽ കൃത്യത ഉണ്ടാവും.
ധനകാര്യത്തിന്റെ ഭാവി, കൂടുതൽ ശുദ്ധവും, ബുദ്ധിപരവും, മൂല്യം എങ്ങനെ ഒഴുകുന്നു എന്നതിനെ നിശബ്ദമായി വീക്ഷിക്കുന്നതുമായിരിക്കും.
ഇന്ത്യയുടെ പണ ഘടനയുടെ തന്ത്രപരമായ പരിണാമമാണ് ഡിജിറ്റൽ രൂപ. ഇത് നയങ്ങൾ, നിക്ഷേപകർ, പോർട്ട്‌ഫോളിയോകൾ, പണമിടപാടിന്റെ മറ്റു പ്ലാറ്റ്‌ഫോമുകൾ എന്നിവയെ സ്വാധീനിക്കും. ധനകാര്യ പ്രൊഫഷണലുകൾ ഇത് അവഗണിക്കുകയാണെങ്കിൽ, ഉപരിതലത്തിനടിയിൽ സ്ഥാപിക്കപ്പെടുന്ന പുതിയ പാതകൾ അവർക്ക് നഷ്ടമാകും. എന്നാൽ അവർ അത് മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്താൽ, പണം നയിക്കുന്ന ദിശയിൽ തന്നെ നിക്ഷേപിക്കാൻ പുതിയ വീഥികൾ തുറക്കപ്പെടും..