തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് പല ഘട്ടങ്ങളിലായി നടന്നു വരുന്നത്. ഇവ സമയബന്ധിതമായി പൂര്‍ത്തിയാത്താന്‍ മന്ത്രിമാര്‍ നിര്‍ദേശം നല്‍കി.
സര്‍ജിക്കല്‍ ബ്ലോക്ക് പൂര്‍ണമായി സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കി. ഓപ്പറേഷന്‍ തീയറ്റര്‍ സെപ്റ്റംബര്‍ പകുതിയോടെ സജ്ജമാകും. റേഡിയോ ഡയഗ്നോസ്റ്റിക്‌സ് മെഷീനുകള്‍ സിടി സ്‌കാനര്‍ ഒഴികെ സജ്ജമാക്കി. സി.എസ്.എസ്.ഡി.യിലേക്കുള്ള മെഷീനുകള്‍ ഷിഫ്റ്റ് ചെയ്തു. ലാബ് ഓട്ടോമെഷീനോട് കൂടിയ പുതിയ ലാബ് സജ്ജമാക്കാന്‍ തീരുമാനിച്ചു. പൊതുവിലുള്ള സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം യഥാസമയം പൂര്‍ത്തിയാക്കണം. വൈദ്യുതി പ്രശ്‌നം ഒഴിവാക്കുന്നതിന് കെഎസ്ഇബിയുടെ അഭിപ്രായം തേടണം.
കാര്‍ഡിയോളജി ബ്ലോക്ക് നിര്‍മ്മാണം പുരോഗമിക്കുന്നു. 3 ഓപ്പറേഷന്‍ തീയറ്റുകള്‍ തയ്യാറാക്കും. ഉപകരണങ്ങള്‍ വാങ്ങാനുള്ള നടപടി വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി. ഇന്‍ഫെക്ഷ്യസ് ഡിസീസ് ബ്ലോക്ക് ആദ്യഘട്ടം ഡിസംബറോടെ പൂര്‍ത്തിയാക്കാന്‍ കഴിയും. പുതിയ ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, കിഫ്ബി, പിഡബ്ല്യുഡി ഉന്നത ഉദ്യോഗസ്ഥര്‍, നിര്‍വഹണ ഏജന്‍സികള്‍, മറ്റ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.