കെസിഎൽ സീസൺ2- കളിക്കളത്തിൽ കരുത്ത് കാട്ടാൻ കൊച്ചിയുടെ നീലക്കടുവകൾ

Spread the love

സഞ്ജുവെന്ന കരുത്തിനൊപ്പം പരിചയ സമ്പന്നരും യുവനിരയുമടങ്ങുന്ന സംതുലിതമായൊരു ടീമാണ് ഇത്തവണ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റേത്. മികച്ച താരങ്ങളുമായി വ്യക്തമായ തയ്യാറെടുപ്പുകളോടെയാണ് കൊച്ചി ഇത്തവണ രണ്ടാം സീസണെത്തുന്നത്.

സാലി വിശ്വനാഥ് നയിക്കുന്ന ടീമിൻ്റെ പ്രധാന പ്രതീക്ഷ സഞ്ജു സാംസണെ ചുറ്റിപ്പറ്റി തന്നെയാണ്.ചെലവഴിക്കാവുന്ന ആകെ തുകയുടെ പകുതിയിലധികം മുടക്കിയാണ് ടീം സഞ്ജുവിനെ സ്വന്തമാക്കിയത്. സഞ്ജുവിൻ്റെ വരവ് ബാറ്റിങ് നിരയുടെ കരുത്ത് ഇരട്ടിയാക്കിയിട്ടുണ്ട്. സഞ്ജുവിനൊപ്പം തക‍ർത്തടിക്കാൻ കെല്പുള്ള യുവതാരങ്ങൾ ഒട്ടേറെയുണ്ട്. ഒപ്പം ഓൾ റൗണ്ട് മികവും മികച്ച ബൗള‍മാരും ഉള്ള ടീമാണ് ഇത്തവണ കൊച്ചിയുടേത്.

കഴിഞ്ഞ തവണ ടീമിനായുള്ള റൺവേട്ടയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജോബിൻ ജോബി ഇത്തവണയും കൊച്ചിക്കൊപ്പമുണ്ട്. നിഖിൽ തോട്ടത്ത്, വിപുൽ ശക്തി, ആൽഫി ഫ്രാൻസിസ് ജോൺ തുടങ്ങിയവ‍‍ർ ബാറ്റിങ് നിരയിലുണ്ട്. മികച്ച ഓൾറൗണ്ട‍ർമാരുടെ നീണ്ട നിരയാണ് ടീമിൻ്റെ പ്രധാന കരുത്ത്. വിനൂപ് മനോഹരൻ, കെ ജെ രാകേഷ്, ജെറിൻ പി എസ്, അഖിൽ കെ ജി, മൊഹമ്മദ് ആഷിക് തുടങ്ങിയവരാണ് ഓൾ റൗണ്ട‍ർമാർ. വേഗം കൊണ്ട് വിസ്മയിപ്പിക്കുന്ന കെ എം ആസിഫും അഖിൻ സത്താറുമാണ് പേസ് ബൗളിങ് നിരയിലുള്ള പ്രമുഖ താരങ്ങൾ. വിനൂപ് മനോഹരനും ജെറിനും കെ ജെ രാകേഷിനുമൊപ്പം എൻ അഫ്രാദും അടങ്ങുന്ന സ്പിൻ നിരയും ശക്തം.

മുൻകേരള താരവും ഇന്ത്യൻ അണ്ട‍ർ 19 ടീമംഗവുമായ റൈഫി വിൻസെൻ്റ് ഗോമസാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ഹെഡ് കോച്ച്. പോണ്ടിച്ചേരി ടീമിൻ്റെ രഞ്ജി കോച്ചായും ടീം സെലക്ടറായും പ്രവർത്തിച്ചിട്ടുള്ള റൈഫി,
രാജസ്ഥാൻ റോയൽസിൻ്റെ ഹൈ പെ‍ർഫോമൻസ് കോച്ചുമായിരുന്നു. മുൻ രഞ്ജി താരം സി എം ദീപക്കാണ് കോച്ചിങ് ഡയറക്ട‍ർ. എ ടി രാജാമണി, സനുത് ഇബ്രാഹിം, എസ് അനീഷ് എന്നിവരാണ് മറ്റ് പരിശീലക‍ർ. റോബർട്ട് ഫെർണാണ്ടസ്, ഉണ്ണികൃഷ്ണൻ, ക്രിസ്റ്റഫ‍ർ ഫെ‍ർണാണ്ടസ്, സജി സോമസുന്ദരം, ഗബ്രിയേൽ ബെൻ, മാത്യു ചെറിയാൻ എന്നിവരും സപ്പോർട്ട് സ്റ്റാഫായി ടീമിനൊപ്പമുണ്ട്.

ടീമംഗങ്ങൾ – സാലി വിശ്വനാഥ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, വിനൂപ് മനോഹരൻ, കെ ജെ രാകേഷ്, അഖിൻ സത്താ‍ർ, കെ എം ആസിഫ്, നിഖിൽ തോട്ടത്ത്, ജെറിൻ പി എസ്, ജോബിൻ ജോബി, ആതിഫ് ബിൻ അഷ്റഫ്, അജീഷ് കെ, മുഹമ്മദ് ഷാനു, വിപുൽ ശക്തി, അഫ്രാദ് എൻ, മുഹമ്മദ് ആഷിക്, ആൽഫി ഫ്രാൻസിസ് ജോൺ, അഖിൽ കെ ജി.

PGS Sooraj

Author

Leave a Reply

Your email address will not be published. Required fields are marked *