ഒരാള്‍ക്ക് ഒരു വോട്ടെന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന സത്വത്തെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെ ഗൂഢനീക്കത്തിന്റെ ഭാഗമാണ് വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

വോട്ടര്‍പ്പട്ടികയില്‍ കൃത്രിമം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനാനുവാദം നല്‍കി. സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഏജന്‍സിയായാണ് പ്രവര്‍ത്തിക്കുന്നത്. വോട്ട് കൊള്ളയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടത്തിനെതിരെ പ്രതികാര ബുദ്ധിയോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറുന്നത്.
വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടുകള്‍ തെളിവുസഹിതം രാഹുല്‍ ഗാന്ധി ഉന്നയിച്ചിട്ടും അതിന് മറുപടി നല്‍കാത്ത നിഷേധാത്മക നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെത്. ഉന്നയിച്ച ആരോപണങ്ങള്‍ തെളിവുസഹിതം രാഹുല്‍ ഗാന്ധി സത്യവാങ്മൂലം നല്‍കിയെങ്കില്‍ മാത്രമെ അന്വേഷിക്കൂയെന്ന് നിലപാടെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍, സത്യപ്രസ്താവന പോലും ചോദിക്കാതെ ശകുന്‍ റാണിയെന്ന വോട്ടറുടെ മൊഴി സ്വീകരിച്ച് അദ്ദേഹത്തിന് നോട്ടീസ് അയച്ചത് ഇരട്ടത്താപ്പാണ്.
രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളെ തള്ളാനാണ് ശകുന്‍ റാണിയുടെ മൊഴിയെ കമ്മീഷന്‍ മുഖവിലയ്‌ക്കെടുത്തത്. ശകുന്‍ റാണി ഇരട്ടവോട്ട് ചെയ്‌തെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല. അതേസമയം ഇവരുടെ പേരിലുള്ള രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആദ്യ വോട്ട് ശകുന്‍ റാണിയെങ്കില്‍ രണ്ടാമത്തെ വോട്ട് രേഖപ്പെടുത്തിയത് ആരാണെന്ന് പരിശോധിക്കണമെന്നാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആക്ഷേപം. കൂടാതെ പതിനായിരത്തിലേറെ വ്യാജ വോട്ടര്‍മാര്‍, തെറ്റായ മേല്‍വിലാസം തുടങ്ങിയ ആക്ഷേപങ്ങളു രാഹുല്‍ ഗാന്ധി ഉന്നയിച്ചിട്ടും അതിനൊന്നിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കുന്നില്ല.
പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്ലെന്ന് പഴഞ്ചൊല്ല് ശരിവെയ്ക്കുകയാണ് രാഹുല്‍ ഗാന്ധി പുറത്തുവിട്ട വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൗനസമ്മതത്തോടെ ഈ തട്ടിപ്പ് ബിജെപി കൂറെനാളുകളായി നടത്തിവരുകയാണ്. വോട്ടിംഗ് പ്രക്രിയയിലെ നടത്തിപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പലഘട്ടത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തി. അന്നൊന്നുമത് പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറായില്ല. ഇലക്ട്രോണിക്‌സ് വോട്ടേഴ്‌സ് ലിസ്റ്റ്, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ചോദിച്ചിട്ടും കമ്മീഷന്‍ നല്‍കിയില്ല. കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് കമ്മീഷന് പരിശോധിക്കാവുന്നതായിട്ടും അതിന് അവര്‍ തയ്യാറാകുന്നില്ല. പകരം പരാതി ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ പ്രതിയാക്കാനാണ് ശ്രമം.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യതയും പവിത്രതയും കളങ്കപ്പെടുത്തുന്ന ഒന്നാണ് വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട്. മൗലികാവകാശമായ വോട്ട് അവകാശം സംരക്ഷിക്കുന്നതിന് രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്താഗതികള്‍ക്കും അതീതമായി എല്ലാ വോട്ടര്‍മാരും അണിനിരക്കണമെന്നും ഹസന്‍ പറഞ്ഞു.
വോട്ടര്‍പ്പട്ടികയില്‍ കൃത്രിമം നടത്തി അധികാരത്തിലെത്തിയ സര്‍ക്കാരാണ് ബിജെപിയുടേയത്. അതിനാലാണ് അവര്‍ ഇതിനെ ന്യായീകരിക്കുന്നത്.ജനാധിപത്യത്തെ അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ രോഷം ജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ട്. മതേതരത്വത്തെ തകര്‍ക്കാന്‍ ബിജെപി നടത്തിയ വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പോരാട്ടങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണ ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാന്‍,അദ്ദേഹം തുടങ്ങിവെച്ച ഈ പോരാട്ടത്തിനും രാജ്യത്തെ മതേതരത്വ ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടര്‍മാരും നല്‍കുമെന്നും ഹസന്‍ പറഞ്ഞു.
——