ഒരു മാസത്തിനുള്ളിൽ ശേഖരിച്ചത് 33,945 കിലോ
അടുത്ത മാസം മുതൽ പഞ്ചായത്തുകളിലുംസംസ്ഥാനത്തെ നഗരസഭകളിൽ ഹരിതകർമസേന തുടക്കം കുറിച്ച ഇ-മാലിന്യ ശേഖരണത്തിന് മികച്ച പ്രതികരണം. ഒരു മാസം മുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ ശേഖരിച്ചത് 33945 കിലോ ഇ-മാലിന്യം. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ഇ-മാലിന്യം ശേഖരിച്ചത് – 12261 കിലോ.
ഇ-മാലിന്യം ഹരിതകർമസേനയ്ക്ക് കൈമാറുമ്പോൾ വരുമാനവും ലഭിക്കുന്നു. അപകടകരമല്ലാത്ത ഇലക്ട്രോണിക്- ഇലക്ട്രിക്കൽ ഗണത്തിൽപെടുന്ന 44 ഇനങ്ങളാണ് ഹരിത കർമസേന വില നൽകി ശേഖരിക്കുന്നത്. കിലോഗ്രാം നിരക്കിലാണ് വില. ഇ-മാലിന്യത്തിന് പകരമായി ഹരിതകർമസേന വീടുകൾക്ക് ഇതുവരെ നൽകിയത് 2,63,818.66 രൂപയാണ്. നിലവിൽ നഗരസഭകളിൽ നടപ്പാക്കുന്ന പദ്ധതി അടുത്ത മാസത്തോടെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, മിക്‌സർ ഗ്രൈൻഡർ, ഫാൻ, ലാപ്‌ടോപ്, കമ്പ്യൂട്ടർ, മോണിറ്റർ, മൗസ്, കീബോർഡ്, എൽസിഡി മോണിറ്റർ, എൽസിഡി/എൽഇഡി ടെലിവിഷൻ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, അയൺ ബോക്‌സ്, മോട്ടോർ, മൊബൈൽ ഫോൺ, ടെലിഫോൺ, റേഡിയോ, മോഡം, എയർ കണ്ടീഷണർ, ബാറ്ററി, ഇൻവർട്ടർ, യുപിഎസ്, സ്റ്റെബിലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂളർ, ഇൻഡക്ഷൻ കുക്കർ, എസ്എംപിഎസ്, ഹാർഡ് ഡിസ്‌ക്, സിഡി ഡ്രൈവ്, പിസിബി ബോർഡുകൾ, സ്പീക്കർ, ഹെഡ്‌ഫോണുകൾ, സ്വിച്ച് ബോർഡുകൾ, എമർജൻസി ലാമ്പ് തുടങ്ങിയവ ഹരിതകർമസേനയ്ക്ക് കൈമാറാം.